നീലകണ്ഠ അബോര്‍ഡില്‍ ഏകരാഗരസം-ഒരു രാഗം, ഒരു കീര്‍ത്തനം, പല ഭാവം

തളിപ്പറമ്പ്: കണ്ണൂരിന്റെ ശുദ്ധ സംഗീത പാരമ്പര്യത്തിന് പൊന്‍ തിളക്കമേകി അത്യപൂര്‍വ്വമായ ഒരു സംഗീത വിരുന്ന്. ഒട്ടേറെ സംഗീത പരിപാടികള്‍ ആസ്വദിച്ചിട്ടുള്ള കണ്ണൂരിലെ ശുദ്ധ സംഗീത പ്രേമികള്‍ക്ക് അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സംഗീത അനുഭവമായിരുന്നു ഒരു രാഗം…ഒരു കീര്‍ത്തനം- ആനന്ദ സമര്‍പ്പണ്‍ എന്ന പരിപാടിയിലൂടെ ലഭിച്ചത്.

ഒരു രാഗത്തിലെ ഒരു കീര്‍ത്തനം മാത്രം രണ്ട് മണിക്കൂറോളം നീണ്ടു നിന്ന ആലാപനം. സംഗീതജ്ഞന്റെ ശബ്ദത്തില്‍, വൈവിധ്യമാര്‍ന്ന ഉപകരണം വയലിന്റെ മാത്രം പിന്തുണയോടെ രാഗ – കീര്‍ത്തന വിസ്താരം നടത്തുക എന്ന ആശയം പ്രാവര്‍ത്തികമാക്കി ആസ്വാദകരെ സംഗീതത്തിന്റെ ഉദാത്തമായ തലത്തില്‍ എത്തിച്ചു.

ലോക പ്രശസ്ത സംഗീതജ്ഞനും കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും, പിന്നണി ഗായകനുമായ പ്രണവം എം കെ. ശങ്കരന്‍ നമ്പൂതിരിയാണ് രേവതി രാഗത്തില്‍ തഞ്ചാവൂര്‍ ശങ്കരയ്യരുടെ മഹാദേവ ശിവ ശംഭോ എന്ന കീര്‍ത്തനം അസാമാന്യമായ ആലാപനത്തിലൂടെ രണ്ടു മണിക്കൂര്‍ ആസ്വാദകരെ രാഗ വിസ്താരം നടത്തി കോരിത്തരിപ്പിച്ചത്.

സാധാരണ ഭക്തിഗാനങ്ങള്‍ക്കായി മാത്രം ഉപയോഗിച്ചു വരുന്ന കര്‍ണാടക സംഗീതത്തിലെ രണ്ടാം മേളകര്‍ത്താരാഗമായ രത്‌നാംഗിയുടെ ജന്യരാഗമായ രേവതി ഉണര്‍ത്തുന്ന കരുണ രസം മനോഹരമാണ്,

രേവതി രാഗത്തിന്റെ വൈവിദ്ധ്യമാര്‍ന്ന തലങ്ങളിലൂടെയുള്ള ശങ്കരന്‍ നമ്പൂതിരിയുടെ ആലാപനത്തില്‍ സംഗീതപ്രേമികള്‍ സ്വയം മറന്ന് ലയിച്ചിരുന്നു. ഈ രാഗത്തില്‍ രാഗാലാപനം, താനം, പ്രശസ്തമായ മഹാദേവ ശിവശംഭോ എന്ന കീര്‍ത്തനം, നിരവല്‍,സ്വരവിസ്താരം എന്നിവ ഉള്‍പ്പെടുത്തി രണ്ടു മണിക്കൂറോളം സ്വയം ആസ്വദിച്ച് അദ്ദേഹം ആലപിച്ചു.

പുതുതലമുറയിലെ ഏറ്റവും ശ്രദ്ധേയനായ യുവപ്രതിഭ ആലങ്കോട് വി.എസ്.ഗോകുല്‍ വയലിനില്‍ അതീവ ചാരുതയോടെ ആലാപനത്തിന് പിന്തുണയേകി. വയലിന്‍ വായന പൂര്‍ണ്ണമായും ഇഴുകി ചേര്‍ന്നതില്‍ ആസ്വാദകരും, എം.കെ.ശങ്കരന്‍ നമ്പൂതിരിയും വാനോളം പ്രശംസിച്ചു.

പ്രകൃതിയോട് ലയിച്ച് ശുദ്ധ സംഗീതം മതിമറന്നാസ്വദിച്ച സംഗീത പ്രേമികള്‍ക്ക് അവിസ്മരണീയമായ ഒരു സംഗീതസന്ധ്യയാണ് ഒരു രാഗം … ഒരു കീര്‍ത്തനം എന്ന പുതുമയാര്‍ന്ന ആനന്ദ സമര്‍പ്പണ്‍ എന്ന ഈ സംഗീത പരിപാടി സമ്മാനിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് കച്ചേരികള്‍ പാടിയിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള ഒരു സംഗീത അനുഭവം തനിക്ക് ആദ്യമായാണെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. എല്ലാ മാസവും ഇവിടെ വെച്ച് സംഗീത സദസ്സ് നടത്താന്‍ കഴിയട്ടെ എന്ന പ്രത്യാശ പങ്കുവെച്ചു എന്നു മാത്രമല്ല മേയ് മാസം ഇത്തരത്തില്‍ വേറൊരു രാഗ കീര്‍ത്തന വിസ്താരം ഇവിടെയെത്തി ചെയ്യാമെന്നും അദ്ദേഹം വാഗ്ദ്ധാനം നല്‍കി. പൊതുവേ സംഗീത സഭകളിലും, ഉത്സവ പറമ്പുകളിലും നാം കേട്ടിരുന്ന സംഗീത കച്ചേരി വീടിനകത്തേക്ക് കൊണ്ടു വന്നിരിക്കുകയാണ് വിജയ് നീലകണ്ഠന്‍.

കൂടാതെ നിരവധി വേദ വാക്യങ്ങളും ശ്ലോകങ്ങളും രേവതിയില്‍ മുഴങ്ങുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

അറിയപ്പെടുന്ന പ്രകൃതി -വന്യ ജീവി സംരക്ഷകനും, കലാ-സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനും, പെരുഞ്ചെല്ലൂര്‍ സംഗീതസഭയുടെ സ്ഥാപകനുമായ വിജയ് നീലകണ്ഠനാണ് ഇത്തരമൊരു പരിപാടി ആവിഷ്‌കരിച്ച് ആധുനിക തളിപ്പറമ്പിന്റെ ശില്പിയായ പി. നീലകണ്ഠ അയ്യരുടെ ഗൃഹമായ ‘ നീലകണ്ഠ അബോഡില്‍ സംഘടിപ്പിച്ചത്.

ഒരു രാഗം, ഒരു കീര്‍ത്തനം പല ഭാവങ്ങള്‍ എന്ന അദ്ദേഹം ആവിഷ്‌കരിച്ച ആനന്ദ സമര്‍പ്പണ്‍ ആശയത്തിലുള്ള ആദ്യ പരിപാടിയാണ് ഇന്നലെ അരങ്ങേറിയത്.ഒരു രാഗം ഒരു കീര്‍ത്തനം പല ഭാവം – ആനന്ദ സമര്‍പ്പണ്‍ എന്ന ഈ സംഗീത പരിപാടി പ്രശസ്ത സംഗീതജ്ഞരെ ഉള്‍പ്പെടുത്തി തുടര്‍ന്നും നടത്താനാണ് ആഗ്രഹമെന്നു വിജയ് നീലകണ്ഠന്‍ പറഞ്ഞു.

കെ.പി. ബിജു, ഡോ.അനില്‍കുമാര്‍ എന്നിവര്‍ ഒരു രാഗം ഒരു കീര്‍ത്തനം എന്ന ആശയത്തെക്കുറിച്ചും കച്ചേരിയിലുടനീളം സാമ്പ്രദായികമായ രീതിയില്‍ നിലത്തിരുന്ന് സംഗീതമാസ്വദിച്ചവരെക്കുറിച്ചും സംസാരിച്ചു.

ആതിഥേയ ഭൂവനേശ്വരി അമ്മാള്‍ കലാകാരന്മാരെ പൊന്നാടയണിയിച്ച് ആദരിച്ചു.

120 വര്‍ഷം പഴക്കമുള്ള 1908 ല്‍ നിര്‍മ്മിച്ച നാലുകെട്ടില്‍ നടത്തിയ സംഗീത സദസ്സ് ശ്രോതാക്കള്‍ക്ക് അപൂര്‍വ്വവും അനുപമവുമായ ഒരു അസ്വാദനസുഖമാണ് നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു കച്ചേരി നടക്കുന്നത്.