മലിനജലം-മെഡിക്കല്‍ കോളേജിന് ഉത്തരവാദിത്വമില്ല പ്രിന്‍സിപ്പാള്‍ ഡോ.സൈറു ഫിലിപ്പ്.
പരിയാരം: കണ്ണൂര്‍ ഗവ,മെഡിക്കല്‍ കോളേജിലെ സ്വീവേജ് പ്ലാന്റില്‍ നിന്നും മലിനജലം ദേശീയപാതയിലേക്ക് ഒഴുക്കിയ സംഭവത്തില്‍ മെഡിക്കല്‍ കോളേജിന് ഉത്തരവാദിത്വമില്ലെന്ന് പ്രിന്‍സിപ്പാള്‍ ഡോ.സൈറു ഫിലിപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഇത് സംബന്ധിച്ച് ഇന്ന് രാവിലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ടാണ് പ്രസ്താവന പുറപ്പെടുവിച്ചത്.
പ്രസ്താവനയുടെ പൂര്‍ണ്ണരൂപം ചുവടെ.
കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെതിരെ വന്ന വാര്‍ത്ത വസ്തുത പൂര്‍ണമായും മനസിലാക്കാതെയാണെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സൈറു ഫിലിപ്പ് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ മലിനജല പ്ലാന്റിലെ കളക്ഷന്‍ ടാങ്ക് ശുചീകരിക്കുന്നതും നവീകരിക്കുന്നതുമായ പ്രവര്‍ത്തികള്‍ നടന്നുവരികയാണ്. നിശ്ചിത ഇടവേളകളില്‍ അനിവാര്യമായ പ്രവൃത്തിയാണിത്. കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിച്ചുതന്നെ ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്ന് കരാര്‍ ഏറ്റെടുത്തവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതുമാണ്. എന്നാല്‍, ശുചീകരണ പ്രവൃത്തിയുടെ കരാര്‍ ഏറ്റെടുത്തയാള്‍ ഏജന്‍സി വഴി ഏല്‍പ്പിച്ച തൊഴിലാളികള്‍, ആശുപത്രി കോംപൗണ്ടിന് പുറത്ത് മാലിന്യം നിക്ഷേപിക്കുന്ന സ്ഥിതിയുണ്ടായി. ഇക്കാര്യം അറിഞ്ഞയുടന്‍ ഇടപെടുകയും സ്റ്റോപ്പ് മെമ്മോ കൊടുത്തതുമാണ്. സ്ഥാപനം അറിഞ്ഞുകൊണ്ടല്ലാതെയുണ്ടായ ഈ പ്രവൃത്തിയുടെ ഉത്തരവാദിത്തം, ശുചീകരണ പ്രവൃത്തിയുടെ കരാര്‍ ഏറ്റെടുത്ത ഏജന്‍സിക്കാണെന്നത് പറയേണ്ടതായിട്ടില്ല. ഏറെ സൂക്ഷ്മതയോടെ ഏറ്റെടുക്കേണ്ടുന്ന മലിനജല പ്ലാന്റിലെ കളക്ഷന്‍ ടാങ്ക് ശുചീകരിക്കുന്ന പ്രവൃത്തി, അങ്ങനെയല്ലാതെ അവര്‍ കൈകാര്യം ചെയ്തതിന്റെ ഭാഗമായാണ് പഞ്ചായത്ത് സെക്രട്ടറി പിഴ ചുമത്തിയത്. ആയത് അടക്കേണ്ട ഉത്തരവാദിത്തം ഈ പ്രവൃത്തി കൃത്യമായി ചെയ്തുനല്‍കാം എന്ന ഉറപ്പില്‍ കരാര്‍ പ്രകാരം ജോലി ഏറ്റെടുത്ത ഏജന്‍സിക്കായതിനാല്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് പിഴയിട്ട നടപടി ഒഴിവാക്കണമെന്ന് പഞ്ചായത്ത് അധികൃതരോട് അഭ്യര്‍ത്ഥിക്കുകയാണുണ്ടായത്. പിഴ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍, ശുചീകരണക്കരാര്‍ ഏറ്റെടുത്ത ഏജന്‍സിയില്‍ നിന്നും പ്രസ്തുത പിഴത്തുക ഈടാക്കി അടക്കുന്നതിനുള്ള നടപടി കൈക്കൊള്ളുന്നതാണെന്ന കാര്യം അറിയിച്ചതാണെന്നും പ്രിന്‍സിപ്പാള്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
![]()