നാളികേരത്തിനും വില സ്ഥിരത ഫണ്ട് പ്രഖ്യാപിക്കണം- കേരള കോണ്‍ഗ്രസ് (എം)

കണ്ണൂര്‍:പച്ചത്തേങ്ങ സംഭരണം പരാജയപ്പെടുകയും,തേങ്ങയുടെ വില തകരുകയും ചെയ്ത സാഹചര്യത്തില്‍ റബ്ബര്‍ മാതൃകയില്‍ നാളികേരത്തിനും വിലസ്ഥിരതാ ഫണ്ട് ഏര്‍പ്പെടുത്തണമെന്നും,

ഒരു കിലോ പച്ച തേങ്ങക്ക് 50 രൂപ തറവില നിശ്ചയിച്ച് മാര്‍ക്കറ്റ് വിലയുടെ മാര്‍ജിന്‍ തുക കൃഷിക്കാരുടെ അക്കൗണ്ടില്‍ നല്‍കുവാനുള്ള നടപടി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കേരള കോണ്‍ഗ്രസ് (എം) കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

റബ്ബര്‍ കര്‍ഷകര്‍ക്ക് വ്യാപരികള്‍ നല്‍കിയ ബില്ല് ആര്‍.പി.എസ് മുഖാന്തരം റബ്ബര്‍ ബോര്‍ഡിന് കൈമാറി കൃഷിക്കാരുടെ അക്കൗണ്ടിലേക്ക് പണം നല്‍കുന്ന മാതൃകയില്‍ നാളികേര കൃഷിക്കാര്‍ക്കും കച്ചവടക്കാര്‍ നല്‍കിയ ബില്ല്
കൃഷിഭവനുകളില്‍ സമര്‍പ്പിച്ചു അക്കൗണ്ടിലേക്ക് പണം നല്‍കുവാനുള്ള സംവിധാനം ഒരുക്കണം.

വിവിധ മേഖലയിലെ കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ വിദഗ്ത സമിതിയെ നിയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സംസ്ഥാന ഹൈപവര്‍ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്ത ജോയിസ് പുത്തന്‍പുര, അഡ്വ.മാത്യു കുന്നപ്പള്ളി, സംസ്ഥാന ജനറല്‍ സെക്രട്ടറി സജി കുറ്റിയാനിമറ്റം എന്നിവര്‍ക്ക് സ്വീകരണം നല്‍കി.

ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ അധ്യക്ഷത വഹിച്ചു. കെ.ടി.സുരേഷ് കുമാര്‍, തോമസ് മാലത്ത്, വി.വി.സേവി, ബിനു മണ്ഡപം, സി.എം.ജോര്‍ജ്, ജെയിംസ് മരുതാനിക്കാട്ട്, വിപിന്‍ തോമസ്, ബിജു പുതുക്കള്ളില്‍, അല്‍ഫോന്‍സ് കളപ്പുര, ബിനു ഇലവുങ്കല്‍, എ.കെ.രാജു, ഏലമ്മ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.