സി.പി.എം കേന്ദ്രത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഷുഹൈബ് ഭവനം- വി.ഡി.സതീശന് താക്കോല്‍ കൈമാറും
തളിപ്പറമ്പ്: സി.പി.എമ്മിന്റെ എതിര്‍പ്പിനെ അതിജീവിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഷുഹൈബ് ഭവന പദ്ധതിയുടെ ഭാഗമായി തളിപ്പറമ്പ് പട്ടുവത്ത് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറല്‍ ചടങ്ങ് നാളെ ഫിബ്രവരി-18 ന് ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നിര്‍വഹിക്കും.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ആരംഭിച്ച ഈ ഭവന പദ്ധതിയുടെ നിര്‍മ്മാണത്തിന് ഏകദേശം 13 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സമ്മാനക്കൂപ്പണ്‍ വഴിയാണ് ഇതിന്റെ ഭൂരിഭാഗം തുകയും കണ്ടെത്തിയിട്ടുള്ളത്.
നിര്‍മാണത്തിനാവശ്യമുള്ള സാധനങ്ങള്‍ പല അഭ്യുദയകാംക്ഷികളില്‍ നിന്നും സംഭാവനയായി സ്വീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ തറക്കല്ലിട്ട ഭവനം ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആദ്യം പറഞ്ഞിരുന്നത്.
എന്നാല്‍ ഒരു വര്ഷംപൂര്ത്തിയാകും മുമ്പ് തന്നെ ഈ വീടിന്റെ പണിപൂര്‍ത്തിയായി താക്കോല്‍ കൈമാറുകയാണ്.
വീടിന്റെ നിര്മാണവമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ തന്നെ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് നിര്‍മാണപ്രവര്‍ത്തി തടയുന്ന രീതിയില്‍ മുന്നോട്ട് പോയിരുന്നു.
എന്നാല്‍ അതിനെയൊക്കെ അതിജീവിച്ചു കൊണ്ടാണ് ഈ ഉദ്യമം പൂര്‍ത്തീകരിച്ചിട്ടുള്ളത്.
എല്ലാവര്‍ഷവും യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷുഹൈബ് ഭവന പദ്ധതിയുടെ ഭാഗമായി ഭവന നിര്‍മ്മാണവുമായി മുന്നോട്ടു പോകാനാണ് തീരുമാനം.
വളരെ നിരാലംബരായി സമൂഹത്തില്‍ ജീവിക്കുന്ന കുടുംബങ്ങള്‍ക്ക് മുന്‍ഗണന നല്കി കൊണ്ടായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക.
ഇതിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ്, സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, സംസ്ഥാന സെക്രട്ടറിമാരായ സന്ദീപ് പാണപ്പുഴ,
കെ.കമല്‍ജിത്ത്, സംസ്ഥാന നിര്‍വാഹക സമിതി അംഗം രാഹുല്‍ ദാമോദരന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വി രാഹുല്‍, യൂത്ത് കോണ്‍ഗ്രസ് കല്ല്യാശ്ശേരി നിയോജകമണ്ഡലം പ്രസിഡണ്ട് സുധീഷ് വെള്ളച്ചാല്‍ എന്നിവര്‍ നേതൃത്വം നല്‍കിക്കൊണ്ട് വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്.
.ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്, രാജ്മോഹന്‍ ഉണ്ണിത്താന് എം.പി യൂത്ത് കോണ്‍ഗ്രസ്-കോണ്‍ഗ്രസ് സംസ്ഥാന-ജില്ലാ നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും.
