മണല്‍ മാഫിയക്കെതിരെ നടപടികള്‍ ശക്തമാക്കി പഴയങ്ങാടി പോലീസ്

പഴയങ്ങാടി:മണല്‍ മാഫിയക്കെതിരെ നടപടികള്‍ ശക്തമാക്കി പഴയങ്ങാടി പോലീസ്.

ഇന്ന് രാവിലെ രണ്ടു മണല്‍ ലോറികള്‍ പോലീസ് പിടിച്ചെടുത്തു.

മുട്ടം വെള്ളച്ചാലിലും മാട്ടൂല്‍ സൗത്തിലും നിന്നാണ് പോലീസ് മണല്‍ലോറികള്‍ പിടികൂടിയത്.

പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ എന്‍.കെ.സത്യനാഥന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ പി.യദുകൃഷ്ണന്‍, എസ് ഐ പ്രകാശന്‍, എസ് സി പി ഒമാരായ ശ്രീകാന്ത്, ജോഷി ജസ്റ്റസ്, ചന്ദ്രകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് മണല്‍ ലോറികള്‍ പിടികൂടിയത്.

മണല്‍കടത്ത് വ്യാപകമായതോടെയാണ് അനധികൃതമായി മണലൂറ്റി മണല്‍ക്കടത്ത് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കി.

ഒരു മാസത്തിനിടയില്‍ തന്നെ മണല്‍ കടത്തു സംഘത്തിന്റെ എട്ടോളം ടിപ്പര്‍ ലോറികളാണ് പോലീസ് പിടിച്ചെടുത്തത്.

ഇന്‍സ്‌പെക്ടര്‍ സത്യനാഥന്റെ നേതൃത്വത്തില്‍ മാട്ടൂല്‍ പുഴയരികില്‍ കടത്താനായി കൂട്ടി വച്ച 50 ഓളം ലോഡ് മണല്‍ കണ്ടെത്തുകയും ജെസിബി ഉപയോഗിച്ച് ഇത് പുഴയിലേക്ക് തന്നെ ഒഴുക്കുകയും ചെയ്തിരുന്നു.