കനത്ത മഴയിൽ രാത്രി എട്ട് മണിക്കും കർമ്മനിരതരായി വൈദ്യുതി ജീവനക്കാർ.
കരിമ്പം.കെ.പി.രാജീവൻ
തളിപ്പറമ്പ്: വൈദ്യുതി നിലച്ചാൽ ഉടനെ കെ.എസ്.ഇ.ബി ഓഫീസിലേക്ക് ഫോൺ വിളിച്ച് തെറി പറയുകയും, നിസാര പ്രശ്നങ്ങൾക്ക് വരെ അവരെ കയ്യേറ്റം ചെയ്യാൻ ഒരുങ്ങുകയും ചെയ്യുന്നവർ ഇന്നലെ രാത്രി 7.30 ന് തളിപ്പറമ്പ് ചിറവക്കിൽ വൈദ്യുതി വിതരണം പുന:സ്ഥാപിക്കാൻ ജീവനക്കാർ നടത്തിയ ഭഗീരഥ പ്രവർത്തനങ്ങൾ അറിയേണ്ടതുണ്ട്.
രാജരാജേശ്വരി ഹോട്ടലിന് മുന്നിലെ കൂറ്റൻ മാവിന്റെ
ശിഖരം വൈദ്യുതി ലൈനിൽ പൊട്ടിവീണത് കാരണമാണ് വൈദ്യുതി വിതരണം നിലച്ചത്.
ഈ സമയം കനത്ത മഴയും കാറ്റുമായിരുന്നെങ്കിലും മഴക്കോട്ടും ടോർച്ചുമായി എത്തിയ നാല് കെ.എസ്.ഇ.ബി ജീവനക്കാർ രാത്രിയിൽ തന്നെ മാവിന്റെ ശിഖരങ്ങൾ തോട്ടി ഉപയോഗിച്ച് മുറിച്ചുനീക്കാൻ ശ്രമം ആരംഭിച്ചു.
ടോർച്ച് വെളിച്ചവും വാഹനങ്ങളുടെ ലൈറ്റുകളും മാത്രമായിരുന്നു ആശ്രയം.
മഴവെള്ളം കണ്ണുകളിലേക്ക് വീണ് കാഴ്ച്ച തടസപ്പെടുകയും വെളിച്ചക്കുറവ് കാരണവും ശിഖരങ്ങളിൽ തോട്ടികൊളുത്താൻ സാധിക്കാതെ ജീവനക്കാർ ഏറെ ബുദ്ധിമുട്ടി.
ഒരു വേള പണി നിർത്തിവെക്കാൻ വരെ തീരുമാനിച്ചെങ്കിലും എന്തുവന്നാലും ഇത് മുറിച്ചുമാറ്റി വൈദ്യുതി പുന:സ്ഥാപിച്ചേ മടങ്ങൂ എന്ന ഒരു ജീവനക്കാരന്റെ നിശ്ചയദാർഡ്യം പിന്നീട് മറ്റുള്ളവരും ഏറ്റെടുത്തു.
ഒടുവിൽ 8.20നാണ് മരത്തിൻ്റെ ശിഖരങ്ങൾ പൂർണമായും മുറിക്കുകയും ലൈനിലേക്ക് വീണു കിടക്കുന്നവ നീക്കം ചെയ്യുകയും ചെയ്തത്.
അധികം വൈകാതെ ഈ ഭാഗത്ത് വൈദ്യുതി വിതരണം പുന:സ്ഥാപിക്കുകയും ചെയ്തു.
എത്ര തന്നെ കൂലി ലഭിച്ചാലും രാത്രി സമയത്ത് കനത്ത മഴയിൽ ജോലിയോട് കാണിച്ച ജീവനക്കാരുടെ ആത്മാർത്ഥത തിരിച്ചറിയപ്പെടാതെ പോകരുത്.