തുടര്‍ച്ചയായി 24 വര്‍ഷവും ഗ്രാന്റ് ഇഫ്ത്വാര്‍ സംഗമം ഒരുക്കി പരിയാരം എസ്.വൈ.എസ്.സാന്ത്വന കേന്ദ്രം

പരിയാരം: പരിശുദ്ധ റമളാനില്‍ തുടര്‍ച്ചയായി 24-ാം വര്‍ഷവും ഇഫ്താര്‍ സംഗമം ഒരുക്കി പരിയാരം എസ്.വൈ.എസ് സാന്ത്വന കേന്ദ്രം.

അല്‍മഖറും എസ്.വൈ.എസ് സാന്ത്വനവും സംയുക്തമായാണ് നോമ്പ്തുറയും അത്താഴവും വിതരണം ചെയ്യുന്നത്.

പരിയാരം മെഡിക്കല്‍ കോളേജിലെ രോഗികള്‍, കൂട്ടിരിപ്പുകാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ക്കാണ് നോമ്പുതുറയും അത്താഴവും വിതരണം ചെയ്യുന്നത്.

24 വര്‍ഷങ്ങള്‍ക്ക് മുമ്പ് അല്‍മഖറിന്റെ നേതൃത്വത്തില്‍ ചിത്താരി ഹംസ മുസ്ലിയാരാണ് ഈ മഹത് പദ്ധതിക്ക് തുടക്കം കുറിച്ചത്.

മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ 2023 ബാച്ച് വിദ്യാര്‍ത്ഥികളാണ് ഇക്കുറി കോര്‍ഡിനേഷന്‍ ചുമതലയും വളണ്ടിയര്‍ ചുമതലയും വഹിക്കുന്നത്.

തളിപ്പറമ്പ്, പയ്യന്നൂര്‍, മാടായി സോണുകളില്‍ നിന്നുള്ള ഓരോ യൂണിറ്റില്‍ നിന്നാണ് നോമ്പ് തുറക്കുള്ള പലഹാരങ്ങള്‍ എത്തിക്കുന്നത്.
മുന്നേ രജിസ്റ്റര്‍ ചെയ്യുന്ന ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും വിഭവങ്ങള്‍ എത്തിച്ച് നല്‍കും.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, സാംസ്‌കാരിക സാമൂഹിക വ്യവസായ രംഗങ്ങളിലെ പ്രമുഖര്‍ എന്നിവരുടെ സഹകരണമാണ് ഈ മഹത് പ്രവ്യത്തികള്‍ക്ക് സാമ്പത്തികമായി കരുത്താകുന്നതെന്നും 25 ലക്ഷംരൂപ ഇതിന് ചിലവാകുന്നുണ്ടെന്നും പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് കൂടിയായ റഫീഖ് അമാനി തട്ടുമ്മല്‍ പറഞ്ഞു.

ഡയാലിസിസ് കേന്ദ്രം ഉള്‍പ്പെടെ അവസാനഘട്ട പ്രവര്‍ത്തനത്തിലാണ്. പരിയാരം സാന്ത്വന കേന്ദ്രത്തില്‍ ഇന്നലെ നടന്ന ഗ്രാന്റ് ഇഫ്താറില്‍ റഫീക്ക് അമാനി തട്ടുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു.

എ. ബി.സി. ബഷീര്‍, എസ്.പി.നാസിം ഹാജി. മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ്, പോലീസ് സര്‍ജന്‍ ഡോ.പ്രജിത്ത്, ഡോ. ഉക്കാഷ്, ഇഖ്ബാല്‍ പള്ളിക്കര, ആശിഖ് അമാനി, കരിമ്പം കെ.പി.രാജീവന്‍, ടി.വി.ശൈലേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഷെരീഫ് പരിയാരം നന്ദി പറഞ്ഞു.