തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മറ്റി പിരിച്ചുവിട്ടതിനെതിരെയുള്ള സ്റ്റേഹരജി ഇന്ന് പരിഗണിക്കും
രേഖകള്‍ നല്‍കിയില്ല-സീതീസാഹിബില്‍ മാനേജരായി മുത്തവല്ലി ചുമതലയേറ്റില്ല.
തളിപ്പറമ്പ്: തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് ഭരണസമിതി പരിച്ചുവിട്ടതിനെതിരെ മുന്‍ പ്രസിഡന്റ് സമര്‍പ്പിച്ച സ്റ്റേഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
ഡിസംബര്‍ അഞ്ചിന് വഖഫ് ബോര്‍ഡ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നിലവിലുണ്ടായിരുന്ന ഭരണസമിതിയെ പിരിച്ചുവിട്ടാണ് താല്‍ക്കാലിക മുത്തവല്ലിയെ ചുമതലയേല്‍പ്പിച്ചത്.
ഇതിനെതിരെയാണ് പിരിച്ചുവിട്ട ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചത്.
ഇതേസമയം താല്‍ക്കാലിക മുത്തവല്ലിയായി 12 ന് ചുമതലയേറ്റ ഷംസൂദ്ദീന്‍ പാലക്കുന്നിന് ട്രസ്റ്റിന് കീഴിലുള്ള സീതീ സാഹിബ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന്റെ മാനേജര്‍ ചുമതല ഏറ്റെടുക്കാനായില്ല.
ഷംസുദ്ദീന്‍ രണ്ട് ദിവസം മുമ്പ് സീതീസാഹിബ് സ്‌ക്കൂളില്‍ എത്തിയപ്പോള്‍ നിലവിലുള്ള സ്‌കൂള്‍ മേധാവിയായ മുഖ്യാധ്യാപകനോട് രേഖകള്‍ ആവശ്യപെട്ടുവെങ്കിലും കണക്കുകളും മിനുട്‌സ് ബുക്കും ഹാജരാക്കാതെ പഴയകമ്മറ്റി മാറി നില്‍ക്കുന്നതിനാല്‍ രേഖകള്‍ ഇല്ലെന്ന വ്യക്തമാക്കിയതോടെ ചുമതല ഏറ്റെടുക്കാതെ മടങ്ങുകയായിരുന്നു.
ഇതോടെ നിലവില്‍ 5 അധ്യാപകരുടെ പ്രമോഷനും 3 നോണ്‍ ടീച്ചിങ് സ്റ്റാഫ് നിയമനവും അനിശ്ചിതത്വത്തിലായി.
ഇത് അധ്യാപകരുടെ ഇടയില്‍ വലിയ രീതിയിലുള്ള അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.
അതിനിടെ 6 മാസത്തിനകം വോട്ടര്‍ പട്ടിക പൂര്‍ത്തീകരിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന് മുതവല്ലി നിയമന ഉത്തരവില്‍ വഖഫ് ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടും മുതവല്ലി നിയമനം സ്റ്റേ ചെയ്തു കിട്ടാന്‍ ജുമാഅത്ത് പള്ളി പ്രസിഡന്റ് ഹൈക്കോടതിയെ സമീപിച്ചത് കമ്മിറ്റി മെമ്പര്‍ക്കിടയില്‍ ഭിന്നാഭിപ്രായം രൂക്ഷമാക്കിയിട്ടുണ്ട്.
6 മാസം കൊണ്ട് പുതിയ തെരഞ്ഞെടുപ്പ് വരുന്നതിനിടയില്‍ മുത്തവല്ലിയെ മാറ്റാന്‍ വീണ്ടും ശ്രമിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുമെന്നാണ് ഇവരുടെ വാദം. നിലവില്‍ മുതവല്ലി മിനുട്‌സ് അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഹാജരാക്കിയില്ലെങ്കില്‍ ക്രിമിനല്‍ കുറ്റത്തിന് വഖഫ് നിയമപ്രകാരം കേസെടുക്കാന്‍ സി ഒ ക്ക് നിര്‍ദേശം നല്‍കുമെന്നാണ് വിവരം.