ടാങ്കര്‍ ലോറി മറിഞ്ഞത് ഡ്രൈവര്‍ മദ്യലഹരിയിലായതിനാല്‍-

പരിയാരം: ഡ്രൈവര്‍ മദ്യപിച്ചിരുന്നു. ഇന്നലെ ഏഴിലോട് പാചകവാതക ബുള്ളറ്റ് ടാങ്കര്‍ മറിഞ്ഞത് ഡ്രൈവര്‍ മദ്യപിച്ചതിനാലാണെന്ന് പോലീസ്.

വണ്ടിയോടിച്ച തമിഴ്‌നാട് നാമക്കലിലെ എരുമപ്പെട്ടി അന്നപൂരനഗറില്‍ എസ്. മണിവേലിനെ(40)പരിയാരം പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി 8.15 നാണ് ദേശീയപാതയില്‍ ഏഴിലോട് ചക്ലിയ കോളനി സ്‌റ്റോപ്പില്‍ ടി.എന്‍.88 ജെ. 1567 ബുള്ളറ്റ് ടാങ്കര്‍
ലോറി കുഴിയിലേക്ക് മറിഞ്ഞത്.

ദേശീയപാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തിക്കായി കുഴിച്ച വന്‍കുഴിയിലേക്കാണ് ടാങ്കര്‍ തെന്നിവീണത്. മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് ഇന്‍ഡ്യന്‍ എല്‍.പി.ഗ്യാസുമായി പോകുകയായിരുന്നു ടാങ്കര്‍ ലോറി.

റോഡ്പ്രവൃത്തിയായതിനാല്‍ ഇരു വാഹനങ്ങള്‍ മാത്രം കടന്നു പോകാന്‍ സൗകര്യമുള്ള റോഡില്‍ എതിരെ വന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റ് കാരണം മുന്‍വശം തെളിയാതെ അരികിലേക്ക് എടുത്തപ്പോള്‍ മറിയുകയായിരുന്നുവെന്നാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

എന്നാല്‍ മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടപ്രകാരമാണ് പോലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്.

മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

മദ്യപിച്ച് മംഗലാപുരത്തുനിന്നും ദേശീയപാതയിലൂടെ ഏഴിലോട് വരെ ഇയാള്‍ ലോറി ഓടിച്ചെത്തിെയങ്കിലും എവിടെയും യാതൊരുവിധ പരിശോധനയും ഉണ്ടായില്ല.

മണിക്കൂറുകളോളം ഒരു പ്രദേശത്തെ ജനജീവിതത്തെ ബാധിക്കുന്ന വിധത്തില്‍ അപകടം സൃഷ്ടിക്കാന്‍ കാരണക്കാരനായ ഇയാള്‍ക്കെതിരെ കൂടുതല്‍ കര്‍ശനമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്.