പുലര്‍ച്ചെ മൂന്നുമണിവരെ എം.എല്‍.എ വാട്ടര്‍ ടാങ്കിന് മുന്നില്‍ സത്യാഗ്രഹമിരുന്നു-കുടിവെള്ള പ്രശ്‌നം പരിഹരിച്ചു.

പരിയാരം: എം.എല്‍.എ വാട്ടര്‍ടാങ്കിന് സമീപം സത്യാഗ്രഹമിരുന്നു, ഒടുവില്‍ പുലര്‍ച്ചെ മൂന്നുമണിയോടെ പരിയാരം  കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കുടിവെള്ളമെത്തി.

ഇന്നലെ രാത്രി ഏഴോടെ തകരാറുകള്‍ പരിഹരിച്ച് വെള്ളമെത്തിക്കുമെന്നായിരുന്നു മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞിരുന്നതെങ്കിലും ഇത് നടപ്പിലായില്ല.

ഇതോടെ നിരവധി രോഗികളും കൂട്ടിരിപ്പുകാരും എം.വിജിന്‍ എം.എല്‍.എയെ നേരിട്ട് വിളിച്ചു പരാതികള്‍ പറഞ്ഞു.

രാത്രിയില്‍ മെഡിക്കല്‍ കോളേജിലെത്തി വിവരങ്ങള്‍ അന്വേഷിച്ച എം.എല്‍.എയോട് ഒന്‍പതോടെ വെള്ളം എത്തുമെന്നാണ് മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ എഞ്ചിനീയര്‍മാര്‍ അറിയിച്ചത്.

തിരിച്ചുപോകവെ വിളയാങ്കോട്ടെത്തിയ എം.എല്‍.എ രണ്ടുപേര്‍ പൈപ്പുകളുടെ അറ്റകുറ്റപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത് കണ്ട് അവിടെ നിര്‍ത്തി അന്വേഷിച്ചപ്പോഴാണ് കുടിവെള്ളം പുന:സ്ഥാപിക്കല്‍ മന്ദഗതിയിലാണെന്ന് വ്യക്തമായത്.

ഇതോടെ മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചെത്തിയ എം.എല്‍.എ വാട്ടര്‍ ടാങ്കിന് മുന്നില്‍ സത്യാഗ്രഹം ആരംഭിച്ചു.

ടാങ്കില്‍ വെള്ളം എത്തിയാല്‍ മാത്രമേ സത്യാഗ്രഹം അവസാനിപ്പിക്കൂ എന്ന കര്‍ശനമായ നിലപാട് എം.എല്‍.എ സ്വീകരിച്ചതോടെയാണ് ബന്ധപ്പെട്ടവര്‍ ഉണര്‍ന്നുതുടങ്ങിയത്.

എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി കുടിവെള്ളം പുന:സ്ഥാപിക്കലിന് വേഗത കൂട്ടി.

പുലര്‍ച്ചെ മൂന്നോടെയാണ് മെഡിക്കല്‍ കോളേജിലെ പ്രധാന ടാങ്കിലേക്ക് വെള്ളം എത്തിയത്. അതിന് ശേഷമാണ് എം.എല്‍.എ സത്യാഗ്രഹം അവസാനിപ്പിച്ച് തിരിച്ചുപോയത്.

ഇപ്പോള്‍ കുടിവെള്ള പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടുണ്ട്. വെള്ളം ഇല്ലാത്തതിനാല്‍ ഇന്നലെ ഡയാലിസിസും ശസ്ത്രക്രിയകളും ഉള്‍പ്പെടെ മാറ്റിവെച്ചിരുന്നു.