ഓട്ടോപാര്‍ക്കിംഗ്-തടഞ്ഞു, നോ പാര്‍ക്കിംഗ് ബോര്‍ഡ് നശിപ്പിച്ചതായി പരാതി.

പരിയാരം: ഓട്ടോറിക്ഷാ പാര്‍ക്കിങ്ങിന്റെ പേരില്‍ ഗവ.ആയുര്‍വേദ കോളേജില്‍ വിവാദം കൊഴുക്കുന്നു.

കോളേജിലെ പ്രധാന കവാടത്തിനകത്തെ റോഡിലെ അനധികൃത ഓട്ടോ സ്റ്റാന്‍ഡ് ഒഴിപ്പിക്കുന്നതിനായി നോ പാര്‍ക്കിംഗ് ബോര്‍ഡ് സ്ഥാപിച്ചതിന്റെ പേരില്‍ ആയുര്‍വേദ കോളേജ് പരിസരത്തെ ഓട്ടോറിക്ഷക്കാരും മെഡിക്കല്‍ കോളേജ് അധികൃതരും തമ്മിലാണ് തര്‍ക്കം തുടരുന്നത്.

കണ്ണൂര്‍ ആയുര്‍വേദ കോളേജിന്റെ പ്രധാന കവാടത്തിനകത്തുള്ള റോഡില്‍ അനധികൃതമായി സര്‍ക്കാര്‍ സ്ഥലം കയ്യേറി പ്രവര്‍ത്തിച്ചു വരുന്ന ഓട്ടോസ്റ്റാന്‍ഡിന് അനുമതി നിഷേധിച്ച് ബോര്‍ഡ് സ്ഥാപിച്ച് കോളേജ് അധികൃതര്‍ തന്നെ ഗതാഗത തടസ്സം ഉണ്ടാക്കി എന്ന മാധ്യമവാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്.

നിരന്തരമായി ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടും കാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ഓട്ടോസ്റ്റാന്റിലെ ഡ്രൈവര്‍മാര്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയതിന്റ പേരിലാണ് ഇടപെട്ടതെന്നും ഇതിനെതിരെ പരിയാരം പോലീസില്‍ പരാതി നല്‍കിയതായും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പറഞ്ഞു.

ഇവിടെ സ്ഥാപിച്ച നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ 22 ന് രാത്രി എടുത്തുകൊണ്ടുപോയി തകര്‍ത്ത് വലിച്ചെറിഞ്ഞതിന് 5000 രൂപയുടെ നാശനഷ്ടമുണ്ടായതായും പരാതിയുണ്ട്.

കോളേജിന്റെ സ്ഥലം കയ്യേറി അനധികൃതമായി സ്ഥാപിച്ച ഓട്ടോസ്റ്റാന്റ് പ്രവര്‍ത്തനം തടഞ്ഞതിനെ തുടര്‍ന്ന് പൊതുമുതല്‍ നശിപ്പിച്ചത് സംബന്ധിച്ച പരാതി പരിയാരം മെഡിക്കല്‍ കോളേജ് പോലീസില്‍ നല്‍കിയിട്ടുണ്ടെന്നും കോളേജ് അധികൃതര്‍ പറഞ്ഞു.

കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജിന്റെ കവാടത്തിലെ പ്രധാന സ്ഥലം കയ്യേറി അനധികൃതമായി സ്ഥാപിച്ച ഓട്ടോ സ്റ്റാന്‍ഡ് നീക്കം ചെയ്യുന്നതിന് നിയമനുസൃത നിലപാട് ആണ് കോളേജ് സ്വീകരിച്ചിട്ടുള്ളത്.

നിലവില്‍ ദേശീയ പാതക്ക് വേണ്ടി രണ്ടു ഏക്കറോളം സ്ഥലം കോളേജിന് നഷ്ടപ്പെടുകയുണ്ടായി.

കോളജില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന ആയുര്‍വേദ മാനസിക രോഗാശുപത്രി, പഞ്ചകര്‍മ ആശുപത്രി, പി ജി ഹോസ്റ്റല്‍, രസശാസ്ത്ര ലാബ്, പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, അക്കാദമിക് ബ്ലോക്ക് എന്നീ വികസന പദ്ധതികള്‍ക്ക് ആവശ്യം സ്ഥലമില്ലാതെ വീര്‍പ്പുമുട്ടുന്ന കോളേജിന്റെ ഓരോ സ്ഥലവും സംരക്ഷിക്കേണ്ടത് കോളേജിന്റെ കടമയാണ്.

ദേശീയ-അന്തര്‍ ദേശീയ തലത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് ദേശീയ ആയുഷ് മന്ത്രാലയത്തിന്റെ വാര്‍ഷിക അംഗീകാരം ഈയടുത്തായി ഏറ്റവും വേഗത്തില്‍ തന്നെ ലഭിക്കുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ്.

ദേശീയ തലത്തിലെ മത്സര പരീക്ഷകളിലും കേരള ആരോഗ്യ സര്‍വകലാശാലപരീക്ഷകളിലും ഒന്നാം റാങ്കുകള്‍ ഇവിടെ പഠിക്കുന്ന കുട്ടികള്‍ നേടിയെടുക്കുന്നുണ്ട്.

കോളേജിനെ അന്തര്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കുന്ന എല്ലാ സാധ്യതകളും നന്നായി പ്രയോജനപ്പെടുത്തി വരികയാണ്.

90% പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ലഹരിവിമുക്തമായ ക്യാമ്പസ് നിലനിര്‍ത്തുന്നതിനും കോളേജ് ബാധ്യസ്ഥമാണെന്നും പ്രിന്‍സിപ്പാള്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.