ദേശീയപാത നവീകരണം-മെഡിക്കല്‍ കോളേജില്‍ ജലക്ഷാമം

പരിയാരം: റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള പൈപ്പ് മാറ്റി സ്ഥാപിക്കലിനിടെ കുടിവെള്ളപൈപ്പ് പൊട്ടി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വെള്ളക്ഷാമം രൂക്ഷമായി.

ഇന്നലെ വൈകുന്നേരമാണ് ദേശീയപാതയോരത്ത് മെഡിക്കല്‍ കോളേജിലേക്കുള്ള കുടിവെള്ള പൈപ്പ്‌ലൈന്‍ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചത്.

ഇതിന്റെ ഭാഗമായി ചന്തപ്പുരയിലെ പമ്പ്ഹൗസില്‍ നിന്നുള്ള പമ്പിങ്ങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

ഇന്ന് രാവിലെ പമ്പിങ്ങ് ആരംഭിച്ചതോടെ മാറ്റിസ്ഥാപിച്ച പൈപ്പ്‌ലൈനില്‍ നിന്നും ലീക്കിങ്ങ് വ്യാപകമായതോടെ വീണ്ടും പമ്പിങ്ങ് നിര്‍ത്തി.

ഇതോടെയാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ജലക്ഷാമം രൂക്ഷമായത്. ശസ്ത്രക്രിയകള്‍ പലതും മാറ്റിവെച്ചു.

ഡയാലിസിസ് സെന്ററിലേക്കും മറ്റ് അത്യാവശ്യ വിഭാഗത്തിലേക്കും വാട്ടര്‍ അതോറിറ്റിയും ദേശീയപാത കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍സ് ടാങ്കറിലും വെള്ളമെത്തിച്ചുകൊണ്ടിരിക്കയാണ്.

36 മണിക്കൂര്‍ നേരം വാട്ടര്‍ അതോറിറ്റി തുടര്‍ച്ചയായി വെള്ളം പമ്പ് ചെയ്തതോടെ മറ്റ് പ്രദേശങ്ങളില്‍ വെള്ളം എത്തിക്കുന്നത് മുടങ്ങി.

പരാതി രൂക്ഷമായതോടെ താല്‍ക്കാലികമായി മെഡിക്കല്‍ കോളേജിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത് നിര്‍ത്തി.

മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ രണ്ട് ടാങ്കറുകള്‍ വെള്ളമെത്തിക്കുന്നുണ്ടെങ്കതിലും അത് അപര്യാപ്തമാണ്.

വൈകുന്നേരത്തോടെ പൈപ്പ്‌ലൈന്‍ തകരാര്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.