ജോണി-നായക സിംഹാസനം നഷ്ടമാക്കിയത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളും അശ്വരഥവും-

 

1980 ഡിസംബര്‍ 25 ന് ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളും ഐ.വി.ശശിയുെട അശ്വരഥവും റിലീസായിരുന്നില്ലെങ്കില്‍ മലയാള സിനിമയുടെ നായക നിരയില്‍ ജയന് ശേഷം ആര് എന്ന ചോദ്യത്തിന് ജോണി എന്നാകുമായിരുന്നു ഉത്തരം.

1974 ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ നിന്നും 3 ഗോള്‍ഡ് മെഡലുകള്‍ നേടി പാസായ രവിഗുപ്തനാണ് ജോണിയെ നായകനാക്കി ആദ്യ സിനിമ ചെയ്തത്.

ഹിന്ദിയിലെ പ്രശസ്ത സംവിധായകരായ പ്രകാസ് മെഹ്‌റ, ബസു ചാറ്റര്‍ജി, രാജ് സിപ്പി എന്നിവരുടെ സഹായിയായി മുക്കന്തര്‍ കാ സിക്കന്തര്‍, ഇന്‍കാര്‍, ചക്രവ്യൂഹ് എന്നീ സിനിമകളില്‍ പ്രവര്‍ത്തിച്ച പാലക്കാട് സ്വദേശി രവിഗുപ്തനെ സംവിധായകനായി മലയാളത്തില്‍ പരിചയപ്പെടുത്തിയത് നാന സിനിമ വാരിക ഉള്‍പ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളുടെ ഉടമയും വ്യവസായ പ്രമുഖനുമായ എ.കൃഷ്ണസ്വാമി റെഡ്യാര്‍.

1979 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത രാധ എന്ന പെണ്‍കുട്ടി വലിയ വിജയമായതോടെ രണ്ടാമതൊരു സിനിമ നിര്‍മ്മിക്കാന്‍ റെഡ്യാര്‍ തീരുമാനിച്ചു.

സ്വന്തം നാട്ടുകാരനും നിത്യവസന്തം, അഗ്നിപര്‍വ്വതം, രജനീഗന്ധി എന്നീ സിനിമകളിലെ സുമുഖനായ വില്ലനെ അവതരിപ്പിച്ച് ശ്രദ്ധ നേടുകയും ചെയ്ത ജോണിയെ റെഡ്യാര്‍ക്ക് ബോധിച്ചു.

മികച്ച നിലയില്‍ സിനിമയുടെ സാങ്കേതിക കാര്യങ്ങളില്‍ വിജയം നേടിയ രവിഗുപ്തനെ അടുത്ത സിനിമയുടെ സംവിധായകനാക്കി.

അന്നത്തെ നടന്‍ പി.കെ.ഏബ്രഹാം എഴുതിയ ഒരു തിരക്കഥ നേരത്തെ അദ്ദേഹം കൃഷ്ണസ്വാമി റെഡ്യാരെ വായിച്ചുകേള്‍പ്പിച്ചിരുന്നു.

വളരെ രസകരമായ ഒരു ത്രില്ലര്‍ സിനിമ. അങ്ങനെയാണ് നട്ടുച്ചക്കിരുട്ട് എന്ന സിനിമയില്‍ കൊല്ലം കുണ്ടറ സ്വദേശിയായ ജോണിയെ നായകനാക്കി അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.

ചിത്രീകരണത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ കേരള ശബ്ദം ഗ്രൂപ്പിന്റെ നാന ഉള്‍പ്പെടെ എല്ലാ പ്രസിദ്ധീകരണങ്ങളും ജോണിക്ക് വലിയ പ്രാധാന്യം നല്‍കി വാര്‍ത്തകളും ഫോട്ടോകളും പ്രസിദ്ധപ്പെടുത്തി.

ഷീല, പി.കെ.ഏബ്രഹാം, ശ്രീലത, മീന, ശങ്കര്‍മോഹന്‍ എന്നിവരായിരുന്നു അഭിനേതാക്കള്‍.

1980 ഡിസംബര്‍ 25 ന് കൃസ്തുമസ് റിലീസായാണ് വന്‍ പരസ്യ അകമ്പടികളോടെ നട്ടുച്ചക്കിരുട്ട് പുറത്തിറങ്ങിയത്.

ഐ.വിശശി രവീന്ദ്രനെ നായകനാക്കി സംവിധാനം ചെയ്ത അശ്വരഥം, നായകനും വില്ലനും നായികയുമായി ശങ്കര്‍, മോഹന്‍ലാല്‍, പൂര്‍ണ്ണിമ ജയറാം എന്നീ മൂന്ന് പുതുമുഖങ്ങളെ അവതരിപ്പിച്ച ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, പിചന്ദ്രകുമാറിന്റെ അരങ്ങും അണിയറയും എന്നിവയായിരുന്നു ആ വര്‍ഷം റിലീസായ മറ്റ് കൃസ്തുമസ് ചിത്രങ്ങള്‍.

3 സിനിമകളിലും പുതുമുഖങ്ങള്‍ നായകന്‍മാരായി വന്നപ്പോള്‍ ഗംഭീരമായ ത്രില്ലര്‍ സിനിമയായിട്ടും നട്ടുച്ചക്കിരുട്ടിന് പിടിച്ചു നില്‍ക്കാനായില്ല.

ഇതോടെ നായകമോഹം ഉപേക്ഷിച്ച് ജോണി വില്ലന്‍ വേഷങ്ങളിലേക്ക് തിരിച്ചുപോയി.

നട്ടുച്ചക്കിരുട്ട് വലിയ നഷ്ടമായെങ്കിലും 1982 ല്‍ നാന തിരക്കഥാ മല്‍സരത്തില്‍ ഒന്നാം സമ്മാനം നേടിയ ബലൂണ്‍ എന്ന ടി.വി.കൊച്ചുബാവയുടെ തിരക്കഥ സിനിമയാക്കി രവിഗുപ്തന് കൃഷ്ണസ്വാമി റെഡ്യാര്‍ വീണ്ടും അവസരം നല്‍കിയെങ്കിലും രവിഗുപ്തനും സംവിധാനരംഗത്ത് ശോഭിക്കാനായില്ല.