തളിപ്പറമ്പിലെ വഖഫ് സ്വത്ത്-വഖഫ്‌ബോര്‍ഡും മഹല്ല് സ്വത്ത് സംരക്ഷണസമിതിയും ശരിയായ വഴിക്കെന്ന് ഭാരവാഹികള്‍.

തളിപ്പറമ്പ്: വഖഫ് ബോര്‍ഡിന് കീഴിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള കേരളത്തിലെ ഏക മത്സ്യ മാംസ പച്ചക്കറി മാര്‍ക്കറ്റ് നവീകരിക്കണമെന്ന് തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതി ആവശ്യപ്പെട്ടു.

നേരത്തെ തളിപ്പറമ്പ് മുനിസിപ്പാലിറ്റിക്ക് സൗജന്യമായി വിട്ടുകൊടുക്കുവാന്‍ 2011-ലെ ട്രസ്റ്റ് കമ്മിറ്റി ഒന്നില്‍ കൂടുതല്‍ തവണ ജനറല്‍ ബോഡി 14/08/2010നും 24/01/2011നും വിളിച്ചു ചേര്‍ത്ത് തീരുമാനിക്കുകയുമുണ്ടായി.

മുനിസിപ്പല്‍ ഭരണ സമിതിയും ട്രസ്റ്റ് കമ്മിറ്റി ഭാരവാഹികളും ഇതിനായി 18/12/2010ന് സംയുക്തമായി യോഗം ചേരുകയുമുണ്ടായി. അതിന്റെ ആവശ്യത്തിലേക്കായി ട്രസ്റ്റ് കമ്മിറ്റി റവന്യു ഡിപ്പാര്‍ട്ട്മെന്റടക്കമുള്ള ഗവണ്മെന്റ് തലങ്ങളിലേക്ക് അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും 4/7/2011 ന്റെ വഖഫ് ബോര്‍ഡ് യോഗത്തില്‍ ഇത് പരിഗണനക്ക് വന്നപ്പോള്‍ ബോര്‍ഡ് അത് നിരസിക്കുകയാണുണ്ടായത്.

മാര്‍ക്കറ്റ് തളിപ്പറമ്പിനു പുറമെ ചുറ്റുപാടുമുള്ള മറ്റു പ്രദേശവാസികളും ദൈനംദിനം ആശ്രയിക്കുന്നതാണ്. കാലങ്ങളായി യാതൊരു വികസന പ്രവര്‍ത്തനവും നടത്താത്തതിന്റെ ഭാഗമായി വലിയ പരാധീനതകള്‍ നിറഞ്ഞ നിലയിലാണ് ഇപ്പോഴുമുള്ളത്.

ഈ മാര്‍ക്കറ്റ് ആധുനിക രീതിയില്‍ ഹൈടെക് സൗകര്യങ്ങളോടെ നവീകരിക്കുന്നതിനാവശ്യമായ നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് ഗവണ്മെന്റിനും വകുപ്പ് മന്ത്രിമാര്‍ക്കും തളിപ്പറമ്പ് എം എല്‍ എ്ക്കും വഖഫ് ബോര്‍ഡിനും നിവേദനം നല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു. നവീകരണത്തിനാവശ്യമായ 1 ഏക്കര്‍ 17 സെന്റ് ഭൂമി ഇവിടെ നിലവിലുണ്ട്.

മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ രൂപീകരണ ഉദ്ദേശ്യങ്ങളില്‍ പ്രമുഖമായത് അന്യാധീനപ്പെട്ട സ്വത്തുക്കള്‍ കണ്ടെത്തി സംരക്ഷിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുക എന്നതിനോടൊപ്പം തന്നെ വഖഫ് സ്വത്തുക്കള്‍ സമുദായത്തിനും അതുവഴി സമൂഹത്തിനും ഉപകാരപ്രദമാകുന്ന രീതിയില്‍ ഉപയോഗിക്കപ്പെടണം എന്നുള്ളതാണ്.

അതിന്റെ ഭാഗമായി തളിപ്പറമ്പ മഹല്ലില്‍ വഖഫ് ബോര്‍ഡിന്റെ കീഴില്‍ ഒരു ഇസ്ലാമിക് അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്ററും ഒരു ഫാമിലി കൗണ്‍സിലിംഗ് സെന്ററും ആരംഭിക്കുന്നതിന് വേണ്ടി ഗവണ്മെന്റിലേക്കും വകുപ്പ് മന്ത്രിമാര്‍ക്കും തളിപ്പറമ്പ എം എല്‍ എ യ്ക്കും വഖഫ് ബോര്‍ഡിനും നിവേദനം നല്‍കി. ഇതിനായി തളിപ്പറമ്പ് മഹല്ല് പരിധിയില്‍ വഖഫ് ബോര്‍ഡിന് കീഴില്‍ അനുയോജ്യമായ 21 ഏക്കര്‍ ഭൂമി ലഭ്യമാണ്.

അഞ്ഞൂറിലധികം ഏക്കര്‍ ഭൂസ്വത്ത് ഉണ്ടായിരുന്ന തളിപ്പറമ്പിലെ വഖഫിന്റെ അവശേഷിക്കുന്ന ഭൂമി നൂറില്‍ താഴെ ഏക്കര്‍മാത്രമാണ്.

സ്ഥാനികളുടെ കാലത്ത് ഒരു തരി മണ്ണ് പോലും നഷ്ടപ്പെട്ടിട്ടിട്ടുണ്ടായിരുന്നില്ല. മുതവല്ലിമാരും മറ്റു കൈകാര്യസ്ഥരും പള്ളിയുടെയും പള്ളി സ്വത്തുക്കളുടെയും പരിപാലനം ഏറ്റെടുത്ത ശേഷമാണ് നേരിട്ടും അല്ലാതെയുമുള്ള അന്യാധീനപ്പെടുത്തലുകള്‍ നടന്നിട്ടുള്ളത്.

നഷ്ടപെട്ട ഭൂമി കൃത്യമായ അന്വേഷണത്തിലൂടെ തിരിച്ചു പിടിക്കുന്നതിനാവശ്യമായ ശക്തമായ പ്രവര്‍ത്തനം എക്‌സികുട്ടീവ് ഓഫീസറുടെ ഭാഗത്തുനിന്നും നടന്നു വരികയാണ്.

ഇതിന്റെ ഭാഗമായി 1787 കൈയേറ്റങ്ങളിലായി 277.3 ഏക്കര്‍ ഭൂമിയുടെ മേല്‍ നടപടികള്‍ വഖഫ് ബോര്‍ഡിന്റെ ഭാഗത്തു നിന്നും ആരംഭിച്ചു കഴിഞ്ഞു.

കൂടാതെ നൂറിലധികം ഏക്കര്‍ ഭൂമിയും ഇത്‌പോലെ കണ്ടെത്തുന്നതിനായി രേഖകള്‍ പരിശോധിച്ചു വരികയാണ്. ഇതുവരെ അറുപതോളം പേര്‍ക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്.

മറ്റുള്ളവര്‍ക്കുള്ള നോട്ടീസുകളും നടപടി ചട്ടങ്ങള്‍ പൂര്‍ത്തിയാക്കി അയക്കുന്നത് ആയിരിക്കുമെന്നും ഭാരവാഹികളായ സി.അബ്ദുള്‍കരീം, കെ.പി.എം.റിയാസുദ്ദീന്‍, ചപ്പന്‍ മുസ്തഫ ഹാജി എന്നിവര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.