ഭക്ഷണനിരോധന ബോര്‍ഡ്-ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം
ചപ്പാരപ്പടവ്: കൊട്ടക്കാനം തൂക്കുപാലത്തിന് സമീപം നാട്ടുകാര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം ബോര്‍ഡ് സ്ഥാപിച്ചത്.
പുറമെനിന്നുള്ള ആളുകള്‍ ഭക്ഷണം കൊണ്ടുവന്ന് പുഴയുടെ കരയിലിരുന്ന് കഴിക്കുകയും ഡിസ്‌പോസിബിള്‍ പ്ലെയ്റ്റ്, ഗ്ലാസ് മുതലയാവയും ഭക്ഷണ അവശിഷ്ടങ്ങളും പുഴയിലടക്കം ഉപേക്ഷിച്ചു പോകുന്ന പ്രവണതയായിരുന്നു ഉണ്ടായിരുന്നത്.
കൊട്ടക്കാനം വയോജന വേദി, ഹരിതകര്‍മ്മസേന, സന്നദ്ധസംഘടനകള്‍, മെമ്പര്‍മാര്‍ , തൊഴിലുറപ്പ് തൊഴിലാളികള്‍ നാട്ടുകാര്‍, മറ്റ് വിദ്യാലയങ്ങളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ അടക്കം വന്ന് ഒരു നിരവധി തവണ മാലിന്യം ശേഖരിച്ചിട്ടും ഇതിന് തടയിടാന്‍ സാധിച്ചില്ല.
നാട്ടുകാര്‍ വരുന്ന ആളുകളോട് പറഞ്ഞാല്‍ പോലും തിരിച്ച് നല്ല സമീപനമല്ല പലപ്പോഴും അവിടെ വരുന്ന സന്ദര്‍ശകരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
മാത്രവുമല്ല, ഇങ്ങനെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌ക്കരിക്കുന്നതിന് ഒരു കിലോയ്ക്ക് 13 രൂപ പഞ്ചായത്തിന് ചിലവ് വരുന്നുണ്ട്.
ഇന്ന് വൈകുന്നേരം നാട്ടുകാരുടെ മീറ്റിംഗ് പ്രദേശത്ത് വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
ഒരു കാരണവശാലും നമ്മുടെ പുഴയെ നശിപ്പിക്കുന്ന സംസ്‌ക്കാരം ഒരിക്കലും പ്രോല്‍സാഹിപ്പിക്കാന്‍ കഴിയാത്ത ഒന്നാണെന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു.
കൂവേരി തൂക്കുപാലത്തിന് കീഴെ പുഴക്കര ഭക്ഷണാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച് മലിനമാക്കുന്നത് തടയാന്‍ ഉദ്ദേശിച്ചു സ്ഥാപിച്ച ബോര്‍ഡ് ആണ്.
ഇതില്‍ ഭക്ഷണം വിലക്കല്‍ എന്ന് വ്യാഖ്യാനം ചമക്കുന്നത് ശരിയാണോ-?
നിരവധി പേര്‍ വിസിറ്റിന് വരുന്ന പ്രദേശമാണ് അവിടം. വൃത്തിയായി സുക്ഷിക്കാനുള്ള ഉത്തരവാദിത്തവും വരുന്നവര്‍ക്ക് ഉണ്ട് അത് തുടര്‍ച്ചയായി പാലിക്കാതെ വരുമ്പോള്‍ ഇതുപോലെ തീരുമാനങ്ങള്‍ എടുക്കേണ്ടിവരും.
അത് എടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതും ഇത്തരം മലിനമാക്കുന്നവര്‍ തന്നെയാണ്.
ഇങ്ങനെ ബോര്‍ഡ് വെച്ച നിരവധി സ്ഥലങ്ങള്‍ രാജ്യത്തും ലോകത്തുമുണ്ട്.
പ്രത്യേകിച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. സാഹചര്യം മനസിലാക്കാതെ പ്രതികരിക്കുന്നത് അനഭിലഷണീയമാണ്.
ശരിക്കും ഒറ്റ നോട്ടത്തില്‍ പ്രചാരണം നടത്താന്‍, അങ്ങിനെ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഒരു ബോര്‍ഡ് തന്നെയാണ് ഇത്, കാര്യങ്ങളിലേക്ക് വരുമ്പോള്‍ നിരവധി സന്ദര്‍ശകര്‍ വന്നു കൊണ്ടിരിക്കുന്ന കോട്ടക്കാനം തൂക്കു പാലത്തിന്റെ സമീപം പുഴയോരത്ത് നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന വിഷയവുമായി ബന്ധപ്പെട്ടുള്ളതാണ് മേല്‍ ബോര്‍ഡ് എന്ന് അവിടുത്തെ പ്രദേശത്തുകാര്‍ക്ക് കൃത്യമായി മനസ്സിലാക്കാന്‍ കഴിയും.
പ്രത്യേകിച്ച് സ്‌കൂള്‍ കോളേജ് കുട്ടികള്‍, അത് പോലെ ഫാമിലി ഗ്രൂപ്പ് അവരൊക്കെ അവരവരുടെ സൗകര്യങ്ങള്‍ക്ക് അനുസരിച്ചു ഓഡിറ്റോറിയം, അത് പോലെ സൗകര്യപ്രതമായ സ്ഥലങ്ങളില്‍ നടത്തേണ്ടുന്ന പരിപാടികള്‍ മേല്‍ ബോര്‍ഡ് വെച്ച പ്രദേശത്ത് സംഘടിപ്പിച്ചു കൊണ്ട് ഭക്ഷണമടക്കം അവിടെ നിന്ന് തന്നെ കഴിച്ചു പിരിയുന്ന സാഹചര്യമാണുള്ളത്.
പിന്നീട് അതുമായി ബന്ധപ്പെട്ട മാലിന്യം നീക്കം ചെയ്യാനുള്ള ഉത്തരവാദിത്വം നാട്ടുകാര്‍ക്കും മറ്റുമായി മാറുകയുമാണ്, ആ ഘട്ടത്തില്‍ നിരന്തര പൊതു അഭിപ്രായം മാനിച്ചു കൊണ്ടാണ് ഇത്തരം ബോര്‍ഡ് സ്ഥാപിച്ചത് എന്ന് മനസ്സിലാക്കി തെറ്റിദ്ധാരണ മാറ്റുമല്ലോ.
കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിന്റെ പ്രതികരണം-
പഞ്ചായത്ത് അധികൃതുടെ ഉദ്ദേശശുദ്ധിയെ മാനിക്കുന്നു-പക്ഷെ, പ്രസിഡന്റ് വിശദീകരിച്ചതുപോലെയാണെങ്കില്‍ വേണ്ടിയിരുന്നത്-
ഇവിടെ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നിക്ഷേപിക്കുന്നത് നിരോധിച്ചിരിക്കുന്നു-നിരോധനം ലംഘിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്
എന്ന ബോര്‍ഡായിരുന്നു.
ഭക്ഷണം കഴിക്കുന്നത് നിരോധിച്ച പ്രദേശങ്ങള്‍ രാജ്യത്ത് വേറെ ഉണ്ടായിരിക്കാം, പക്ഷെ, അത്തരമൊരു സാഹചര്യം കൊട്ടക്കാനത്തെ തൂക്കുപാലത്തിന് സമീപം ഉണ്ടെന്നേ തോന്നുന്നില്ല.
ദാരിദ്ര്യനിര്‍മ്മാര്‍ജനത്തിന് പകരം ദരിദ്രരെ നിര്‍മ്മാര്‍ജനം ചെയ്യും എന്ന് പറയുന്നതുപോലെ ലാഘവത്തോടൊയുള്ള വിശദീകരണമാണ് പഞ്ചായത്ത് പ്രസിഡന്റിന്റേത്.
ഇത്തരം സ്ഥലങ്ങളില്‍ നല്ല കഫ്റ്റീരിയയും മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളും ഒരുക്കുകയല്ലേ വേണ്ടത്.
അതല്ലേ പുരോഗമനം, അതല്ലേ വികസനം, അതല്ലേ കാലഘട്ടം ആവശ്യപ്പെടുന്നത്.
നാം ജീവിക്കുന്നത് നവകേരളത്തിലാണ് ഇരുണ്ട കേരളത്തിലല്ല എന്നത് ഓര്‍മ്മയിലുണ്ടാവണം-