ടെറസില്‍ പൂകൃഷിപ്പാടം-ഓണാഘോഷത്തിന് നല്‍കാന്‍ സൗജന്യ പൂക്കള്‍ ഒരുക്കി ഷനിലും നിഷാന്തും.

കരിമ്പം.കെ.പി.രാജീവന്‍

പരിയാരം: ടെറസില്‍ ഗ്രോബാഗുകളില്‍ പുഷ്പകൃഷി നടത്തി വിജയം കൊയ്ത് ഷനിലും നിഷാന്തും.

പിലാത്തറ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് കെട്ടിടത്തിന്റെ ടെറസില്‍ ആണ് ഓണപ്പൂക്കളം ലക്ഷ്യമാക്കി സുഹൃത്തുക്കളായ ഇവര്‍ പൂകൃഷി നടത്തിയത്.

1000 ഗ്രോബാഗുകളില്‍ തുടങ്ങിയ പൂകൃഷി കനത്ത മഴകാരണം 700 ബാഗുകളില്‍ മാത്രമാണ് നിലനിര്‍ത്താനായത്.

തൃശൂരില്‍ നിന്നെത്തിച്ച ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള ചെണ്ടുമല്ലികളാണ് കൃഷി ചെയ്തത്.

85 ദിവസം പ്രായമായ ചെടികളിലെ പൂക്കളുടെ വിളവെടുപ്പ് അടുത്ത ദിവസം നടക്കും. മണലും മണ്ണും ചാണകവും ഉപയോഗിച്ച് ബാഗുകളില്‍ പോട്ടിംഗ് മിശ്രിതം നിറച്ചാണ് ചെടികള്‍ നട്ടത്.

എല്ലാ ദിവസവും രാവിലെ ജോലിക്ക് പോകുന്നതിനു മുമ്പ് ആറുമണി മുതല്‍ ഏഴര വരെയാണ് മുടങ്ങാതെയുള്ള കൃഷി പരിചരണം. 3 ലോഡുകളിലായി  മണ്ണും മറ്റ് മിശ്രിതങ്ങളും താഴെ നിന്ന് നിറച്ചാണ് ബാഗുകള്‍ മുകളിലെത്തിച്ചത്.

ഒരു ചെടിയില്‍ 35 മുതല്‍ 40 പൂവുകള്‍ വരെ വിരിഞ്ഞിട്ടുണ്ട്. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ രണ്ട് കിലോയോളം പൂക്കള്‍ ഇവിടെ നിന്ന് നല്‍കിയിരുന്നു.

ഉല്‍പ്പാദിപ്പിച്ച പൂക്കള്‍ പൂക്കളമൊരുക്കുന്നവര്‍ക്ക് സൗജന്യമായാണ് നല്‍കാനുദ്ദേശിക്കുന്നതെന്ന് ഐ.ടി.സ്ഥാപന നടത്തിപ്പുകാരന്‍ കൂടിയായ പിലാത്തറയിലെ കെ.പി.ഷനില്‍ പറഞ്ഞു.

സൗജന്യമായി നല്‍കുന്നതിന് മാനദണ്ഡങ്ങളും ഇവര്‍ തയ്യാറാക്കുന്നുണ്ട്.

പൂക്കള്‍ വിളവെടുത്തു കഴിഞ്ഞ ഉടനെ 1000 ബാഗുകളില്‍ ചീരകൃഷിയും അതിന്റെ വിളവെടുപ്പിന് ശേഷം ഒക്ടോബറില്‍ ശീതകാലപച്ചക്കറികളും ഇവിടെ കൃഷിചെയ്യും.

സന്ന്ദ്ധ സംഘടനയായ യുവ ഹോപ്‌സിന്റെ പ്രധാന പ്രവര്‍ത്തകരായ ഇരുവരും പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ചെറസ് പൂകൃഷി വലിയ വിജയമായി മാറിയതിന്റെ ആഹഌദത്തിലാണ്.

3600 രൂപയുടെ മണ്ണും 11,000 രൂപയുടെ ഗ്രോബാഗുകളുമാണ് കൃഷിക്കായി വാങ്ങിയത്.

തുടര്‍കൃഷി വിജയമാകുന്നതോടെ ചെലവായ പണം തിരിച്ചുകിട്ടുമെന്നാണ് ഇവര്‍ പറയുന്നത്.

വര്‍ഷങ്ങളായി ഹോപ്പിലെ അന്തേവാസികള്‍ക്ക് ആവശ്യമുള്ള പച്ചക്കറികള്‍ ചിലതെങ്കിലും ഇവരുടെ ശ്രമഫലമായി ഇവിടെ ഒരുക്കിയ കൃഷിയിടത്തില്‍ നിന്ന് ലഭിച്ചുവരുന്നു.

ആദ്യമായാണ് പൂകൃഷിയിലേക്ക് ഇറങ്ങുന്നത്, കൃഷി ഒരു പഠനമാണെന്നും കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ ആദായകരമായി നടപ്പിലാക്കാന്‍ സാധിക്കും എന്ന് ഇവരുടെ അനുഭവം പങ്കുവെക്കുന്നു.

കഴിഞ്ഞ കൊറോണക്കാലത്ത് ചെറുതാഴം പെരിയാട് പാടശേഖരത്തില്‍ മൂന്നര ഏക്കറില്‍ നെല്‍കൃഷി ചെയ്ത് അരിയാക്കി സൗജന്യ വിതരണവും നടപ്പിലാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ സബ്‌സിഡി വാങ്ങാതെയുള്ള നെല്‍കൃഷി രീതി ഏറെ ശ്രദ്ധിക്കപ്പെട്ട വിഷയമായിരുന്നു. കൃഷിക്ക് അല്ല വിളവിലാണ് സബ്‌സിഡി നല്‍കേണ്ടത് എന്ന് അഭിപ്രായക്കാരാണ് ഇവര്‍.

കൃത്യമായ കാരണങ്ങള്‍ കൊണ്ട് വിള നാവിള നാശം ഉണ്ടായാല്‍ വിളവ് ലഭിക്കാത്ത പക്ഷം കര്‍ഷകന് ഇന്‍ഷുറന്‍സ് പരീക്ഷ ലഭിക്കണമെന്നും ഇവരുടെ അഭിപ്രായമാണ്.

ഹൈവേ വികസനത്തില്‍ നഷ്ടപ്പെടുന്ന ആല്‍മരത്തെ മറ്റൊരു ഇടത്തേക്ക് മാറ്റി ഇന്നും സംരക്ഷിച്ചു വരുന്നു.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് മരങ്ങളില്‍ ഒന്നെങ്കിലും സംരക്ഷിക്കാന്‍ സാധിച്ചത് വലിയ അഭിമാനകരമായ പ്രവര്‍ത്തിയായിരുന്നു.

പിലാത്തറയില്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തിവരുന്ന ഷനില്‍ ചെറുതാഴം ഇന്റീരിയര്‍ ഡിസൈനര്‍ കാര്‍പ്പെന്റര്‍ ജോലി ചെയ്യുന്ന സഹപാഠിയായ പി.പി.നിഷാന്തുമായി ചേര്‍ന്നാണ് വിവിധങ്ങളായ കൃഷിരീതികള്‍ നടപ്പിലാക്കി വരുന്നത്.

പന്നിയൂര്‍ കൃഷി വിജ്ഞാന്‍ കേന്ദ്രത്തിന്റെ നഴ്‌സറി മാനേജ്‌മെന്റ് കോഴ്‌സ് ജോലിക്കൊപ്പം നിഷാന്ത് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കര്‍ഷകരുടെ സംശയങ്ങള്‍ നിവാരണം ചെയ്യുന്നതിനായി famiyocart.com എന്ന വെബ്‌സൈറ്റും ഇവര്‍ കൈകാര്യം ചെയ്യുന്നുണ്ട്.

ഈ വര്‍ഷം തൃശൂര്‍ കെടിജി എന്ന കാര്‍ഷിക കൂട്ടായ്മയില്‍ നിന്നാണ് കൃഷിക്കാവശ്യമായ ചെണ്ടുമല്ലി തൈകള്‍ വാങ്ങിയത്.

പുഷ്പകൃഷിക്ക് ശേഷം വിപുലമായി ശീതകാല വിളകള്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഈ സുഹൃത്തുക്കള്‍.