വിന്‍സെന്റ് ഡബിള്‍റോളില്‍-മധുവിധു-@56.

ശ്രീകുമാര്‍ പ്രൊഡക്ഷന്‍സിന് വേണ്ടി മെരിലാന്റ് പി.സുബ്രഹ്‌മണ്യം നിര്‍മ്മിച്ച് എന്‍.ശങ്കരന്‍നായര്‍(എന്‍.ശങ്കര്‍ എന്ന പേരിലാണ് അന്ന് ശങ്കരന്‍നായര്‍ സിനിമ സംവിധാനം ചെയ്തിരുന്നത്) സംവിധാനം ചെയ്ത സിനിമയാണ് മധുവിധു.

1970 ഒക്ടോബര്‍ 15 നാണ് 56 വര്‍ഷം മുമ്പ് സിനിമ റിലീസ് ചെയ്തത്. വിന്‍സെന്റ്(ഡബിള്‍ റോള്‍), ജോസ്പ്രകാശ്, കെ.വി.ശാന്തി, എസ്.പി.പിള്ള, മാള അരവിന്ദന്‍, നെല്ലിക്കോട് ഭാസ്‌ക്കരന്‍, കെ.പി.എ.സി.സണ്ണി, ഗാതാഞ്ജലി, പങ്കജവല്ലി, സുഷമ, ആറന്‍മുള പൊന്നമ്മ, പ്രമീള, ആലുംമൂടന്‍, ഫിലിപ്പ്, സരസമ്മ, അന്നമ്മ എന്നിവരാണ്‌ന മുഖ്യ വേഷങ്ങളിലെത്തിയത്.

ബാബു നന്തന്‍കോടിന്റെ കഥക്ക് തിരക്കതയും സംഭാഷണവും എഴുതിയത് മുട്ടത്തുവര്‍ക്കി.

ഇ.എന്‍.സി.നായര്‍ ക്യാമറയും എന്‍.ഗോപാലകൃഷ്ണന്‍ എഡിറ്റിഗും നിര്‍വ്വഹിച്ചു.

പി.കെ.ആചാരിയാണ് കലാസംവിധായകന്‍

എ.കുമാരസ്വാമി ആന്റ് കമ്പനിയാണ് വിതരണക്കാര്‍.

ഒ.എന്‍.വിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നത് എം.ബി.ശ്രീനിവാസന്‍.

ഗാനങ്ങള്‍-

1-ആതിരക്കുളിരുള്ള-എസ്.ജാനകി.

2-ഒരു മധുരസ്വപ്‌നമല്ല-യേശുദാസ്.

3-രാവ്മായും നിലാവ് മായും-യേശുദാസ്.

4-ഉല്‍സവം മദിരോല്‍സവം-എല്‍.ആര്‍.ഈശ്വരി.

5-യമുനാതീര വിഹാരി-എസ്.ജാനകി

കഥാസംഗ്രഹം.

 

സമ്പന്നതയുടെ മടിയിലാണ് ഗോപിയുടെ(വിന്‍സെന്റ്) ജീവിതം. ജീവിതസുഖമനുഭവിക്കുവാന്‍ വേണ്ടുന്ന എല്ലാ ഘടകങ്ങളും ഒന്നിണങ്ങിയിരുന്നു. സ്‌നേഹനിധിയായ അമ്മ- സഹോദരന്റെ സുഖം മറ്റെല്ലാറ്റിനേക്കാളും ഉപരിയായി കരുതുന്ന സഹോദരി ലക്ഷ്മി – സ്വത്തുക്കളും എസ്റ്റേറ്റും കൃത്യനിഷ്ഠയോടെ നോക്കി സഹായിക്കുന്ന നല്ലവനായ സഹോദരീഭര്‍ത്താവ്- ഇവരെല്ലാവരും ഏകമനസ്സോടു കൂടി ഗോപിയുടെ നല്ലഭാവിക്കായി പ്രവര്‍ത്തിച്ചു. പക്ഷേ അമിതമായ പണവും കൂട്ടുകെട്ടും ഗോപിയെ എല്ലാ അഴുക്കു ചാലുകളിലൂടെയും നീന്തിക്കളിക്കുവാന്‍ പ്രേരിപ്പിച്ചു. മദ്യത്തിലും മദിരാക്ഷികളിലും മാത്രം അവന്റെ ശ്രദ്ധചെന്നു പെട്ടു. മദാലസയായ മാലിനിയുടെ(ജയഭാരതി) പാദസേവകനായി അഭിമാനവും ഭണ്ഡാരവും അവള്‍ക്ക് കാഴ്ച വെച്ചു. വിവാഹം ഒരു പക്ഷേ ഗോപിയെ നേര്‍വഴിക്കു കൊണ്ടു വന്നേക്കുമെന്ന് വ്യാമോഹിച്ച ലക്ഷ്മി ശാലീനയും സുന്ദരിയുമായ സതിയെ-അമ്മാവന്റെ മകളെ-അവനു വധുവായി തേടിപ്പിടിച്ചു. വിവാഹവും നടന്നു.പക്ഷേ മധുവിധുവിന്റെ ആദ്യരാത്രിയില്‍ പോലും മാലിനിയുടെ സാമീപ്യം ഉപേക്ഷിക്കുവാന്‍ ഗോപിക്കു കഴിഞ്ഞില്ല. ആ സാധു പെണ്‍കുട്ടിയുടെ കണ്ണുനീരിനു ഗോപിയില്‍ ഒരു മാറ്റവും സൃഷ്ടിക്കുവാന്‍ കഴിഞ്ഞില്ല. നിയന്ത്രണം വിട്ട ജീവിതം ഗോപിയെ തകര്‍ച്ചയുടെ അത്യഗാധതയില്‍ എത്തിച്ചു. കൂട്ടുകാരനായ സുരേഷും ടൈപ്പിസ്റ്റും അയാളെ ഉപേക്ഷിച്ചു. കാമുകിയായ മാലിനി പുറം തള്ളി വാതിലടച്ചു. ഗര്‍ഭിണിയായ തൊഴിലാളിപ്പെണ്ണ് ഗര്‍ഭസത്യാഗ്രഹവുമായി പടിക്കലെത്തി. കടക്കാരുടെ ഉപദ്രവവും കൂടിയായപ്പോള്‍ സ്വന്തം ജീവിതം അവസാനിപ്പിക്കുവാന്‍ ഗോപി വിഷം കഴിക്കുവാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ തന്നെപ്പോലെ തന്നെ രൂപഭാവങ്ങള്‍ ഉള്ള ഒരാള്‍ പെട്ടെന്ന് കടന്നു വന്നു ഗോപിയെ ആ ഉദ്യമത്തില്‍ നിന്നും പിന്തിരിപ്പിച്ചു. മധു – ഗോപിയുടെ അച്ഛനു മറ്റൊരു സ്ത്രീയില്‍ ജനിച്ച പുത്രന്‍. ഗോപിയെ തന്റെ വീട്ടില്‍ കൂട്ടിക്കൊണ്ടു പോയി അമ്മയോടു വിവരം പറഞ്ഞ് അവനെ അവിടെ താമസിപ്പിച്ചതിനു ശേഷം മധു ഗോപിയായി അവന്റെ വീട്ടിലെത്തി. ആര്‍ക്കും ഒരു സംശയവും തോന്നാത്ത വിധത്തില്‍ ഗോപിയുടെ മേല്‍ വീണിരുന്ന കുരുക്കുകള്‍ ഓരോന്നായി മധു അഴിച്ചു. പക്ഷേ പ്രേമദാഹത്താല്‍ വികാരവിവശയായ സതിയുടെ മുന്നില്‍ മധു ഒരു നിമിഷം ചഞ്ചലചിത്തനായിപ്പോയി. എന്നാല്‍ ആദര്‍ശധീരനായ ആ യുവാവ് തന്റെ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിക്കാതെ തക്ക കാരണങ്ങള്‍ പറഞ്ഞ് അവളുടെ കന്യകാത്വത്തിനു കളങ്കമുണ്ടാക്കാതെ ആ വീട്ടില്‍ത്തന്നെ കഴിഞ്ഞു കൊണ്ട് ഗോപിയുടെ ജീവിതം അല്ലലില്ലാതെ മുന്നോട്ട് നയിക്കുവാന്‍ എല്ലാ പാതകളും ഒരുക്കി. നേരത്തെ പറഞ്ഞ് ഒരുക്കിയിരുന്ന സമയത്തു തന്നെ ഗോപിയെ വീണ്ടും അയാളുടെ വീട്ടില്‍ വരുത്തി എല്ലാം തിരിച്ചേല്‍പ്പിച്ച് മധു അവിടെ നിന്നും തിരിച്ചു പോകുന്നതോടെ കഥയവസാനിക്കുന്നു.