മന്നയിലെ തീപിടുത്തം തീവെപ്പാണെന്ന് സ്ഥാപനഉടമ-രണ്ടുപേര്‍ക്കെതിരെ പോലീസില്‍ പരാതി.

തളിപ്പറമ്പ്: മന്നയില്‍ ഓട്ടോഹബ്ബ് എന്ന സ്ഥാപനത്തിന് തീവെച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പോലീസില്‍ പരാതി.

മന്ന ആലക്കോട് റോഡില്‍ ഓട്ടോഹബ്ബ് എന്ന പേരില്‍ കാര്‍ അക്‌സസറീസ് വില്‍പ്പന നടത്തുന്ന സ്ഥാപനത്തിന്റെ ഉടമ പാപ്പിനിശേരി നരയന്‍കുളത്തെ കെ.പി.ഫൈറൂസാണ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്.

ഫൈറൂസും കെട്ടിട ഉടമയും തമ്മില്‍ തളിപ്പറമ്പ് മുന്‍സീഫ് കോടതിയില്‍ നടന്നുവരുന്ന കേസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം തീവെച്ചതാണെന്നാണ് പരാതി.

തീവെപ്പില്‍ രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഇന്ന് പുലര്‍ച്ചെ 12.15 നാണ് ഓട്ടോഹബ്ബ് എന്ന സ്ഥാപനത്തിന് നേര്‍ക്ക് തീവെപ്പുണ്ടായത്.

തളിപ്പറമ്പ് അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

എന്നാല്‍ ഫൈറൂസ് നല്‍കിയ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന നിലപാടിലാണ് പോലീസ്.