പരിയാരത്തെക്കുറിച്ച് മിണ്ടാന്‍ സ്പീക്കര്‍ എത്തിയില്ല.

പരിയാരം: പരിയാരത്തെക്കുറിച്ച് മിണ്ടാന്‍ സ്പീക്കര്‍ എത്തിയില്ല. കണ്ണൂര്‍ ജില്ലാ നേഴ്‌സസ് വാരാഘോഷത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ വിട്ടുനിന്നതാണ് വിവാദമായത്.

മെഡിക്കല്‍ കോളേജില്‍ അടിസ്ഥാനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവാതെ സര്‍ക്കാരും ബന്ധപ്പെട്ട അധികൃതരും നിസംഗരായുള്ള നില്‍പ്പ് തടരുകയാണ്.

എട്ട് നിലകളിലേക്ക് രോഗികളും കൂട്ടിരിപ്പുകാരും ഉപയോഗപ്പെടുത്തുന്ന ഏഴ് ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കാതായിട്ട് മാസങ്ങളായി.

പുതുതായി ഉദ്ഘാടനം ചെയ്ത രണ്ട് ലിഫ്റ്റുകളും ഇടമിന്നലില്‍ തകരാറിലായി.

ഇതോടൊപ്പം മോര്‍ച്ചറിയില്‍ ഫ്രീസറുകളും കേടായതിനാല്‍ മൃതദേഹങ്ങള്‍ കൊണ്ട് ബന്ധുക്കളും പോലീസും നെട്ടോട്ടമോടുകയാണ്.

അടിസ്ഥാനപരമായ ഈ പ്രശ്‌നങ്ങളില്‍ ഇന്ന് രാവിലെ നേഴ്‌സസ് വാരാഘോഷത്തിന്റെ സമാപനപരിപാടിക്ക് എത്തുന്ന സ്പീക്കര്‍ ഒന്ന് മിണ്ടുമോ എന്നാണ് മലയാള മനോരമ വാര്‍ത്ത നല്‍കിയത്.

ഇന്ന് രാവിലെയാണ് സ്പീക്കറുടെ പരിപാടി റദ്ദാക്കിയതായി സംഘാടകര്‍ക്ക് വിവരം ലഭിച്ചത്.

പെട്ടെന്ന് തന്നെ സ്പീക്കര്‍ പരിപാടി റദ്ദാക്കിയതിന് പിന്നില്‍ ഈ പത്രവാര്‍ത്തയാണെന്നാണ് സൂചന.

ഇന്നലെ രാത്രി വരെ വരുമെന്ന് സൂചന നല്‍കിയെങ്കിലും പെട്ടെന്ന് സ്പീക്കറുടെ പരിപാടി റദ്ദാക്കിയതിന് വ്യക്തമായ കാരണങ്ങള്‍ പറയാത്തതിനാല്‍ വിവാദങ്ങള്‍ക്ക് ചൂടുപിടിച്ചിട്ടുണ്ട്.

എന്നാല്‍ ഒഴിച്ചുകൂടാനാവാത്ത മറ്റ് ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാലാണ് പരിയാരത്തെ പരിപാടി റദ്ദാക്കേണ്ടി വന്നതെന്നാണ് സ്പീക്കറുടെ ഓഫീസിന്റെ വിശദീകരണം.