വാഗ്ദാനം നിറവേറ്റി കല്ലിങ്കീല്‍-പാളയാട് പാലം നിര്‍മ്മാണം തുടങ്ങി.
തളിപ്പറമ്പ്: പാളയാട് പാലം പൊളിച്ചു, പുതിയ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങി.

തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്റെ വാര്‍ഡില്‍ ഉള്‍പ്പെടുന്ന പാലമാണ് പൊളിച്ചുപണിയുന്നത്.
പാളയാട് വഴി കീഴാറ്റൂര്‍-പുളിമ്പറമ്പ് ഭാഗത്തേക്ക് പോകുന്ന റോഡിന്റെ വികസനത്തില്‍ പ്രധാന തടസമായിരുന്നു ഈ ഇടുങ്ങിയ പാലം.
പാലം പുതുക്കിപ്പണിയാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ എം.വി.ഗോവിന്ദന്‍ എം.എല്‍.എക്ക് നിവേദനം നല്‍കിയിരുന്നു.
അദ്ദേഹത്തിന്റെ അസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയപാലം പണിയുന്നത്.
തളിപ്പറമ്പ് പഞ്ചായത്തായിരിക്കെ 1969 ലാണ് 56 വര്‍ഷം മുമ്പ് പാലം നിര്‍മ്മിച്ചത്. അന്നത്തെ കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍ കല്ലിങ്കീല്‍ നാരായണന്‍ മുന്‍കൈയെടുത്താണ് പാലം നിര്‍മ്മിച്ചത്.
ഈ പാലത്തിന് പിന്നീട് യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിരുന്നില്ല.
തളിപ്പറമ്പിന്റെ വികസനത്തിന് നിര്‍ണായകമാണ് പാളയാട് പാലത്തിന്റെ പുനര്‍നിര്‍മ്മാണമെന്ന് കല്ലിങ്കീല്‍ പത്മനാഭന്‍ പറഞ്ഞു.
തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിലെ പ്രധാനപ്പെട്ട നിര്‍ദ്ദേശമാണ് പുതിയ പാലത്തിലൂടെ നിറവേറ്റുന്നതെന്നും സമയബന്ധിതമായി തന്നെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുമെന്നും കല്ലിങ്കീല്‍ പറഞ്ഞു.
പാലത്തിന് സമീപം ആളുകള്‍ക്ക് നടന്നുപോകാനായി താല്‍ക്കാലിക നടപ്പാലവും ഒരുക്കിയിട്ടുണ്ട്.
