കണികാണാന്‍ കിട്ടുമോ തൃച്ചംബരം കലങ്ങള്‍-മണ്ണിടങ്ങള്‍ റോഡിന് വേണ്ടി മൂടിയതോടെ തൃച്ചംബരം കലങ്ങള്‍ക്ക് ക്ഷാമം.

 

കരിമ്പം.കെ.പി.രാജീവന്‍.

തളിപ്പറമ്പ്: ഇക്കൊല്ലം കണികാണാന്‍ തൃച്ചംബരം കലങ്ങള്‍ക്ക് ക്ഷാമം. ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും ഉല്‍പ്പാദകര്‍ കേവലം രണ്ടുപേര്‍ മാത്രമായതോടെ തൃച്ചംബരം കലങ്ങള്‍ കിട്ടാനില്ലാത്ത സ്ഥിതിയായി.

ഒരു കാലഘട്ടത്തില്‍ വടക്കന്‍ കേരളത്തിലെ ഹൈന്ദവഗൃഹങ്ങളില്‍ വിഷുക്കണിവെക്കാന്‍ തൃച്ചംബരത്തെ കഞ്ഞാറ്റിയും കലവും നിര്‍ബന്ധമായിരുന്നു. (കണിക്കളത്തില്‍ അരി നിറച്ചുവെക്കാന്‍ പ്രത്യേകമായി നിര്‍മ്മിക്കുന്നതാണ് കഞ്ഞാറ്റി).

20 വര്‍ഷം മുമ്പുവരെ തൃച്ചംബരത്തെ കുലാല സമുദായക്കാരുടെ 30 തറവാടുകളില്‍ പരമ്പരാഗത രീതിയില്‍ മണ്‍കലങ്ങള്‍ നിര്‍മ്മിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ അത് രണ്ടു വ്യക്തികളില്‍ മാത്രമായി ഒതുങ്ങിയിരിക്കയാണ്.

മമ്പറമ്പ്, കുറ്റിക്കോല്‍, പട്ടുവം എന്നീ പ്രദേശങ്ങളില്‍ നിന്നെത്തിക്കുന്ന മൂന്ന് ഇനം മണ്ണ് ഒന്നിച്ചുചേര്‍ത്ത് ചവിട്ടിമെതിച്ച് നിര്‍മ്മിക്കുന്ന തൃച്ചംബരം കലത്തിന്റെ ഏറ്റവും വലിയ മേന്‍മ അതിന്റെ നിറവും ഉറപ്പുമാണ്.

എടുത്തെറിഞ്ഞ് പൊട്ടിക്കാത്ത കാലത്തോളം കലം പൊട്ടാതെ നിലനില്‍ക്കുമെന്നതാണ് ഈ കലത്തിന്റെ പ്രത്യേകത.

തളിപ്പറമ്പ് പ്രദേശത്തുള്ളവര്‍ക്ക് വിദേശത്തായാലും വിഷുക്കണിവെക്കാന്‍ തൃച്ചംബരത്തെ കലം തന്നെ വേണമെന്നത് നിര്‍ബന്ധമാണ്.

തൃച്ചംബരം ഉല്‍സവ സീസണിലാണ് വിഷുക്കണി ആവശ്യത്തിനായി നാട്ടുകാര്‍ കലങ്ങള്‍ വാങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ ആവശ്യക്കാര്‍ കലം ഉണ്ടാക്കുന്നവരുടെ വീടുകളിലെത്തിയാണ് വാങ്ങുന്നത്.

സൂപ്പര്‍മാര്‍ക്കറ്റ് നടത്തിപ്പുകാരും തൃച്ചംബരം കലം വാങ്ങി വിറ്റഴിക്കുന്നുണ്ട്.

തൃച്ചംബരം ചെറിയൂര്‍ വീട്ടില്‍ ബാബുവും കാക്കാംചാലിലെ മൂലയില്‍ രാജുവുമാണ് ഇപ്പോള്‍ പരമ്പരാഗത രീതിയില്‍ കലം നിര്‍മ്മിക്കുന്നത്.

ഒരു സീസണില്‍ കലം, കഞ്ഞാറ്റി, ചട്ടി, ഒറോട്ടിത്തട്ട് എന്നിവ ആയിരത്തോളം എണ്ണം നിര്‍മ്മിക്കുന്നുണ്ട്.

മണ്ണ് ചവിട്ടിയൊരുക്കി ഒന്നിടവിട്ട ദിവസങ്ങളിലാണ് ബധിരനും മൂകനുമായ ബാബു കലങ്ങള്‍ നിര്‍മ്മിക്കുന്നത്.

അമ്മ കാര്‍ത്യായനിയും ബാബുവിന്റെ സഹായത്തിനുണ്ട്.

25 മുതല്‍ 30 കലങ്ങളാണ് ഇത്തരത്തില്‍ നിര്‍മ്മിക്കുന്നത്.

ഭക്ഷണം പാകം ചെയ്യാന്‍ കന്യാകുമാരി ഉള്‍പ്പെടെ തമിഴ്നാടിന്റെയും കര്‍ണാടകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന മണ്‍കലങ്ങളാണ് ഉപയോഗിക്കുന്നതെങ്കിലും

കണികാണാന്‍ തൃച്ചംബരം കലം തന്നെ വേണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ പഴയതലമുറ ഇന്നും തൃച്ചംബരത്ത് ഒരു നിയോഗം പോലെ എത്തിച്ചേരുന്നുണ്ട്.

180 രൂപ വീതമാണ് കഞ്ഞാറ്റിയുടെയും കലത്തിന്റെയും വിലയെങ്കില്‍ 100 രൂപക്ക് ചട്ടിയും ഒറോട്ടിത്തട്ടും കിട്ടും.

റോഡ് നിര്‍മ്മാണത്തിനായി വലിയതോതില്‍ സ്ഥലങ്ങള്‍ നികത്തപ്പെട്ടതോടെ മണ്ണിന് ക്ഷാമം ബാധിക്കുകയും വിലകൂടുകയും ചെയ്തതോടെ അടുത്തവര്‍ഷം കലം നിര്‍മ്മിക്കാനാവുമോ എന്ന ആശങ്കയിലാണ് ബാബുവും കുടുംബവും.