പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം: മൂന്ന് വര്‍ഷം കഠിനതടവും ഒരുലക്ഷം പിഴയും ശിക്ഷ.

തളിപ്പറമ്പ്: 13 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ കണ്ണൂര്‍ മരക്കാര്‍കണ്ടി സ്വദേശിക്ക് 3 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ.

തയ്യില്‍ മരക്കാര്‍ കണ്ടി കാക്കാതോട് വലയിലെ അന്‍മോലില്‍ പി.കെ.നസീറിനെയാണ്(46) തളിപ്പറമ്പ് അതിവേഗ പോക്‌സോകോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

2020 ഒക്ടോബര്‍ 10 നായിരുന്നു കേസിനാസ്പദമായ സംഭവം.

വൈകുന്നേരം 4.15 ന് സ്‌ക്കൂട്ടറില്‍ വരികയായിരുന്ന നാസര്‍ ഭ്രാന്തന്‍കുന്ന് റോഡിലൂടെ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

അന്നത്തെ തളിപ്പറമ്പ് സി.ഐ എന്‍.കെ.സത്യനാഥന്‍, എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ എന്നിവരാണ് കേസന്വേഷിച്ച് പ്രതിയെ പിടികൂടിയത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

തളിപ്പറമ്പില്‍ ഏറെ വിവാദമുണ്ടാക്കിയ ഈ കേസിലെ പ്രതിയെ സി.സി.ടി.വികള്‍ പരിശോധിച്ച് മാരത്തോണ്‍ അന്വേഷണത്തിലൂടെയാണ് പോലീസ് പിടികൂടിയത്.