തളിപ്പറമ്പ്: നിര്‍ദ്ദിഷ്ട അതിവേഗ റെയില്‍ തളിപ്പറമ്പിലേക്ക് നീട്ടണമെന്ന് തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗം ഐകകണ്ഠേന സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ നടന്ന വികസന സമിതി യോഗത്തില്‍ കെ.സുധാകരന് എം.പിയുടെ പ്രതിനിധി പി.എം.മാത്യുവാണ് പ്രമേയം അവതരിപ്പിച്ചത്.
സജീവ് ജോസഫ് എം.എല്‍.എയുടെ പ്രതിനിധി ജോസ് വട്ടമല പിന്താങ്ങി.
പുതിയ ദേശീയപാത പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ തളിപ്പറമ്പ് നഗരം അപ്രസക്തമാവുന്ന സാഹചര്യത്തില്‍ മലയോര മേഖലയുടെ കവാടം എന്ന നിലയില്‍ റെയില്‍വെ വലിയ വികസന സാധ്യതയാവുമെന്ന് പി.എം. മാത്യു പ്രമേയത്തില്‍ പറഞ്ഞു.
യോഗത്തില്‍ അധ്യക്ഷത വഹിച്ച ടി.കെ.ഗോവിന്ദന് മാസ്റ്റര്‍ എം.എല്‍.എയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വികസനസമിതി യോഗം പ്രമേയം അംഗീകരിച്ചത്.
ഉദ്യോഗസ്ഥ പ്രതിനിധികള്‍ വികസന സമിതി യോഗത്തില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് ടി.കെ.ഗോവിന്ദന് മാസ്റ്റര്‍ എം.എല്‍.എ നിര്‍ദ്ദേശിച്ചു.
താലൂക്ക് വികസന സമിതിക്ക് വലിയ തോതില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നതിനാല്‍ ഇത് എല്ലാ വിഭാഗങ്ങളും ഉപയോഗപ്പെടുത്തണമെന്നും എം എല്‍.എ നിര്‍ദ്ദേശിച്ചു.
അടുത്ത വികസന സമിതി യോഗം മുതല്‍ മുഴുവന്‍ സമയവും സമിതിയില്‍ പങ്കെടുക്കുമെന്നും എം.എല്‍ എ പറഞ്ഞു.
തഹസില്‍ദാര്‍ കെ.സന്തോഷ് സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസി ഷിജി വട്ടക്കാട്, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പി.രമേശന്, ജോസ് വട്ടമല, പി.ജെ മാത്യു, ടി.കെ.ദിവാകരന്, ഡെപ്യുട്ടി തഹസില്‍ദാര്‍ ജെനിഫര്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
തെരഞെടുപ്പും എസ്.ഐ.ആര് നടപടികളും കാരണം മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം ചേരുന്ന വികസന സമിതി യോഗത്തില്‍ നിരവധി പരാതികള്‍ പരിഗണിച്ചു.
ഇത് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നടപടികള്‍ക്കായി കൈമാറാന്‍ യോഗം നിര്‍ദ്ദേശിച്ചു.