ആയുര്‍വേദ കോളജില്‍ ലേഡീസ് ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനം തിങ്കളാഴ്ച്ച.

പരിയാരം: കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളജില്‍ ലേഡീസ് ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയായി.

നേരത്തെ താഴത്തെ നില പൂര്‍ത്തിയായ ഹോസ്റ്റലിന്റെ രണ്ടും മൂന്നും നിലകളാണ് ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയായത്.

ഇതിനു പുറമെ കോളജിന് മുന്നില്‍ പുതുതായി ഓപ്പണ്‍ എയര്‍ സ്റ്റേജും ഉദ്ഘാടന സജ്ജമായി.

38 മുറികളുള്ള പുതിയ കെട്ടിടത്തില്‍ നൂറിലധികം വിദ്യാര്‍ഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ടാവും.

1992 ല്‍ ആരംഭിച്ച കോളജില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലായി നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇവര്‍ക്ക് താമസിക്കാനുള സൗകര്യം നിലവില്‍ പരിമിതമാണ്.

ഇത് വിദ്യാര്‍ഥികളുടെ പഠനത്തെ ദോഷകരമായി ബാധിക്കുന്നതായി ആക്ഷേപമുണ്ട്. വര്‍ഷങ്ങളായുള്ള ഹോസ്റ്റല്‍ വേണമെന്ന ആവശ്യമാണ് യാഥാര്‍ഥ്യമാവുന്നത്.

ഹോസ്റ്റലിന്റെയും ഓപ്പണ്‍ എയര്‍ സ്റ്റേജിന്റെയും ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ എട്ടിന് ആരോഗ്യ-വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും.

നാലു കോടി രൂപ ചെലവിട്ടാണ് ലേഡീസ് ഹോസ്റ്റലിന്റെ പുതിയ നിലകള്‍ പണി പൂര്‍ത്തിയാക്കിയത്.

ഏറെക്കാലങ്ങളായി വിദ്യാര്‍ഥിനികള്‍ അനുഭവിച്ചിരുന്ന സ്ഥലപരിമിതിക്ക് ഇതോടെ പരിഹാരമാവുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

പത്തുലക്ഷം രൂപ ചെലവിലാണ് ഓപ്പണ്‍ എയര്‍ സ്റ്റേജിന്റെ പണി പൂര്‍ത്തിയായത്.

കണ്ണൂരിന്റെ തനിമ എടുത്തു കാണിക്കുന്നതാണ് പുതിയ സ്റ്റേജ്.

ഉദ്ഘാടന ചടങ്ങില്‍ എം.വിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. മുഖ്യാതിഥിയാവും.

ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.