15000 രൂപ വില വരുന്ന ഓട്ടുരുളിയും പാത്രങ്ങളും കവര്‍ന്നു; രണ്ടു സ്ത്രീകള്‍ അറസ്റ്റില്‍
തൃശൂര്‍ : ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശിയുടെ വീട്ടില്‍ നിന്നും ഓട്ടുരുളിയും പാത്രങ്ങളും കവര്‍ന്ന കേസില്‍ തമിഴ്‌നാട്ടുകാരായ രണ്ട് സ്ത്രീകള്‍ പിടിയില്‍.
കേസില്‍ തമിഴ്നാട് തിരുനല്‍വേലി സ്വദേശിനികളായ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന നാഗമ്മ ( 49 വയസ്), മീന (29 വയസ് ) എന്നിവരെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു.
ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശി കൂട്ടുമാക്കല്‍ അജയകുമാറിന്റെ വീടിന്റെ ലോക്ക് പൊട്ടിച്ച് അകത്ത്കയറി വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന 15000 രൂപ വില വരുന്ന ഓട്ടുരുളിയും മറ്റ് പാത്രങ്ങളും കവര്‍ന്നുവെന്നാണ് കേസ്.
ഈ മാസം 17 ന് ഉച്ചക്ക് ഒരു മണിക്കായിരുന്നു സംഭവം. അജയകുമാര്‍ വീട്ടില്‍ ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്.
അജയകുമാര്‍ വീട്ടില്‍ തിരിച്ച് വന്നപ്പോഴാണ് വീടിന്റെ ഗ്രില്‍ തുറന്നു കിടക്കുന്നതും മോഷണം നടന്നതും അറിയുന്നത്.
അയല്‍വക്കത്ത് വിവരം അറിയിച്ചപ്പോള്‍ തമിഴ് സ്ത്രീകള്‍ അല്പം മുന്‍പ് പോകുന്നത് കണ്ടതായി പറഞ്ഞു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മാപ്രാണം വര്‍ണ്ണ തീയേറ്ററിന് സമീപത്തുവെച്ച് ചാക്ക് കെട്ടുമായി നടന്നു പോയ പ്രതികളെ നാട്ടുകാര്‍ തടഞ്ഞു വച്ച് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.