ലൗമാര്യേജ് മാത്രം-ആഹ്വാന്‍ സെബാസ്റ്റിയന്റെ 6 ഗാനങ്ങള്‍.

നാടകനടന്‍, ഗാനരചയിതാവ്, സംഗീതസംവിധായന്‍, സംവിധായകന്‍, ഗായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ആഹ്വാന്‍ സെബാസ്റ്റ്യന്‍.

കോഴിക്കോട് കോട്ടപ്പറമ്പ് സ്വദേശിയായ ഇദ്ദേഹം കോഴിക്കോട്ടെ ആഹ്വാന്‍ ആര്‍ട്ട്‌സ് ക്ലബിലെ പ്രധാനനടന്‍ എന്ന നിലക്കാണ് ‘ആഹ്വാന്‍ സെബാസ്റ്റ്യന്‍’ എന്ന പേരില്‍ അറിയപ്പെട്ടത്.

പാട്ടുകളോടുള്ള ഇഷ്ടം കാരണം 1958-ല്‍ മ്യൂസിക്കല്‍ തിയേറ്റേഴ്‌സ് എന്ന പേരില്‍ സ്വന്തമായി പ്രൊഫഷണല്‍ നാടകഗ്രൂപ്പിന് രൂപം നല്‍കി.

എ.കെ.പുതിയങ്ങാടിയുടെ യു.ഡി.എയിലൂടെയാണ് സെബാസ്റ്റ്യന്‍ സംഗീതലോകത്ത് സജീവമായത്.

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഉസ്താദായിരുന്ന വിന്‍സന്റ് മാഷ് യു.ഡി.എ യില്‍ പഠിപ്പിക്കാനെത്തിയപ്പോഴാണ് ആഹ്വാന്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുന്നത്.

പി.എം. കാസിം തുടങ്ങിയ ‘ആഹ്വാന്‍ ആര്‍ട്ട്‌സ് ക്ലബിലെ നായകന്‍ സമിതി വിട്ടുപോയപ്പോള്‍ സെബാസ്റ്റ്യന്‍ അവരുടെ നാടകത്തില്‍ നായകനായി അരങ്ങിലെത്തി.

വാസു പ്രദീപ് രചിച്ച ‘ഭ്രാന്താലയം’ ആയിരുന്നു നാടകം. പിന്നീട് ‘ആഹ്വാനം’ എന്ന നാടകത്തില്‍ അഭിനയിച്ചു.

അതിനിടെ നല്ല ഗായകന്‍ എന്ന നിലയിലും സെബാസ്റ്റ്യന്‍ പേരെടുത്തു. കോഴിക്കോട് ഈവ്‌നിങ് മ്യൂസിക് ക്ലബ് രൂപീകരിച്ചു.

കോഴിക്കോട് വൈ.എം.സി.എ ഹാളില്‍ നടത്തിയ ഗാനമേള വന്‍വിജയമായിരുന്നു.

പിന്നീട് കല്യാണവീടുകളില്‍ സെബാസ്റ്റ്യന്റെ ഗാനമേള പതിവായി. അതിനിടെ വാസു പ്രദീപിന്റെ ‘ദാഹിക്കുന്ന രാത്രി’ എന്ന പരീക്ഷണനാടകത്തില്‍ സെബാസ്റ്റ്യന്‍ സംഗീതസംവിധായകനായി.

പിന്നീട് വാസു പ്രദീപിന്റെ തന്നെ നിശബ്ദനാടകത്തിന് അര്‍ത്ഥവത്തായ സംഗീതം നല്‍കി. ‘കണ്ണില്ലാത്ത ഭാഗ്യവാന്‍’ ആയിരുന്നു അടുത്ത നാടകം.

വാസു പ്രദീപ്, ബാലന്‍ കെ നായര്‍,കുഞ്ഞാണ്ടി,സെലീന തുടങ്ങിയവര്‍ അഭിനയിച്ച നാടകങ്ങളായിരുന്നു അവ.
ആഹ്വാനം, ഭാന്താലയം, ഉപാസന, മാണിക്യം വിഴുങ്ങിയ കണാരന്‍ എന്നീ നാടകങ്ങളിലെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

 1981-ല്‍ തന്റെ തന്നെ ‘ഉപാസന’ എന്ന നാടകം ‘കലോപാസന’ എന്ന പേരില്‍ സിനിമയാക്കുകയും അതു സംവിധാനം ചെയ്യുകയും ചെയ്തു. ആ ചിത്രം പക്ഷെ, ദയനീയമായി പരാജയപ്പെട്ടു.

2011 ല്‍ നിര്യാതനായി.

1975 ല്‍ ചന്തമണി ഫിലിംസിന്റെ ബാനറില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ലൗ മാര്യേജ് എന്ന സിനിമയിലെ 6 ഗാനങ്ങളുടെ സംഗീതസംവിധാനം നിര്‍വ്വഹിച്ചു.

പാട്ടുകള്‍ ഹിറ്റുകളായെങ്കിലും പിന്നീട് ചലച്ചിത്ര സംഗീതരംഗത്ത് അദ്ദേഹം പ്രവര്‍ത്തിച്ചില്ല.

ഹിന്ദുസ്ഥാനി രാഗങ്ങള്‍ ഉള്‍പ്പെടുത്തി ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ഏറെ ഹൃദ്യമാണ്. ഗാനരചന-മങ്കൊമ്പ് ഗോപാലകൃഷ്ണന്‍.

ഗാനങ്ങള്‍-

1-ഈശ്വരന്‍മാര്‍ക്കെല്ലാം-ജയചന്ദ്രന്‍, അയിരൂര്‍ സദാശിവന്‍.

2-കാമിനിമാര്‍ക്കുള്ളില്‍ ഉന്‍മാദമുണര്‍ത്തും-വാണിജയറാം, അമ്പിളി.

3-ലേഡീസ് ഹോസ്റ്റലിനെ-ജയചന്ദ്രന്‍.

4-നീലാംബരീ നീലാംബരീ-യേശുദാസ്.

5-പ്രസാദകുങ്കുമം-എ.എം.രാജ.

6-വൃന്ദാവനത്തിലെ രാധേ-യേശുദാസ്, സീറോ ബാബു.