പട്ടാള വേഷത്തില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്- യോഗ ടീച്ചറുടെ പണം നഷ്ടമായി

കണ്ണൂര്‍: പട്ടാളക്കാര്‍ക്ക് യോഗ ക്ലാസെടുക്കാന്‍ വേണ്ടി വിളിച്ച് യോഗ ടീച്ചറുടെ പണം തട്ടിയെടുത്ത വിരുതനെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.

കരിമ്പം ഒറ്റപ്പാലനഗറില്‍ സ്‌നേഹതീരം യോഗ സെന്റര്‍ നടത്തുന്ന സാവിത്രി രാജപ്പനെ 14 ന് രാവിലെ ഫോണില്‍ വിളിച്ച് ഹിന്ദിയില്‍ സംസാരിച്ച വ്യക്തി കണ്ണൂരിലെ മിലിട്ടറി ക്യാമ്പില്‍ 25 പുരുഷന്‍മാര്‍ക്കും 25 സ്ത്രീകള്‍ക്കും യോഗ ക്ലാസെടുക്കാന്‍ പറ്റുമോ എന്നാണ് അന്വേഷിച്ചത്.

തനിക്ക് സാധിക്കില്ലെന്നും കണ്ണൂരിലെ തന്റെ സുഹൃത്ത് തയ്യാറാണോ എന്ന് അന്വേഷിച്ച് വിളിക്കാമെന്നും ഇവര്‍ പറഞ്ഞു.

കണ്ണൂരിലെ യോഗ ടീച്ചര്‍ സമ്മതം അറിയിച്ചത് പ്രകാരം അവരുടെ ഫോണ്‍ നമ്പര്‍ നേരത്തെ വിളിച്ച ഹിന്ദിക്കാരന് കൈമാറി.

അയാള്‍ ഫോണില്‍ വിളിച്ച് ഓണ്‍ലൈനായി ഇന്റര്‍വ്യു നടത്തി ഇവരെ തെരഞ്ഞെടുത്തതായി അറിയിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കുന്ന ഒരു പട്ടാളക്കാരന്റെ ഡി.പിയാണ് വാട്‌സ്ആപ്പില്‍ നല്‍കിയിരുന്നത്.

പട്ടാള വേഷത്തില്‍ ഓണ്‍ലൈനായി വന്നായിരുന്നു
ഇന്റര്‍വ്യു നടത്തിയത്.

വൈകുന്നേരം ആറോടെ വീണ്ടും വിളിച്ച ഹിന്ദിക്കാരന്‍ നിങ്ങളെ യോഗ ടീച്ചറായി തെരഞ്ഞെടുത്തത് പ്രകാരം ശമ്പളത്തിന്റെ ഒരു ഭാഗം അഡ്വാന്‍സായി നല്‍കാന്‍ ഉദ്ദേശിക്കുന്നുവെന്നും ഇതിനായി അക്കൗണ്ട് നമ്പര്‍ വേണമെന്നും ആവശ്യപ്പെട്ടു.

നമ്പര്‍ അയച്ചുകൊടുത്തതോടെ അക്കൗണ്ടില്‍ പണം പിന്‍വലിച്ചതായ മെസേജാണ് ലഭിച്ചത്.

ഉടന്‍ തന്നെ അക്കൗണ്ടിലെ ബാക്കി പണം വേറൊരു അക്കൗണ്ടിലേക്ക് ഗൂഗിള്‍പേ വഴി  മാറ്റിയത് കാരണം 5000 രൂപ മാത്രമേ നഷ്ടപ്പെട്ടുള്ളൂ.