കുടിവെള്ളവിതരണക്കാരുടെ വെള്ളത്തില്‍ നിന്നും പരിശോധനയില്‍ കണ്ടെത്തിയത് മലത്തിന്റെ സാന്നിധ്യം?സ്ഥാപിതതാല്‍പര്യക്കാരുടെ വ്യാജപ്രചാരണങ്ങള്‍ പൊളിഞ്ഞു.
തളിപ്പറമ്പ്: മലിനജലം വിതരണം ചെയ്യുന്നവരെ ന്യായീകരിച്ച സ്ഥാപിതതാല്‍പര്യക്കാരുടെ വ്യാജപ്രചാരണങ്ങള്‍ പൊളിഞ്ഞു.
കുടിവെള്ള വാഹനത്തില്‍ നിന്നും ആരോഗ്യവകുപ്പ് അധികൃതര്‍ ഇന്നലെ ശേഖരിച്ച വെള്ളം പരിശോധിച്ചപ്പോള്‍ അതില്‍ മനുഷ്യമലം കലര്‍ന്ന് ഇ കോളി ബാക്ടീരിയ ഉള്ളതാണെന്ന് തെളിഞ്ഞതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
നാട്ടില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നതിന്റെ ഗൗരവം കുറച്ചുകൊണ്ടുള്ള സ്ഥാപിതതാല്‍പര്യക്കാരുടെ അമിതാവേശം പൊതുസമൂഹം തിരിച്ചറിഞ്ഞിരിക്കയാണ്.
തളിപ്പറമ്പിലെ മുഴുവന്‍ കച്ചവടസ്ഥാപനങ്ങളും മഞ്ഞപ്പിത്തത്തിന്റെ പേരില്‍ അടിച്ചിടാനുള്ള യാതൊരു നിര്‍ദ്ദേശവും ഉണ്ടായിരുന്നില്ലെന്നും അത്തരത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ പറഞ്ഞു.
മഞ്ഞപ്പിത്തവ്യാപനത്തിന്റെ ഗൗരവം കുറക്കാനായി സ്ഥാപിതതാല്‍പര്യക്കാര്‍ സാങ്കല്‍പ്പിത കഥകള്‍ മെനയുകായിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
തളിപ്പറമ്പിലെ പ്രാദേശിക സ്വകാര്യ കുടിവെള്ളവിതരണക്കാരുടെ വെള്ളത്തില്‍ നിന്നും പരിശോധനയില്‍ കണ്ടെത്തിയത് മലത്തിന്റെ സാന്നിധ്യം?
ഇന്നലെ കുടിവെള്ള വിതരണം നടത്തുമ്പോള്‍ പിടിച്ചെടുത്ത ജാഫര്‍ വാട്ടര്‍ സപ്ലെ എന്ന പേരില്‍ ഉള്ള കുടിവെള്ള സപ്ലൈ യുടെ ജലം കേരള വാട്ടര്‍ അതോറിറ്റിയുടെ ലാബില്‍ ടെസ്റ്റ് ചെയ്തതില്‍ ആണ് ഇ കോളി ബാക്റ്റീരിയ യുടെ സാന്നിധ്യം കണ്ടെത്തിയത്.
തളിപ്പറമ്പ് പ്രദേശത്തെ മഞ്ഞപ്പിത്ത വ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പും തളിപ്പറമ്പ് മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത കുടിവെള്ളത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയത് മലത്തിന്റെ സാന്നിധ്യം. ഇന്നലെ തളിപ്പറമ്പ് മുനിസിപ്പാലിറ്റി യില്‍ കുടിവെള്ളം വിതരണം ചെയ്യുമ്പോള്‍ പിടിച്ചെടുത്ത ജാഫര്‍ വാട്ടര്‍ സപ്ലെ എന്ന പേരില്‍ ഉള്ള കുടിവെള്ള സപ്ലൈ യുടെ ജലം കേരള വാട്ടര്‍ അതോറിറ്റിയുടെ ലാബില്‍ ടെസ്റ്റ് ചെയ്തതില്‍ ആണ് ഇ കോളി ബാക്റ്റീരിയ യുടെ സാന്നിധ്യം കണ്ടെത്തിയത്. മനുഷ്യ മലത്തില്‍ ആണ് ഈ ബാക്റ്റീരിയ ഉണ്ടാകുന്നത്. കുടിക്കാനായി വിതരണം ചെയ്യുന്ന വെള്ളത്തില്‍ യാതൊരു കാരണവശാലും ഈ ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാവാന്‍ പാടില്ലാത്തതാണ്. ഈ കുടിവെള്ളം വിതരണം ചെയ്ത ജാഫര്‍ എന്ന കുടിവെള്ള വിതരണ സപ്ലൈയുടെ കുടിവെള്ള ടാങ്കര്‍ ഉം ഗുഡ്സ് ഓട്ടോ യും ഇന്നലെ തന്നെ മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം പിടിച്ചെടുത്തിരുന്നു.
നിലവില്‍ കുറുമാത്തൂര്‍ പഞ്ചായത്തിലെ 14 ആം വാര്‍ഡിലെ ചവനപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന ഒരു കിണറില്‍ നിന്നാണ് ഇവര്‍ കുടിവെള്ളത്തിനായി വെള്ളം എടുക്കുന്നതായി പറയപ്പെടുന്നത്. ആ കിണര്‍ ആരോഗ്യവകുപ്പ് വിഭാഗം അധികൃതര്‍ സന്ദര്‍ശിക്കുകയും കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ആവശ്യപ്പെടുകയും തുടര്‍ച്ചയായി ക്ലോറിനേഷന്‍ നടത്തുവാന്‍ ആയിട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നു. ഈ കിണര്‍ വെള്ളത്തിന്റെ വാട്ടര്‍ ക്വാളിറ്റി ടെസ്റ്റ് റിപ്പോര്‍ട്ട് കുടിവെള്ള വിതരണക്കാര്‍ ഹാജരാക്കിയത് പ്രകാരം ഇത് ശുദ്ധതയുള്ളതാണ്.
അതേസമയം ഈ കുടിവെള്ള സപ്ലൈ തളിപ്പറമ്പ് നഗരത്തില്‍ വിതരണം ചെയ്യുമ്പോള്‍ പിടിച്ചെടുത്ത കുടിവെള്ളത്തില്‍ നിന്നും മനുഷ്യ മലത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടുകൂടി താഴെ പറയുന്ന കാര്യങ്ങള്‍ ആണ് വ്യക്തമാകുന്നത്
ജാഫര്‍ എന്ന കുടിവെള്ള സപ്ലൈ വിതരണക്കാര്‍ ആരോഗ്യ വകുപ്പ് വിഭാഗം നിര്‍ദ്ദേശിച്ച പ്രകാരമുള്ള കൃത്യമായ ക്ലോറിനേഷന്‍ നടപടികളോ ശുദ്ധീകരണ പ്രവര്‍ത്തികളോ ചെയ്യുന്നില്ലെന്നും, കുറുമാത്തൂര്‍ ചവനപ്പുഴയില്‍ നിന്ന് ഇവര്‍ വെള്ളമെടുക്കുന്ന കിണര്‍ വെള്ളത്തിന്റെ വാട്ടര്‍ ക്വാളിറ്റി ടെസ്റ്റ് റിപ്പോര്‍ട്ട് ഹാജരാക്കിയത് കൃത്രിമമായി ഉണ്ടാക്കിയത് ആയിരിക്കാം. അല്ലെങ്കില്‍ മറ്റേതെങ്കിലും വെള്ളമോ അല്ലെങ്കില്‍ വളരെ ഉയര്‍ന്ന തോതില്‍ ക്ലോറിനേഷന്‍ നടത്തിയത് ശേഷം ശേഖരിച്ച വെള്ളമോ ആയിരിക്കാം ടെസ്റ്റ് ചെയ്തിട്ടുണ്ടാവുക, ഇവര്‍ കിണര്‍ വെള്ളം ശുദ്ധീകരിക്കുന്നുണ്ടെങ്കില്‍ തന്നെയും തളിപ്പറമ്പ് നഗരത്തില്‍ വിതരണം ചെയ്യാനായിട്ട് ഉപയോഗിക്കുന്നത് ഈ കിണറിലെ വെള്ളമല്ല മറ്റേതെങ്കിലും മലം കലര്‍ന്ന വെള്ളമാണ്,തളിപ്പറമ്പ് നഗരത്തിലെ ഒട്ടുമിക്ക ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും തട്ടു കടകളിലും നിലവില്‍ കുടിവെള്ളം എത്തിക്കുന്നത് ജാഫര്‍ എന്ന പേരില്‍ ഉള്ള കുടിവെള്ള വിതരണക്കാര്‍ ആണ്. എന്നാല്‍ അതേസമയം തന്നെ ഈ പറഞ്ഞ സ്ഥാപനങ്ങള്‍ക്ക് എല്ലാം കുടിവെള്ള വാട്ടര്‍ അതോറിറ്റിയുടെ കണക്ഷന്‍ ഉണ്ട്. എന്നാല്‍ അവരുടെ വാട്ടര്‍ അതോറിറ്റി യുടെ രേഖകള്‍ പ്രകാരം ഇവരുടെ പ്രതിമാസ ബില്ല് 500 രൂപയില്‍ താഴെ മാത്രമേ ആകുന്നുള്ളൂ. എല്ലാ ദിവസവും വാട്ടര്‍ അതോറിറ്റി യുടെ കുടിവെള്ളം ആണു ഉപയോഗിക്കുന്നത് എങ്കില്‍ ബില്‍ ഇത്രയും ആയാല്‍ മതിയാവില്ല. ആയതിനാല്‍ അവര്‍ അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഈ കുടിവെള്ളം ഉപയോഗിക്കുന്നില്ലെന്നും എന്ന് പകരം മുനിസിപ്പാലിറ്റി യില്‍ നിന്നും ലൈസന്‍സ് കരസ്ഥമാക്കുന്നതിന് വേണ്ടി മാത്രമാണ് ഈ കണക്ഷന്‍ എടുത്തിട്ടുള്ളത് എന്നുമാണ് മനസ്സിലാക്കുന്നത്,ജാഫര്‍ കുടിവെള്ള വിതരണക്കാരെ പോലെയുള്ള സ്വകാര്യ കുടിവെള്ള ഏജന്‍സി വിതരണം ചെയ്യുന്ന വെള്ളം ഉപയോഗിക്കുന്ന ദിവസങ്ങളില്‍ ഈ ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് അസുഖം പിടിക്കുകയും അതുപോലെതന്നെ കേരള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം ഉപയോഗിക്കുന്ന ദിവസങ്ങളില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് അസുഖം പിടിപെടാതിരിക്കുകയും ചെയ്യുന്നതായാണ് കണ്ടു വരുന്നത്.ഒരു ഹോട്ടലില്‍ പോയി പല ദിവസങ്ങളില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് എന്തുകൊണ്ട് അസുഖം പിടിപെടുന്നില്ല എന്നുള്ള കാര്യത്തിന് ഇതാണ് മനസിലാകുന്നത്.ഏഴാംമൈല്‍ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അവരുടെ കിണര്‍ വെള്ളം ലഭ്യമല്ലാത്ത വേളയില്‍ ഈ ജാഫര്‍ കുടിവെള്ള സപ്ലൈ എന്ന പേരില്‍ ഉള്ള കുടിവെള്ളം കുറച്ചു നാള്‍ വിതരണം ചെയ്യുകയും അതിനുശേഷം കൃത്യം ഒരു മാസത്തിനുശേഷം സ്‌കൂളിലെ എല്ലാവര്‍ക്കും മഞ്ഞപിത്തം പിടിപെടുകയും ചെയ്തിട്ടുണ്ടായിരുന്നു. ഇതിന് കാരണം ഇവിടെയും മലം കലര്‍ന്ന വെള്ളമാണ് ജാഫര്‍ എന്ന പേരില്‍ കുടിവെള്ള സപ്ലൈ വിതരണം ചെയ്തത് എന്നുള്ളതും വ്യക്തമാകുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പീയുഷ് എം നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ ഈ അന്വേഷണത്തില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ കെ.സി.സച്ചിന്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.അഷ്റഫ്, ആരോഗ്യ വകുപ്പ് ഫീല്‍ഡ് വിഭാഗം ജീവനക്കാരായ ബിജു, സജീവന്‍, പവിത്രന്‍, ആര്യ എന്നിവരും മുനിസിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ആരോഗ്യ വിഭാഗം അധികൃതരും പങ്കെടുത്തു.