ദേശീയപാതയോരത്തെ അപകടകെട്ടിടം-അടിയന്തിര നടപടികല്‍ സ്വീകരിക്കാന്‍ താലൂക്ക് വികസനസമിതി യോഗത്തിന്റെ നിര്‍ദ്ദേശം.

തളിപ്പറമ്പ്: ദേശീയപാതയോരത്ത് കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തെ അപകടാവസ്ഥയിലുള്ള മൂന്നുനിലകെട്ടിടം ഉടന്‍ പൊളിച്ചുനീക്കാന്‍ നടപടി സ്വീകരിക്കണമെന്ന പരാതിയില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ തളിപ്പറമ്പ് നഗരസഭക്ക് താലൂക്ക് വികസനസമിതി യോഗം നിര്‍ദ്ദേശം നല്‍കി.

ദേശീയപാതയില്‍ ചിറവക്ക് ട്രാഫിക് സിഗ്‌നല്‍ പ്രദേശത്ത് തെര്‍മോസ്റ്റാറ്റിക് കോമ്പൗണ്ട് ലൈന്‍ സ്ഥാപിക്കാന്‍ സാധിക്കില്ലെന്ന് ദേശീയപാത അധികൃതര്‍ വികസനസമിതി മുമ്പാകെ അറിയിച്ചു.

സംസ്ഥാനപാതയുടെ ഭാഗത്ത് മാത്രമേ ഇത് സ്ഥാപിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി മുമ്പാകെ അറിയിച്ചു.

ഇത് സംബന്ധിച്ച് സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റി അംഗം സി.ലക്ഷ്മണനാണ് പരാതി ഉന്നയിച്ചത്.

എരുവാട്ടി കമ്യൂണിറ്റി ഹാളിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നവീകരണത്തിന് കഴിഞ്ഞ വര്‍ഷം ഒന്നരലക്ഷവും അടുത്ത വര്‍ഷത്തെ പദ്ധതിയില്‍ രണ്ടരലക്ഷവും അനുവദിച്ചിട്ടുണ്ടെന്നും, ഫര്‍ണിച്ചറുകള്‍ക്ക് 80,000 രൂപ വകയിരുത്തിയിട്ടുണ്ടെന്നും ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍ യോഗത്തെ അറിയിച്ചു.

ആംആദ്മി പാര്‍ട്ടി നേതാവ് സാനിച്ചന്‍മാത്യുവാണ് പ്രശ്നം ഉന്നയിച്ചത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നഗരസഭയുടെ ഒത്താശയോടെ അനധികൃത നിര്‍മ്മാണപ്രവൃത്തികള്‍ നടക്കുന്നതിനെതിരെ ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി.രവീന്ദ്രന്‍ സമര്‍പ്പിച്ച പരാതിയില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് നഗരസഭയുടെ പുഷ്പഗിരിയില്‍ നിര്‍മ്മാണം നടന്നുവരുന്ന സ്‌പോര്‍ട്‌സ് കോപ്ലക്സിന് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പേര് നല്‍കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം സജീവമായ പരിഗണനയിലാണെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തെ അറിയിച്ചു.

ഇത് സംബന്ധിച്ച് സി.എം.ഐ സഭ കോഴിക്കോട് പ്രൊവിന്‍ഷ്യാല്‍ വികസനസമിതി മുമ്പാകെ നല്‍കിയ നിവേദനത്തിന്‍മേല്‍ നടന്ന ചര്‍ച്ചയിലിടപെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തളിപ്പറമ്പ് പഞ്ചായത്തായിരിക്കെ 40 വര്‍ഷം മുമ്പ് വികസനപ്രവൃത്തികള്‍ക്കായി ഒരേക്കര്‍ ഭൂമി സൗജന്യമായി നല്‍കിയ സി.എം.ഐ സഭ അധികൃതര്‍ ഭൂമി വിട്ടുനല്‍കിയതിന്റെ ഓര്‍മ്മസൂചകമായിട്ടാണ് ചാവറയച്ചന്റെ പേര്ി നല്‍കണമെന്ന ആവശ്യമുന്നയിച്ചത്.

കേരളാ കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡന്റ് ടി.എസ്.ജയിംസ് മരുതാനിക്കാട്ടാണ് വിഷയം ആദ്യമായി വികസനസമിതി മുമ്പാകെ ഉന്നയിച്ചത്.

തഹസില്‍ദാര്‍ പി.സജീവന്‍, ഹെഡ്ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ്‌കുമാര്‍, കെ.സുധാകരന്‍ എം.പി.യുടെ പ്രതിനിധി പി.എം.മാത്യു, ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.ഫാത്തിമ എന്നിവര്‍ പങ്കെടുത്തു.