കണ്ണൂര്‍ റൂറല്‍ പോലീസ് കായികമേളക്ക് മാങ്ങാട്ടുപറമ്പില്‍ തുടക്കമായി.

തളിപ്പറമ്പ്: രണ്ടാമത് കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആന്വല്‍ സ്‌പോര്‍ട്‌സ് മീറ്റിന് തുടക്കമായി.

ഇന്നും നാളെയുമായി മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

കണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി എം.ഹേമലത കായികമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ചടങ്ങില്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്കുമാര്‍ മുഖ്യാതിഥിയായിരുന്നു.

വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് സേനാംഗങ്ങളെ അണിനിരത്തി കൊണ്ട് മാര്‍ച്ച് പാസ്റ്റ് നടന്നു.

പയ്യന്നൂര്‍ തളിപ്പറമ്പ്, ഇരിട്ടി, പേരാവൂര്‍. ഡി എച്ച് ക്യൂ സ്‌പെഷ്യല്‍ യൂണിറ്റ് എന്നിവയെ പ്രതിനിധീകരിച്ച് കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ നാനൂറോളം കായിക താരങ്ങള്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ പങ്കെടുക്കുന്നുണ്ട്.

നാളെ വൈകുന്നേരം നാല് മണിക്ക് മീറ്റിന്റെ സമാപന ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖര്‍, കെഎപി നാലാം ബറ്റാലിയന്‍ കമാണ്ടന്‍ഡ് വിഷ്ണുപ്രദീപ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

സ്‌പോര്‍ട്‌സ് മീറ്റിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ നിര്‍വഹിക്കും.