ദേശീയപാത കയ്യേറി അനധികൃത നിര്‍മ്മാണം-അപകടസാധ്യത കൂട്ടുന്നു-ഉടനടി നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍

തളിപ്പറമ്പ്: ദേശീയപാത കയ്യേറി നടപ്പാതയില്‍ നടത്തിയ കോണ്‍ക്രീറ്റ് കുറ്റികളുടെ നിര്‍മ്മാണം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്.

തളിപ്പറമ്പ്-കണ്ണൂര്‍ റോഡില്‍ തൃച്ചംബരം റേഷന്‍കടക്ക് സമീപത്താണ് ഈ അനധികൃത കയ്യേറ്റം.

ദേശീയപാതയോരത്തെ ഒരു കെട്ടിടം ഉടമയാണ് തന്റെ കെട്ടിടത്തിന് മൂന്നിലെ ദേശീയപാതയുടെ നടപ്പാതയില്‍ ഈ അനധികൃത കയ്യേറ്റം നടത്തിയിരിക്കുന്നത്.

രാപകല്‍ വ്യത്യാസമില്ലാതെ ആയിരക്കണക്കിന് വാഹനങ്ങള്‍ ചീറിപ്പായുന്ന ദേശീയപാതയിലാണ് അപകടത്തിന് ഇടയാക്കുന്ന ഈ നിര്‍മ്മാണം.

നാല് കോണ്‍ക്രീറ്റ് കുറ്റികളാണ് ദേശീയപാതക്ക് ഒരു മീറ്റര്‍ പോലും അകലത്തിലല്ലാതെ നിര്‍മ്മിച്ചിരിക്കുന്നത്.

നിരവധി കാല്‍നടയാത്രക്കാര്‍ കടന്നുപോകുന്ന ഈ ഭാഗത്ത് വലിയ അപടക സാധ്യതയുണ്ടാക്കുന്ന ഈ കുറ്റികള്‍ നീക്കം ചെയ്യാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റോഡപകടസാധ്യത വര്‍ദ്ധീപ്പിക്കുന്നതിനാല്‍ പോലീസിന്റെ ഇടപെടല്‍ ആവശ്യമാണെന്നും നാട്ടുകാര്‍ പറയുന്നു.

ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരും പോലീസുദ്യോഗസ്ഥരും സദാ കടന്നുപോകുന്ന ദേശീയപാതയോരത്ത് പട്ടാപ്പകല്‍ ഇത്തരമൊരു

കയ്യേറ്റം നടന്നിട്ടും ആരും പ്രതികരിക്കാതിരുന്നത് കേരളത്തിന്റെ സാമൂഹ്യബോധം അധ:പതിക്കുന്നതിന്റെ ലക്ഷണമായി കാണണമെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.