രാജരാജേശ്വര ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന മഹാദേവപ്രതിമയുടെ മാതൃക അനാച്ഛാദനം ചെയ്തു.

തളിപ്പറമ്പ്: ശ്രീ രാജരാജേശ്വര ക്ഷേത്രാങ്കണത്തില്‍ ടി.ടി.കെ. ദേവസ്വം അനുമതിയോടെ 2023 ജനവരിയില്‍ പ്രമുഖ വ്യവസായി മൊട്ടമ്മല്‍ രാജന്‍ സമര്‍പ്പിക്കുന്ന 12 അടി ഉയരത്തില്‍ വെങ്കലത്തില്‍ രൂപകല്പന ചെയ്ത ശ്രീ മഹാദേവന്റെ പ്രതിമയുടെ മാതൃക അനാച്ഛാദനം ചെയ്തു.

ചിറവക്ക് നീലകണ്ഠ അയ്യര്‍ സ്മാരക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം ലോര്‍ഡ് വേവെര്‍ളിയും പാലക്കാട് മുതലമട സ്‌നേഹാശ്രമം സ്ഥാപകന്‍ സുനില്‍ദാസ് സ്വാമിയും ചേര്‍ന്നാണ് അനാച്ഛാദനം നിര്‍വ്വഹിച്ചത്.

തന്റെ ഉത്ഘാടന പ്രഭാഷണത്തില്‍ ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കാനായതു സാക്ഷാല്‍ ശ്രീ രാജരാജേശ്വരന്റെ കൃപകൊണ്ടാണെന്നും, ഭാരതത്തിലെ വൈവിധ്യങ്ങളില്‍ ഒന്നായ ആധ്യാത്മിക സംസ്‌കാരം ലോകത്തിനു മാതൃകയാണെന്നും,

താനിത് ഉള്‍ക്കൊണ്ട് നിലവില്‍ ഈ സംസ്‌കാരം ബ്രിട്ടനിലുണ്ടെങ്കിലും, അത് വിപുലമാക്കാനും സുദൃഢമാക്കാനും ശ്രമിക്കുമെന്നും ഇന്ത്യയുമായി നിഷേപ സംരംഭങ്ങള്‍ക്കൊപ്പം ആധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ സഹകരണം നല്‍കുമെന്നും ലോര്‍ഡ് വെവേര്‍ളി വാഗ്ദാനം നല്കി.

തളിപ്പറമ്പ് ശ്രീ രാജരാജേശ്വരന്റെ അനുഗ്രഹവര്‍ഷം താന്‍ സ്വയം നേടിയിട്ടുണ്ടെന്നും മൈസൂര്‍ മഹാരാജ മുതല്‍ താന്‍ നേരിട്ട് അറിഞ്ഞതാണെന്നും അനുഭവത്തിന്റെ വെളിച്ചത്തില്‍ തളിപ്പറമ്പ് ക്ഷേത്രത്തിന്റെ അഭിവൃദ്ധിക്കായും പ്രചാരണത്തിനായും തന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും സ്വാമി സുനില്‍ ദാസ് വ്യക്തമാക്കി.

ഇന്ത്യയിലെ ഗ്രീന്‍മാന്‍ എന്ന് അറിയപ്പെടുന്ന ശിവഭക്തനായ ഡോ.അബ്ദുല്‍ ഘനി, താന്‍ അമ്പതു ലക്ഷം വൃക്ഷതൈകള്‍ നട്ടത്തില്‍ പത്തു ലക്ഷം ചെടികളും ശിവ ക്ഷേത്രത്തിലാണെന്ന് ചടങ്ങില്‍ വ്യക്തമാക്കി.

ശ്രീ രാജരാജേശ്വര ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍ കുബേരന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു.

ഗ്രീന്‍ മാന്‍ ഓഫ് ഇന്ത്യ ഡോ.അബ്ദുള്‍ ഘനി, ഓംകാരം ഫൗണ്ടേഷന്‍ രക്ഷാധികാരി കമല്‍ കുന്നിരാമത്ത് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.

ടി.ടി.കെ. ദേവസ്വം പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരി സംസാരിച്ചു. പെരിഞ്ചെല്ലൂര്‍ സംഗീതസഭ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍ സ്വാഗതവും ഹോട്ടല്‍ ഹൊറൈസോണ്‍ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ മൊട്ടമ്മല്‍ രാജന്‍ നന്ദിയും പറഞ്ഞു.

ശില്പി ഉണ്ണി കാനായിയെ ചടങ്ങില്‍ ആദരിച്ചു. ആധ്യാത്മികസാംസ്‌ക്കാരികസാഹിത്യ പൊതു രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.