കത്തുണ്ടെങ്കില്‍ കാണിക്കൂ-ബ്രാഞ്ചില്‍ നിന്ന് ലോക്കലിലേക്ക് കത്തുകൊടുക്കുന്നത് നിങ്ങളുടെ പരിപാടി-കൗണ്‍സില്‍ യോഗത്തില്‍ കല്ലിങ്കീല്‍.
തളിപ്പറമ്പ്: മൂന്നേകാല്‍ മണിക്കൂര്‍ നീണ്ട തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൊണ്ടും കൊടുത്തും ഭരണപക്ഷവും പ്രതിപക്ഷവും.
ഭരണകക്ഷിയെ ശക്തമായി പ്രതിരോധിച്ച് മരണമാസായി കല്ലിങ്കീല്‍ പത്മനാഭന്‍.
ഇന്ന് രാവിലെ നടന്ന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ശബ്ദായമാനമായ നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവെന്നുവെങ്കിലും സമര്‍ത്ഥമായി പ്രതിരോധിക്കാന്‍ ഭരണപക്ഷത്തിന് സാധിച്ചു.
പുതുതായി അഞ്ച് താല്‍ക്കാലിക ശുചീകരണ തൊഴിലാളികളെ നിയമിക്കാനുള്ള തീരുമാനത്തിനെതിരെ സി.പി.എം കൗണ്‍സിലര്‍മാരായ വി.വിജയനും സി.വിഗിരീശനുമാണ് രംഗത്തുവന്നത്.
കക്ഷിനേതാവ് ഒ.സുഭാഗ്യവും തടസവാദങ്ങളുമായി എഴുന്നേറ്റതോടെ ഒച്ചപ്പാടായി.
ഭരണകക്ഷിയുടെ പാര്‍സ്വവര്‍ത്തികലേയും ജീവനക്കാരുടെ ബന്ധുക്കളേയുമാണ് നിയമിച്ചതെന്നും ഡി.സി.സി.പ്രസിഡന്റുവരെ ശുപാര്‍ശ കത്ത് നല്‍കിയെന്നും സി.വി.ഗിരീശന്‍ വിമര്‍ശിച്ചപ്പോല്‍ അങ്ങിനെ ഒരു കത്തുമില്ലെന്നും ഉണ്ടെങ്കില്‍ കാണിക്കണമെന്നും വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ പറഞ്ഞു.
കാര്യം സാധിക്കാന്‍ ബ്രാഞ്ചില്‍ നിന്ന് ലോക്കലിലേക്കും ഏരിയയിലേക്കും കത്ത് കൊടുക്കുന്നത് നിങ്ങളുടെ രീതിയാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുെട പത്രമായ ദേശാഭിമാനിയില്‍ ഉള്‍പ്പെടെ മൂന്ന് പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടും ആകെ എത്തിയത് വെറും എട്ടുപേരാണെന്നും, എന്താ നിങ്ങളാരും ദേശാഭിമാനി വായിക്കാറില്ലേയെന്നും കല്ലിങ്കീല്‍ ചോദിച്ചു.
എംപ്ലോയ്‌മെന്റ് മുകേന ജീവനക്കാരെ എടുക്കണമെന്നായിരുന്നു ഒ.സുഭാഗ്യത്തിന്റെ ആവശ്യം. എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റ് ചോദിച്ചിട്ടുണ്ടെന്നും കിട്ടുന്ന മുറയ്ക്ക് നിയമനം നടത്തുമെന്നും ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി അറിയിച്ചതോടെ രംഗം ശാന്തമായി.
നഗരസഭയുടെ ബസ്റ്റാന്റ് കോംപ്ലക്‌സില്‍ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന വി.ജയേഷിന്റെ വണ്‍സീറോ ഐ.ടി.വേള്‍ഡ് എന്ന സ്ഥാപനത്തില്‍ ടാറ്റൂ കമ്പനി എന്ന പേരില്‍ ടാറ്റൂ സ്റ്റുഡിയോ സ്ഥാപിക്കാനുള്ള അനുമതി തേടി സമര്‍പ്പിച്ച അപേക്ഷയിന്‍മേല്‍ ചേരിതിരിഞ്ഞ് വാക്‌പോര് നടന്നു.
ഒരാള്‍ക്ക് ഇത്തരത്തില്‍ ലൈസന്‍സ് നല്‍കിയാല്‍ കൂടുതലാളുകള്‍ അപേക്ഷയുമായി വരുമെന്നും ഇത് ശരിയായ കീഴ്‌വഴക്കമല്ലെന്നുമായിരുന്നു കക്ഷിനേതാവ് ഒ.സുഭാഗ്യത്തിന്റെ വാദം.
ഒരിക്കലും ടാറ്റൂ കമ്പനിക്ക് ലൈസന്‍സ് നല്‍കരുതെന്നും അവര്‍ വാദിച്ചു. 20,765 രൂപ പതിമാസം നഗരസഭക്ക് വാടകതരുന്ന ഐ.ടി സ്ഥാപനം വ്യാപാരം കുറഞ്ഞതിനാല്‍ നിലനില്‍പ്പിന് വേണ്ടിയാണ് ഇത്തരമൊരു മാറ്റത്തിന് ശ്രമിക്കുന്നതെന്നും അതിന് അനുമതി നല്‍കേണ്ടത് മനുഷ്യത്വപരമായ ആവശ്യമാണെന്നും വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ പറഞ്ഞു.
സി.വി.ഗിരീശന്‍, കെ.എം.ലത്തീഫ്, വി.വിജയന്‍, ഡി.വനജ, എം.പി.സജീറ, പി.പി.വല്‍സല, പി.വി.സുരേഷ്, പി.സി.നസീര്‍, കെ.രമേശന്‍, പി.പി.മുഹമ്മദ്‌നിസാര്‍, കൊടിയില്‍ സലീം എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി അധ്യക്ഷത വഹിച്ചു.
