ചപ്പാരപ്പടവ് മംഗര പാലം ഉടന്‍ യാഥാര്‍ത്ഥ്യമാകും-
തളിപ്പറമ്പ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് മംഗര നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായ മംഗര പാലം ഉടന്‍ പൂര്‍ത്തിയാക്കും.

ചപ്പാരപ്പടവ് പഞ്ചായത്തിലെ മംഗരബദരിയ നഗര്‍ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പാലം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
നേരത്തെ പാലം നിര്‍മ്മിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നെങ്കിലും 2019 ലെ പ്രളയത്തെ തുടര്‍ന്ന് പാലത്തിന്റെ ഉയരം വര്‍ധിപ്പിച്ചു എസ്റ്റിമേറ്റ് പുതുക്കുകയായിരുന്നു.
175 മീറ്റര്‍ നീളത്തിലും 11.05 മീറ്റര്‍ വീതിയിലും ആണ് പുതിയ പാലത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്.
200 മീറ്റര്‍ അപ്രോച്ച് റോഡ് കൂടി ചേര്‍ന്നതാണ് പുതിയ എസ്റ്റിമേറ്റ്. 13.40 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
60 സെന്റ് സ്ഥലം അപ്രോച്ച് റോഡിനായി ഏറ്റെടുക്കണം. കുറുമാത്തൂര്‍ പഞ്ചായത്ത് ഹാളില്‍ തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന് മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന
തളിപ്പറമ്പ് മണ്ഡലത്തിലെ പാലങ്ങളുടെ പ്രവൃത്തി അവലോകന യോഗ തീരുമാനപ്രകാരം മംഗരപാലത്തിന്റെ പ്രവൃത്തി സ്ഥലം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജന പ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു.
തുടര്‍ന്ന് ചപ്പാരപ്പടവ് പഞ്ചായത്ത് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. ലാന്‍ഡ് റെവന്യൂ തഹസില്‍ദാര്‍ റെജി, പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജേഷ് ചന്ദ്രന്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ഏറ്റെടുക്കാനുള്ള സ്ഥലം പൂര്‍ണ്ണമായും ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടും അവരുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചുകൊണ്ടും സമയ ബന്ധിതമായി ഏറ്റെടുക്കാനും പദ്ധതി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
