സുഖമൊരു ബിന്ദു, ദു:ഖമൊരു ബിന്ദു-ഇതു മനുഷ്യനോ-@50.
മലയാളസിനിമയില്‍ 50 വര്‍ഷം മുമ്പ് റിലീസ് ചെയ്ത ഹൊറര്‍ ത്രില്ലറാണ് ഇതു മനുഷ്യനോ-? ടെമ്പിള്‍ ഓഫ് ആര്‍ട്സിന്റെ ബാനറില്‍ തോമസ് ബെര്‍ളി നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച സിനിമയാണ് ഇതു മനുഷ്യനോ. കഥയും സംഭാഷണവും തോമസ് ബെര്‍ളിയുടേത് തന്നെ. 1985 ല്‍ തോമസ് ബെര്‍ളി വെള്ളരിക്കാപട്ടണം എന്ന ഒരു സിനിമകൂടി സംവിധാനം ചെയ്തു. എ.ജെ.എഡ്ഡിയാണ് തിരക്കഥ. ടി.എന്‍.കൃഷ്ണന്കുട്ടിനായര് ക്യാമറയും ആര്.നടരാജന് എഡിറ്റിഗും നിര്‍വ്വഹിച്ചു. സെന്‍ട്രല്‍ പിക്ച്ചേഴ്സാണ് വിതരണക്കാര്‍. നായകനും വില്ലനും കെ.പി.ഉമ്മറാണ്. ഷീല, കെ.പി.എ.സി ലളിത, അടൂര്‍ഭാസി, സുപ്രിയ, സരോജം എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍. ശ്രീകുമാരന്‍തമ്പിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് എം.കെ.അര്ജുനന്.

കഥാ സംഗ്രഹം-
പ്രസിദ്ധ ഡോക്ടറായ രമയുടെ ഏക സഹോദരിയാണു പാട്ടുകാരിയായ ലത. ഒരു വിവാഹചടങ്ങില്‍ വെച്ചാണ് ലത രാജശേഖരനെ പരിചയപ്പെട്ടത്. ചടങ്ങില്‍ രാജശേഖരന് ആലപിച്ച ഗാനം ലതയെ ഏറെ ആകര്‍ഷിച്ചു. നിഷ്കളങ്കയായ ലത രാജശേഖരനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു.
പരേതനായ ഡോക്ടര്‍ ചന്ദ്രന്റെ വിധവയായ ഡോക്ടര്‍ രമ കോടീശ്വരിയാണ്. സ്വഭാവഗുണം കൊണ്ട് നാട്ടാരുടെ കണ്ണിലുണ്ണിയായ അവര്‍ പല ഫാക്ടറികളുടെയും ഉടമയാണ്. ആ സ്ത്രീയുടെ ഒരേ ഒരു ബലഹീനത അവര്‍ ഓമനിച്ചു വളര്‍ത്തിയ അനുജത്തി ലതയാണ്.
ലതയുടെ ക്ഷണമനുസരിച്ച് വീട്ടിലെത്തിയ സുമുഖനും വാചാലനുമായ രാജശേഖരന് കളങ്കമെന്തെന്നറിയാത്ത ആ സഹോദരിമാരുടെ സ്നേഹവും വിശ്വാസവും സമ്പാദിക്കാന്‍ എളുപ്പം കഴിഞ്ഞു. രാജശേഖരന് ലതയുടെ പിയാനോ മാസ്റ്ററായി.
ഡോക്ടര്‍ രമയുടെ വക ഫാക്ടറിയില്‍ എഞ്ചിനു ഗുരുതരമായ ഒരു തകരാറു പറ്റി. എഞ്ചിനീയറായ രാജശേഖരന് രമയുടെ സഹായത്തിനെത്തി. ഭീമമായ നഷ്ടത്തില്‍ നിന്നും അവരെ രക്ഷപ്പെടുത്തി. തുടര്‍ന്നുണ്ടായ യാത്രയില്‍ ദുര്‍ബുദ്ധിയായ രാജശേഖരന് സ്വയം സൃഷ്ടിച്ച ഒരു കാറപകടത്തില്‍ നിന്നും രമയുടെ ജീവന് രക്ഷപ്പെടുത്തി. രമയുടെ മനസ്സില്‍ രാജശേഖരനോട് അതിരറ്റ കൃതജ്ഞതയും അതോടൊന്നിച്ചുള്ള അടുപ്പവും നാമ്പെടുത്തു. ഭര്‍ത്താവിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ ദുഃഖിതയായി കഴിഞ്ഞിരുന്ന രമയെ ആ ഓര്‍മ്മകളില്‍ നിന്നും മാറാന്‍ രാജശേഖരന് ആവര്ത്തിച്ചാവര്ത്തിച്ചുപദേശിച്ചു. ആ ഉപദേശം ആസ്ത്രീയുടെ മനസ്സിനെ അലട്ടി. അന്നു രാത്രി മനസ്സിന്റെ ഉലച്ചിലില് ഉറക്കമില്ലാതെ കണ്ണീര് വാര്‍ത്തു കൊണ്ടിരുന്ന രമയുടെ മുന്പില് അവരെയും അവരുടെ പ്രിയപ്പെട്ട അനുജത്തിയെയും രക്ഷിക്കുവാന്‍ പോരുന്ന കാണപ്പെട്ട ഈശ്വരനായി രാജശേഖരന് പ്രത്യക്ഷപ്പെട്ടു. രമ കീഴടങ്ങി.
ഡോക്ടര്‍ രമയുടെ കുടുംബസുഹൃത്തും ഉപദേഷ്ടാവുമായിരുന്നു.മാനസിക വിദഗ്ധനായ ഡോക്ടര്‍ ശശിധരന്. അദ്ദേഹത്തിന്റെ എതിരഭിപ്രായങ്ങളെ അവഗണിച്ചു രമ രാജശേഖരനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. സംഗീതത്തിന്റെ ലഹരിയില്‍ രാജശേഖരനില്‍ അല്പം കമ്പം തോന്നിയിരുന്ന ലത ചേച്ചിയുടെ തീരുമാനം അറിഞ്ഞതോടെ സ്നേഹപൂര്‍വം പിന്‍വലിഞ്ഞു.
രാജശേഖരനും ഡോക്ടര്‍ രമയും വിവാഹിതരായി. മെഡിക്കല്‍ കോണ്‍ഫറന്‍സിനു ഡെല്‍ഹിയ്ക്കു തനിച്ചു പുറപ്പെടേണ്ടി വന്ന ഡോക്ടര്‍ രമയുടെ സാരി നിറച്ച പെട്ടിയ്ക്കു പകരം രാജശേഖരന് സ്വന്തമായുണ്ടാക്കിയ ബോംബു നിറച്ച പെട്ടിയാണ് തന്ത്രപൂര്‍വം വിമാനത്തില്‍ കയറ്റിയതത്.
ഉല്കണ്ഠയോടെ ആ രാത്രി തള്ളി നീക്കിയ രാജശേഖരനു നേരം പുലര്‍ന്നപ്പോള്‍ കിട്ടിയ പത്രവാര്‍ത്ത ഡെല്‍ഹിയ്ക്കു പോയ വിമാനം തകര്‍ന്നു.ആരും രക്ഷപ്പെട്ടതായി അറിയില്ല. അന്വേഷണം തുടരുന്നു എന്നാണ്. അയാള്‍ക്ക് സമാധാനമായി.
ചേച്ചിയുടെ വിമാനാപകടത്തെ തുടര്‍ന്ന് ദുഃഖിതയായി കഴിയുന്ന ലതയാണ് സ്വത്തിന്റെ അനന്തരാവകാശിയെന്ന് രാജശേഖരന് അറിഞ്ഞു. തുടര്‍ന്ന് ആ ലോല ഹൃദയത്തെ പാട്ടിലാക്കാനും വിവാഹം ചെയ്യാനും ആരും സംശയിക്കാത്ത നിലയില്‍ ക്രൂരമായി കൊല്ലാനും രാജനു അധിക ദിവസങ്ങള്‍ വേണ്ടി വന്നില്ല. രാജശേഖരന് സ്വതന്ത്രനായി എന്നു കരുതി-പക്ഷെ, മരിച്ചു പോയെന്നു കരുതിയ ഡോക്ടര്‍ രമ ഒരു രാത്രി ഭീകരരൂപത്തില്‍ തിരിച്ചു വന്നു. തന്റെ കുടുംബം തകര്‍ത്ത രാജശേഖന്റെ മരണം മാത്രമാണ് തിരിച്ചെത്തിയ രമയുടെ ഏക ലക്ഷ്യം. അത് അവര്‍ സാധിക്കുന്നതോടെ സിനിമ അവസാനിക്കുന്നു.
ഗാനങ്ങള്‍-
1-സുഖമൊരു ബിന്ദു-യേശുദാസ്, ബി.വസന്ത.
2-ഹൃദയവീണതന്‍-യേശുദാസ്.
3-പകല്‍ വിളക്കണയുന്നു-പി.ജയചന്ദ്രന്.
4-പറവകള്‍ ഇണപ്പറവകള്‍-യേശുദാസ്.
