വികലാംഗനായ വയോധികനെ കൊലപ്പെടുത്തിയ മരുമകന്‍ അറസ്റ്റില്‍.
ഉദയഗിരി(ആലക്കോട്): വികലാംഗനായ വയോധികനെ സഹോദരിയുടെ മകന്‍ അടിച്ചുകൊന്നു.
ഉദയഗിരി പഞ്ചായത്തില്‍ തൊമരക്കാട് പുല്ലേരിയില്‍ കൂമ്പുക്കല്‍ തങ്കച്ചന്‍ എന്ന ദേവസ്യ(76)ആണ് മരണപ്പെട്ടത്.
പ്രതിയായ ഷൈമോന്‍ പോലീസ് കസ്റ്റഡിയിലാണ്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ നടന്നസംഭവം രാത്രി എട്ടരയോടെയാണ് പുറംലോകം അറിഞ്ഞത്.
സ്ഥിരമായി വഴക്കും ബഹളവും നടക്കുന്ന വീട്ടില്‍ വൈകുന്നേരം നാലരയോടെ തന്നെ ഒച്ചപ്പാടും ബഹളവും നടന്നിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
സ്ഥിരം സംഭവമായതിനാല്‍ ആരും അന്വേഷിച്ചില്ല.
തളര്‍വാതം പിടിപെട്ട് രണ്ട് കാലുകള്‍ക്കും ശേഷിയില്ലാത്ത ദേവസ്യ നിരങ്ങി സഞ്ചരിക്കുന്നയാളാണ്.
തളിപ്പറമ്പ് കപ്പാലം മുക്കോലയില്‍ താമസിക്കുന്ന ഷൈമോന്‍ ഇടക്കിടെ വീട്ടില്‍ വന്ന് ബഹളം വെക്കുന്ന അളാണെന്ന് പോലീസ് പറഞ്ഞു.
ഇയാളുടെ മറ്റൊരു സഹോദരന്‍ ഷൈജുവാണ് സ്ഥിരമായി വീട്ടില്‍ താമസിക്കുന്നത്.
ഷൈമോന്റെ മാതാവ് അന്നക്കുട്ടിയും ഈ വീട്ടില്‍ തന്നെയാണ് താമസം.
വഴക്ക് കൂടുന്നതിനിടയില്‍ പ്രകോപിതനായ ഷൈമോന്‍ ഭാരമുള്ള എന്തോ ഉപയോഗിച്ച് തലക്കടിച്ചതാണ് ദേവസ്യയുടെ മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വൈകുന്നേരം അഞ്ചോടെ തന്നെ കൃത്യം നടന്നരിക്കാമെന്നും മണിക്കൂറുകളോളം രക്തം വാര്‍ന്ന് കിടന്നതാണ് മരണത്തിന് ഇടയാക്കിയതെന്നുമാണ് പോലീസ് പറയുന്നത്.
മരിച്ച ദേവസ്യക്ക് തോമസ്‌കുട്ടി എന്ന മറ്റൊരു സഹോദരന്‍ കൂടിയുണ്ട്.
മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും ഇന്ന് നടക്കും.