എന്‍.ജി.ഒ യൂണിയന്‍ രാപ്പകല്‍ സമരം ഇന്ന് വൈകുന്നേരം സമാപിക്കും.

പരിയാരം: കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള എന്‍ ജി ഒ യൂണിയന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ രണ്ടു ദിവസത്തെ രാപ്പകല്‍ ധര്‍ണ ആരംഭിച്ചു.

എം.വിജിന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു.

യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി.പി.സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.കെ.ഉദയന്‍, എ.എം.സുഷമ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.രഞ്ജിത്ത്, പി.ആര്‍.സ്മിത എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ സെക്രട്ടറി എന്‍ സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.

രാപ്പകല്‍ സമരം ഇന്ന് വൈകുന്നേരം സമാപിക്കും

2019 മാര്‍ച്ചില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് കേരള എന്‍ ജി ഒ യൂണിയന്‍ രാപ്പകല്‍ ധര്‍ണ്ണ സംഘടിപ്പിക്കുന്നത്.

ജീവനക്കാരുടെ പ്രശ്‌നങ്ങള്‍-

മെഡിക്കല്‍ കോളേജ് സഹകരണ മേഖലയിലായിരുന്നപ്പോള്‍ ഉണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെയും ആഗിരണ പ്രക്രിയ വഴി സര്‍ക്കാര്‍ ജീവനക്കാരാക്കി മാറ്റുന്നതിനുള്ള നടപടികള്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും അതുവരെ കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ നിലനിര്‍ത്തുമെന്നും ഉത്തരവാല്‍ നിഷ്‌കര്‍ഷിച്ചു കൊണ്ടാണ് മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍ അഞ്ചു വര്‍ഷം പിന്നിട്ടിട്ടും ആഗിരണ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഡോക്ടര്‍മാരുടെ 100 അധിക തസ്തിക ഉള്‍പ്പെടെ 1562 തസ്തികകള്‍ സൃഷ്ടിച്ചെങ്കിലും ഡോക്ടര്‍മാരുടെയും നഴ്‌സിംഗ് ഓഫീസര്‍മാരുടെയും ആഗിരണ പ്രക്രിയ മാത്രമാണ് നടപ്പിലായത്. അതില്‍ തന്നെ ചില തസ്തികള്‍ സൂപ്പര്‍ ന്യൂമറിയായി അനുവദിച്ചതിനാല്‍ സര്‍വീസ് സീനിയോറിറ്റി അടക്കമുള്ള ആനുകൂല്യങ്ങള്‍ സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുകയാണ്. പാരാമെഡിക്കല്‍, മിനിസ്റ്റീരിയല്‍, ഹൗസ് കീപ്പിംഗ് തുടങ്ങിയ വിഭാഗം ജീവനക്കാരെ ആഗിരണം ചെയ്യുന്ന കാര്യത്തില്‍ തീരുമാനം അനന്തമായി നീണ്ടു പോവുകയാണ്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാരെയും ഉള്‍ക്കൊള്ളുന്നതിന് ആവശ്യമായ തസ്തികകള്‍കൂടി അനുവദിച്ച് ആഗിരണ പ്രക്രിയ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണ്ടതുണ്ട്.അതുവരെ ജീവനക്കാര്‍ക്ക് നേരത്തെ കൂട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ തുടരണമെന്ന് ഏറ്റെടുക്കല്‍ ഉത്തരവില്‍ ഉത്തരമാക്കിയിട്ടും ജീവനക്കാര്‍ക്ക് ലീവ് സറണ്ടറും മറ്റു അവധികളും ഉള്‍പ്പെടെ യാതൊന്നും അനുവദിക്കാത്ത സ്ഥിതിയാണുള്ളത്. അതുപോലെ ജീവനക്കാര്‍ക്ക് 2016ലെ ശമ്പളവും 2018 ലഭിച്ചുകൊണ്ടിരുന്ന ക്ഷാമബത്തയും മാത്രമാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ യൂണിയന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജിന് മുന്നിലും സെക്രട്ടറിയേറ്റിന് മുന്‍പിലടക്കം നിരവധി പ്രക്ഷോഭങ്ങള്‍ നിരന്തരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

അതിന്റെ തുടര്‍ച്ചയായാണ് ജീവനക്കാരുടെ ആഗിരണ പ്രക്രിയ ഉടന്‍ പൂര്‍ത്തീകരിക്കുക, തസ്തിക നിര്‍ണ്ണയം നടത്തുമ്പോള്‍ ജീവനക്കാരുടെ മുന്‍കാല സര്‍വീസ് കൂടി പരിഗണിക്കുക; അതനുസരിച്ച് സര്‍വീസ് ആനുകൂല്യങ്ങള്‍ അനുവദിക്കുക, സ്റ്റാന്‍ഡ് എലോണ്‍ ഓപ്ഷന്‍ സ്വീകരിച്ച ജീവനക്കാര്‍ക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരുന്ന ശമ്പളം സംരക്ഷിച്ചു നല്‍കുക, സ്വരൂപിക്കപ്പെട്ട അവധികള്‍ അനുവദിക്കുക, ആഗിരണ പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ അനുവദിക്കുക, വിരമിച്ച ജീവനക്കാര്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യം ഉടന്‍ അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മെഡിക്കല്‍ കോളേജിനു മുന്നില്‍ രാപ്പകല്‍ ധര്‍ണ്ണ നടത്തുന്നത്.