ടി.ടി.കെ.ദേവസ്വത്തില്‍ നെയ്‌വിളക്ക് വഴിപാട്–ദാ വഴിയിലായി-
തളിപ്പറമ്പ്: ടി.ടി.കെ.ദേവസ്വത്തില്‍ നെയ്‌വിളക്ക് വഴിപാട് ക്ഷേത്രത്തിലെ ഗര്‍ഭഗൃഹങ്ങളുടെ പടിക്ക് പുറത്താവുന്നതായി ആക്ഷേപം.
ദേവസ്വത്തിന് കീഴിലുള്ള പ്രധാന ക്ഷേത്രങ്ങളായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും തൃച്ചംബരം ക്ഷേത്രത്തിലും ഇതാണ് സ്ഥിതി.
ഭക്തര്‍ നിറഞ്ഞ മനസോടെ ദൈവത്തിന് സമര്‍പ്പിക്കുന്ന നെയ്‌വിളക്ക് വഴിപാടുകള്‍ ആദ്യകാലങ്ങളില്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച ഗര്‍ഭഗൃഹങ്ങള്‍ക്കുള്ളിലായിരുന്നു സമര്‍പ്പിച്ചിരുന്നത്.
നെയ്യ് ഒഴിച്ച് തിരിയിട്ട വിളക്ക് ഭക്തര്‍ തൃപ്പടിമേല്‍ കത്തിച്ചുവെക്കുന്നത് പൂജാരി എടുത്ത് വിഗ്രഹത്തിന് മുന്നില്‍ വെക്കുന്നത് ആത്മനിര്‍വൃതിയോടെയാണ് ഭക്തര്‍ കണ്ടിരുന്നത്.
എന്നാല്‍ പിന്നീട് ശ്രീകോവിലിനകത്ത് നിശ്ചയിക്കപ്പെട്ട മറ്റൊരു സ്ഥലത്തേക്ക് ഇത് മാറ്റുകയായിരുന്നു. വളരെ വിശേഷപ്പെട്ട വഴിപാടുകളിലൊന്നാണ് നെയ്‌വിളക്ക് കത്തിക്കല്‍.
പ്രത്യേക കാര്യസാധ്യങ്ങള്‍ മനസില്‍ സങ്കല്‍പ്പിച്ചാണ് ഇത് ചെയ്യുന്നത്. വിവാഹം, ജോലി തുടങ്ങിയ പ്രത്യേക കാര്യസാധ്യങ്ങള്‍ക്കായി നെയ്യ് നിറയെ ഒഴിച്ച് തിരി തെളിയിക്കേണ്ടതാണ്.
ഇത് 12, 21, 41 ദിവസങ്ങളില്‍ വേണം ചെയ്യേണ്ടത്. അതായത് 12 ദിവസം അടുപ്പിച്ച്, അല്ലെങ്കില്‍ 21 ദിവസം അടുപ്പിച്ച്, അല്ലെങ്കില്‍ 41 ദിവസം അടുപ്പിച്ച് വേണം ഇത് ചെയ്യുന്നത്.
അത്രയും ദിവസത്തിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് കാര്യസാധ്യം സംഭവിക്കുമെന്നാണ് വിശ്വാസം.
പക്ഷെ, ഇപ്പോള്‍ ഇത് എല്ലാ അര്‍ത്ഥത്തിലും വഴിപാട് മാത്രമായി മാറി. ഭക്തരുടെ പണം പിടുങ്ങുക എന്നതിലപ്പുറം ഇതില്‍ ഒന്നുമില്ലെന്ന വിമര്‍ശനം ശക്തമാവുകയാണ്.
തൃച്ചംബരം, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം നെയ് വിളക്കിന്റെ സ്ഥാനം ഇപ്പോള്‍ ക്ഷേത്രപരിചാരകര്‍ക്ക് തോന്നുന്നത് പോലെയാണ്.
ഇതിന് കാരണമായി അവര്‍ പറയുന്നത് ഗര്‍ഭഗൃഹങ്ങളില്‍ കൂടുതല്‍ നെയ്‌വിളക്ക് തെളിയിക്കുന്നത് കാരണം കടുത്ത ചൂടും പുകയും ഉണ്ടാകുന്നുവെന്നും ഇത് വിഗ്രഹത്തിനും പൂജാരിമാര്‍ക്കും അസഹ്യത സൃഷ്ടിക്കുന്നുവെന്നുമാണ്.
ദേവപ്രശ്‌നങ്ങളില്‍ ഇക്കാര്യം ഉന്നയിച്ച് ദേവഹിതം തേടി ചാര്‍ത്ത് വാങ്ങിയാണ് തളിപ്പറമ്പിലും തൃച്ചംബരത്തും മറ്റ് ക്ഷേത്രങ്ങളിലും ഇപ്പോള്‍ ക്ഷേത്രത്തിന് പുറത്ത് നെയ്‌വിളക്ക് സമര്‍പ്പിക്കുന്നതെന്നാണ് പറയുന്നത്.
ടി.ടി.കെ.ദേവസ്വത്തില്‍ സ്ഥിരം എക്‌സിക്യുട്ടീവ് ഓഫീസര്‍ ഇല്ലാത്തത് കാരണം എല്ലാം ഓരോരുത്തര്‍ക്ക് തോന്നുന്നത് പോലെയാണെന്നാണ് ആക്ഷേപം. ഭക്തരുടെ താല്‍പര്യം ഒട്ടും പാലിക്കപ്പെടുന്നില്ലെന്ന പരാതി വ്യാപകമാണ്.