രാജി തുടരുന്നു-ബാങ്കിലെ നിയമനത്തില്‍ പ്രസിഡന്റിന്റെ സമീപനത്തിനെതിരെ പ്രതിഷേധം ശക്തം.
തളിപ്പറമ്പ്: തളിപ്പറമ്പിലെ കോണ്‍ഗ്രസില്‍ ഭാരവാഹിത്വത്തില്‍ നിന്നുള്ള രാജി തുടരുന്നു.
മണ്ഡലം പ്രസിഡന്റ് സ്ഥാനവും ബാങ്ക് പ്രസിഡന്റ് സ്ഥാനവും ഒരേസമയം കയ്യാളുന്ന അഡ്വ.ടി.ആര്‍.മോഹന്‍ദാസിന്റെ ഏകാധിപത്യ നയങ്ങളില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ്
സി.സി.ശ്രീധരന്‍ ഭാരത്‌ജോഡോ യാത്ര കണ്‍വീനര്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെ, കോണ്‍ഗ്രസ് 100-ാം ബൂത്ത് കമ്മറ്റി പ്രസിഡന്റ് കെ.രവീന്ദ്രന്‍ മാസ്റ്ററും ഇന്നലെ സ്ഥാനം രാജിവെച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സി.വി.വരുണിന് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്കില്‍ നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട് പ്രസിഡന്റായ മോഹന്‍ദാസ് സ്വീകരിച്ച ചില സമീപനങ്ങളാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ വരുണിന് ബാങ്കില്‍ ജോലി നല്‍കണമെന്ന കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്റെ നിര്‍ദ്ദേശം പോലും മോഹന്‍ദാസ് നീട്ടിക്കൊണ്ടുപോയി എന്ന ആരോപണം ശക്തിപ്പെട്ടപ്പോഴാണ് നിയമനം നല്‍കിയതെന്ന് ഐ വിഭാഗത്തിലെ വലിയൊരുവിഭാഗം പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് മോഹന്‍ദാസ് സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ സി.സി.ശ്രീധരന്‍ ഉള്‍പ്പെടെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു.
ഇതോടെയാണ് ഭാരത് ജോഡോ യാത്ര കണ്‍വീനറായ സി.സി.ശ്രീധരനെ അറിയിക്കാതെ മോഹന്‍ദാസ് ഏകപക്ഷീയമായ രീതിയില്‍ ് ജോഡോയാത്രയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും ഐ വിഭാഗം പറയുന്നു.
ഈസ്റ്റ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന പ്രസിഡന്റ് അഡ്വ.സക്കരിയ്യ കായക്കൂലിന്റെ ആവശ്യത്തിന് നേരെ മാസങ്ങളായി പുറംതിരിഞ്ഞുനില്‍ക്കുന്ന
ഡി.സി.സി നേതൃത്വം ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ അടിയന്തിരമായി ഇടപെട്ട് പരിഹരിക്കണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.
ഒരാള്‍ക്ക് ഒരുപദവി എന്ന നയം മോഹന്‍ദാസിന്റെ കാര്യത്തില്‍ നടപ്പിലാക്കണമെന്ന ആവശ്യവും ശക്തമായിരിക്കയാണ്.