എന്റെ ഹൈസ്‌കൂള്‍ കാലത്ത് മരിച്ചുപോയ പാവപ്പെട്ട അച്ഛന്‍ നിങ്ങളോട് എന്ത് തെറ്റ്ചെയ്തു – പിണറായി
പഴയങ്ങാടി: എന്റെ ഹൈസ്‌കൂള്‍ കാല ജീവിതത്തില്‍ മരിച്ചു പോയ പാവപ്പെട്ട എന്റെ അച്ഛനെ പറയുന്ന നിലയുണ്ടാവാന്‍ മാത്രം അദ്ദേഹം നിങ്ങളോട് എന്തു തെറ്റു ചെയ്തു.
വഖഫ് ബോര്‍ഡിന്റെ പ്രശ്‌നവുമായി ബന്ധപ്പെട്ട് എന്തിനാണ് നിങ്ങള്‍ അദ്ദേഹത്തെ അപമാനിച്ചത്-
അദ്ദേഹം ചെത്തുകാരനായതാണോ തെറ്റ്. ആ ചെത്തുകാരന്റെ മകനായ വിജയന്‍ അഭിമാനിക്കുന്നുവെന്ന് പല ഘട്ടങ്ങളിലും പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സി.പി.എം ജില്ലാ സമ്മേളന സമാപന സമ്മേളനം പഴയങ്ങാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീം ലീഗ് കോഴിക്കോട് നടത്തിയ പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്ത പ്രസംഗികരിലൊരാള്‍ പിണറായിയെപ്പറ്റി നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഇങ്ങനെ പറഞ്ഞത്.
നിങ്ങള്‍ ആരെ തോണ്ടാനാണിത് പറയുന്നത്. ചെത്തുകാരന്റെ മകനാണെന്നു കേട്ടാല്‍ പിണറായി വിജയനെന്ന ഈഎനിക്ക് വല്ലാത്ത വിഷമമായിപ്പോകുമെന്നാണോ?
നിങ്ങളുടെ സംസ്‌ക്കാരത്തെപ്പറ്റി ഞാനൊന്നും പറയുന്നില്ല. അത്തരം ആളോട് എനിക്ക് ഒന്നേ പറയാനുള്ളൂ അമ്മയെയും പെങ്ങളെയും തിരിച്ചറിയണം- മുഖ്യമന്ത്രിയുടെ ഈ വാക്കുകള്‍ വന്‍ കൈയ്യടിയോടെയാണ് സദസ് സ്വികരിച്ചത്.
നിങ്ങളുടെ വിരട്ടലുകൊണ്ടൊന്നും കാര്യങ്ങള്‍ നേടിക്കളയാമെന്ന ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി മുസ്ലീംലീഗിന് താക്കീത് നല്‍കി.
മുസ്ലീം ലീഗിന്റെ കാലിന്നടിയിലെ മണ്ണ് മെല്ലെ മെല്ലെ ഒഴുകിപ്പോവുകയാണ്, അത് നിങ്ങളിലുള്ള വിശ്വാസക്കുറവാണ് കാണിക്കുന്നതെന്നും പിണറായി പറഞ്ഞു.
എം.വി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെ.പദ്മനാഭന്‍ ,ടി.വി.രാജേഷ് എന്നിവര്‍ സംസാരിച്ചു.
വര്‍ഗീയതയാണ് ലീഗിന്റെ മുഖമുദ്ര- കോടിയേരി ബാലകൃഷ്ണന്‍.
പഴയങ്ങാടി: വര്‍ഗീയതയാണ് ലീഗിന്റെ മുഖമുദ്ര, കോഴിക്കോട് കണ്ടത് അതല്ലേ? മതം അപകടത്തില്‍ എന്നാണ് പ്രചരിപ്പിക്കുന്നത്.
മുസ്ലീംലീഗിനെ ഇപ്പോള്‍ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളാണ്. കുമ്മനം മുസ്ലീം ലീഗിനെ ന്യായീകരിക്കുകയാണ്.
മുതലെടുക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്. ഇത് വലിയ രാഷ്ട്രീയ സംഘര്‍ഷം ഉണ്ടാക്കും.
ആര്‍ എസ് എസ് ആരുമായും കൂട്ടുകെട്ട് ഉണ്ടാക്കും. വിമോചനസമര കാലത്തേത് പോലെ വിശാലമായ ഇടതുപക്ഷ വിരുദ്ധമുന്നണി ഉണ്ടാക്കാനാണ് ഇപ്പോള്‍ ശ്രമം.
വഖഫ് ബോര്‍ഡ് വിഷയം ഇതിനാണ് എടുത്തിട്ടത്. കോഴിക്കോട് റാലി നടത്തിയപ്പോള്‍ ആര്‍ എസ് എസിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞോ?
ബിജെപിയെ വെള്ളപൂശുന്നു. മുഖ്യമന്ത്രിയെ ആക്ഷേപിച്ചപ്പോള്‍ എന്ത് കൊണ്ട് കുഞ്ഞാലിക്കുട്ടി തടഞ്ഞില്ല.
എന്താണ് ഇവരുടെ രാഷ്ടീയ സംസ്‌ക്കാരം. ഏതെങ്കിലും കോണ്‍ഗ്രസ്സുകാരന്‍ ഇതിനെക്കുറിച്ച്പറഞ്ഞോ?
കോണ്‍ഗ്രസ്സിനെ നയിക്കുന്നത് ലീഗാണ്. അവര്‍ക്ക് കുറച്ചു സീറ്റു വേണം. ഈ വികസന വിരുദ്ധരെ ഒറ്റപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു. .