പതിനാലാം രാവുദിച്ചിട്ട് ഇന്നേക്ക് 50 വര്‍ഷം. മരം@50.
പതിനാലം രാവുദിച്ചത് മാനത്തോ കല്ലായിക്കടവത്തോ-വെറുതെ ഈ വരികളൊന്ന് മൂളാത്ത മലയാളികളുണ്ടാവുമോ?
1973 ഒക്ടോബര്‍-26 ന് 50 വര്‍ഷം മുമ്പ് റിലീസ് ചെയ്ത മരം എന്ന സിനിമയിലെ ആ അനസ്വരഗാനം കൊണ്ട് തന്നെയായിരിക്കും ഈ സിനിമ ഓര്‍മ്മിക്കപ്പെടുക.
എന്‍.പി.മുഹമ്മദിന്റെ പ്രശസ്തമായ നോവലിന് അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും രചിച്ചു.
അഞ്ജന പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ച് സംവിധാനം ചെയ്തതും യൂസഫലി കേച്ചേരി തന്നെ.
പ്രേംനസീര്‍, അടൂര്‍ഭാസി, ജയഭാരതി, കെ.പി.എ.സി.ലളിത, കെ.പി.ഉമ്മര്‍, ബഹദൂര്‍, ടി.എസ്.മുത്തയ്യ, നെല്ലിക്കോട് ഭാസ്‌ക്കരന്‍, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, എം.ഒ.ദേവസ്യ, നിലമ്പൂര്‍ബാലന്‍, കെടാമംഗലം അലി, ഫിലോമിന, കെ.പി.അബ്ബാസ്, ഹരി നീണ്ടകര, സുമതി, മെറ്റില്‍ഡ, പി.കെ.ശേഖര്‍, വേലപ്പന്‍, സതി എന്നിവരാണ് മുഖ്യ താരങ്ങള്‍.
യു.രാജഗോപാല്‍ ക്യാമറയും എം.എസ്.മണി ചിത്രസംയോജനവും നിര്‍വ്വഹിച്ചു.
എസ്.കൊന്നനാട്ടാണ് കലാസംവിധാനം.
പശ്ചാത്തലസംഗീതം ആര്‍.കണ്ണന്‍. കാര്‍മല്‍ പിലിംസാണ് വിതരണക്കാര്‍.
യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നത് ജി.ദേവരാജന്‍.
കഥാസംഗ്രഹം
ഖാദറും, ഇബ്രാഹിമും ആമുട്ടിയും കളിക്കൂട്ടുകാരായിരുന്നു. ആമിന കൂട്ടുകാരിയും. മൂന്നുപേരും ആമിനയുടെ ഖല്‍ബ് കൊതിച്ചെങ്കിലും അവള്‍ അത് ഇബ്രാഹിമിന് കൊടുക്കുന്നു. പട്ടാളക്കാരനായ ഇബ്രാഹിം കല്യാണം കഴിഞ്ഞ് പുതുപ്പെണ്ണായ ആമിനയെ തനിയെ വിട്ട് യുദ്ധത്തിനു പോകുന്നു. ഇബ്രാഹിം പോയി ആറേഴുവര്‍ഷമായിട്ടും ഒരു വിവരവുമില്ലാതെ ആമിന കാത്തിരിക്കുന്നിടത്താണ് കഥയുടെ തുടക്കം. നാട്ടുകാരുടെയും ബന്ധുക്കാരുടേയും നൂറുകണ്ണുകള്‍ ആമിനക്ക് ചുറ്റും പരന്നു നടപ്പാണ്. എങ്കിലും അവള്‍ വ്രതശുദ്ധയായി ഇബ്രാഹിമിനെത്തന്നെ കാത്തിരിക്കുന്നു. ഇസ്ലാം മതാചാരപ്രകാരം ഭര്‍ത്താവിനെപ്പറ്റി ഏഴുവര്‍ഷത്തിലധികം വിവരമൊന്നുമില്ലെങ്കില്‍ പുനര്‍വിവാഹം ചെയ്യാം. ഈ നിയമത്തെ കൂട്ടുപിടിച്ച് ആമിനയുടെ ഉമ്മയും മറ്റും ചേര്‍ന്ന് അവളെ സ്വന്തം ഇഷ്ടത്തിനെതിരായി ഖാദറിന് വിവാഹം ചെയ്തു കൊടുക്കുന്നു.ഖാദര്‍ മരക്കച്ചവടക്കാരനായ പുത്തന്‍ പണക്കാരനാണ്. ആമുട്ടി ഖാദറിന്റെ സഹായിയായി ജീവിക്കുന്നു. ആമിനയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ആമുട്ടി ഹൃദയം തകര്‍ന്നെങ്കിലും അവളെ പെങ്ങളായി കാണുവാന്‍ തുടങ്ങുന്നു. ഇബ്രാഹിമിനെ തന്നെ മനസ്സില്‍ ധ്യാനിച്ച് ഖാദറിന്ന് വഴങ്ങാതെ ജീവിക്കുകയാണ് ആമിന. യുദ്ധമുന്നണിയില്‍ നിന്ന് ഇബ്രാഹിം തിരിച്ചു വരുന്നത് തനിക്കുവേണ്ടി കാത്തിരിക്കാതെ മറ്റൊരാളെ വരിച്ച ആമിനയുടെ കഥയും കേട്ടാണ്. ആമുട്ടിയില്‍ നിന്ന് സത്യമെല്ലാമറിഞ്ഞ ഇബ്രാഹിം അവന്റെ സഹായത്തോടെ ആമിനയേയും കൂട്ടി രക്ഷപ്പെടുന്നു. ആമുട്ടി ഇതിനിടയില്‍ ആളറിയാതെ കൊല്ലപ്പെടുന്നു. ഇതാണ് മരത്തിന്റെ കഥ. ഇബ്രാഹിമായി പ്രേംനസീറും ഖാദറായി കെ.പി.ഉമ്മറും ആമുട്ടിയായി നെല്ലിക്കോട് ഭാസ്‌ക്കരനുമാണ് അഭിനയിച്ചത്. നെല്ലിക്കോടിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ആമുട്ടി.
ഗാനങ്ങള്‍:
1-ഏലേലയ്യ ഏലേലം-യേശുദാസ്, മാധുരി.
2-ഏറിയ നാളായല്ലോ-യേശുദാസ്.
3-കല്ലായിപ്പുഴയൊരു മണവാട്ടി-പി.സുശീല, മാധുരി.
4-കണ്ടാറ കട്ടുമ്മല്‍-മാധുരി.
5-മാരിമലര്‍ ചൊരിയുന്ന-മാധുരി.
6-മൊഞ്ചത്തിപ്പെണ്ണേ-അയിരൂര്‍ സദാശിവന്‍.
7-പതിനാലാം രാവുദിച്ചത്-യേശുദാസ്.