അങ്ങനെ നിങ്ങള്‍ സുഖിക്കണ്ട-ഞങ്ങള്‍ കുഴിച്ചുതോണ്ടും–എന്ന് സ്വന്തം വാട്ടര്‍ അതോറിറ്റി-ഒപ്പ് !!!!
തളിപ്പറമ്പ്: പുതുതായി മെക്കാഡം ടാറിങ്ങ് നടത്തിയ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനറോഡ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ വെട്ടിപ്പൊളിച്ചു.

തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് മുന്നിലെ റോഡിലാണ് ഈ വിക്രിയ നടന്നത്.
റോഡ് വീതി കൂട്ടി ടാറിട്ടതോടെ അതിനടിയില്‍ പെട്ടു പോയ വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ പൊട്ടി വെള്ളം റോഡിലേക്ക് ഉയര്‍ന്ന് ഒഴുകുകയായിരുന്നു.
പൊട്ടിയ പൈപ്പുകള്‍ ശരയാക്കാനാണ് റോഡ് പൊളിക്കേണ്ടി വന്നത്. റോഡ് പൊളിച്ച കുഴിയില്‍ കരിങ്കല്‍ ചീളുകളിട്ട് നിറച്ചിരിക്കയാണ്.
മഴ തുടങ്ങുന്നതോടെ ഒഴുകിയെത്തുന്ന വെള്ളം ഇതിലൂടെ താഴേക്കിറങ്ങി കൂടുതല്‍ വലിയ കുഴിയായി മാറാന്‍ സാധ്യത ഏറെയാണ്.
പൊതുമരാമത്ത് വകുപ്പും വാട്ടര്‍ അതോറിറ്റിയുമായി ഒരുവിധ ഏകോപനവുമില്ലാതെ റോഡുകള്‍ നിര്‍മ്മിക്കുന്നതാണ് ഇത്തരത്തില്‍
റോഡ് ടാര്‍ചെയ്ത ഉടനെ വെട്ടിപ്പൊളിക്കാന്‍ കാരണമെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ഉള്ള സ്ഥലം മുഴുവന്‍ ടാര്‍ചെയ്ത് റോഡാക്കുക എന്ന വലിയ വികസനം നടപ്പാക്കിതുടങ്ങിയതോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് റോഡിന് പുറത്തെ ഭാഗത്ത് സ്ഥാപിച്ച പൈപ്പുകള്‍ മുഴവന്‍ റോഡിലായി.
ഈ പൈപ്പുകള്‍ക്ക് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ റോഡ് മുഴവന്‍ വെട്ടിപ്പൊളിക്കേണ്ട അവസ്ഥയുണ്ടാകുന്നു. ഇതാകട്ടെ
യഥാസമയം വീണ്ടും ടാര്‍ചെയ്യാനോ കോണ്‍ക്രീറ്റ് ചെയ്യാനോ ശ്രമിക്കാതെ വലിയ കുഴികളായി മാറുകയും ചെയ്യുകയാണ്.
