പഞ്ചായത്തില്‍ പണി-കഞ്ഞി കുടിക്കാന്‍ ബാബുവിന് കല്ലുടയ്ക്കണം
വേലയ്ക്ക് കൂലി നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്-കെ.ജി.ഒ.യു
മലപ്പട്ടം: എം.വി.ബാബു-ജോലി പഞ്ചായത്ത് വകുപ്പില്‍ എല്‍.ഡി ക്ലര്‍ക്ക്-

ജോലിചെയ്യുന്നത് മലപ്പട്ടം പഞ്ചായത്ത് ഓഫീസില്‍-
പക്ഷെ, കഞ്ഞി കുടിക്കണമെങ്കില്‍ കോണ്‍ക്രീറ്റ് പൊട്ടിക്കണം-
ഞായറാഴ്ച്ചയിലും ഒഴിവുദിവസങ്ങളിലും കോണ്‍ക്രീറ്റ് പൊളിക്കല്‍ ഉള്‍പ്പെടെയുള്ള പുറംജോലിക്ക് പോയാണ് ബാബു ജീവിക്കുന്നത്.
ശമ്പളമില്ലാതെ, നിസ്സഹായരായി നില്‍ക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍.
ഈ ഓഫീസിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ 3 മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ല. കുറേ നാളുകളായി, മലപ്പട്ടം ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരുടെ അവസ്ഥ പരിതാപകരമാണ്.
എടുത്ത ബാങ്കുവയ്പകളുടെ ഗഡുക്കള്‍ കൃത്യമായി തിരിച്ചടക്കാനോ ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടു പോകുവാനോ സാധിക്കാത്ത സാഹചര്യത്തിലാണ് ജീവനക്കാര്‍.
തനത് വരുമാനം കുറവുള്ള ഈ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ജോലിയില്‍ പ്രവേശിക്കുന്നതോടെ, കഷ്ടകാലം ആരംഭിക്കുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത്.
മാസങ്ങളോളം ജീവനക്കാരുടെ ശമ്പളം കുടിശ്ശികയായപ്പോള്‍ കഴിഞ്ഞ മാര്‍ച്ച് മാസം സര്‍ക്കാര്‍ 20,74,674 രൂപ ഗ്രാമ പഞ്ചായത്തിന് അനുവദിച്ചു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഗ്രാമ പഞ്ചായത്തുകള്‍ക്ക്, ഭരണ ചെലവുകളും മറ്റും നിര്‍വ്വഹിക്കുന്നതിനുള്ള വിടവ് നികത്തല്‍ ഫണ്ട് (GAP FUND) ആയാണ് പ്രസ്തുത തുക അനുവദിച്ചത്.
അത്തരത്തില്‍, ലഭ്യമായ തുക കൊണ്ട് വേതനത്തിന്റേയും ജനപ്രതിനിധികളുടെ ഹോണറേറിയത്തിന്റേയും കുടിശ്ശിക തീര്‍ക്കുവാനേ സാധിച്ചുള്ളൂ.
എപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ ശമ്പളം നിലവില്‍ ജീവനക്കാര്‍ക്ക് ലഭിക്കാനുണ്ട്.
ഭിന്ന ശേഷിയുള്ള (കാഴ്ച്ച പരിമിതിയുള്ള) ജീവനക്കാരന്‍ ഉള്‍പ്പെടെ 13 ജീവനക്കാര്‍ മലപ്പട്ടം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ട്.
ജില്ലയിലെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും മേലാപ്പീസുകളിലേയും ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് തന്നെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റുമ്പോഴാണ് ഈ
പഞ്ചായത്ത് ഓഫീസിലെ ജീവനക്കാര്‍ക്ക് തങ്ങളുടേതല്ലാത്ത കാരണത്താല്‍ ഈ ദുര്‍ഗതി നേരിടേണ്ടി വരുന്നത്.
ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ഔദ്യോഗിക ജോലി സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍, ചെയ്യുന്ന ജോലിക്ക് ശമ്പളം കൃത്യ സമയത്ത് ലഭ്യമാക്കാത്തത് അനീതിയാണ്.
മലപ്പട്ടം ഗ്രാമ പഞ്ചായത്തിലെ ജീവനക്കാര്‍ക്ക് അര്‍ഹമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി നല്‍കുന്നതിന് സര്‍ക്കാര്‍ എല്ലാ സാമ്പത്തിക വര്‍ഷവും മുന്‍കൂര്‍ ഫണ്ട് ലഭ്യമാക്കി,
പ്രശ്‌ന പരിഹാരത്തിന് സ്ഥായിയായ സംവിധാനം ഉണ്ടാക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍, കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
