കല്ലിങ്കീലിന്റെ പ്രതിരോധമഴയില്‍ തട്ടി പ്രതിപക്ഷത്തിന്റെ ആരോപണം നനഞ്ഞപടക്കമായി മാറി.

തളിപ്പറമ്പ്: പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ മുനകളൊടിച്ച് ഭരണപക്ഷം മുന്നേറി.

ഇന്ന് നടന്ന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കഴിഞ്ഞ കുറേ മാസങ്ങളായി പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ അഴിമതിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ ചീറ്റിപ്പോയി.

നഗരസഭ ക്ലര്‍ക്ക് വി.വി.ഷാജിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് സി.പി.എം കൗണ്‍സിലര്‍ സി.വി.ഗിരീശന്‍ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ ചുവടുപിടിച്ച് കക്ഷിനേതാവ് ഒ.സുഭാഗ്യം, കെ.എം.ലത്തീഫ് എന്നിവര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങള്‍ മിക്കതും ഭരണപക്ഷത്തിന്റെ ഒറ്റക്കെട്ടായ ഇടപെടലില്‍ തകര്‍ന്നടിഞ്ഞു.

വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉരുളക്ക് ഉപ്പേരിപോലെ പ്രതിപക്ഷത്തെ പ്രതിരോധിച്ചപ്പോള്‍ മാസങ്ങളായി പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങള്‍ നനഞ്ഞ പടക്കമായി മാറി.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥനെ ഒരിക്കല്‍ കൂടി കേട്ടശേഷം ഓണം കഴിഞ്ഞ് നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും, കുറ്റക്കാരെ ആരെയും സംരക്ഷിക്കേണ്ട ബാധ്യതയില്ലെങ്കിലും നടപടി നീതിപൂര്‍വ്വംനടപ്പാക്കണമെന്ന് നിര്‍ബന്ധമുണ്ടെന്നും  കല്ലിങ്കീല്‍ വ്യക്തമാക്കി.

മൂന്ന് മാസം മുമ്പ് ആക്രി സാധനങ്ങള്‍ വില്‍പ്പന നടത്തുന്നതില്‍ ഉണ്ടായ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച സ്റ്റിയറിംഗ് കമ്മറ്റിയുടെ നിര്‍ദ്ദേശം നഗരസഭ അംഗീകരിക്കുന്നില്ലെന്നും, ഇക്കാര്യത്തില്‍ പലര്‍ക്കും പങ്കുണ്ടെന്ന് സംശയിക്കേണ്ട സ്ഥിതിയാണെന്നും ഗിരീശന്‍ പറഞ്ഞു.

സത്യംപുറത്തു വരാന്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന വാദത്തില്‍ അദ്ദേഹം ഉറച്ചുനിന്നു.

സി.പി.എം കൗണ്‍സിലര്‍മാരായ ഒ.സുഭാഗ്യം, കെ.എം.ലത്തീഫ്, ഇ.കുഞ്ഞിരാമന്‍, പി.ഗോപിനാഥന്‍, എം.പി.സജീറ, ബി.ജെ.പി കൗണ്‍സിലര്‍മാരായ പി.വി.സുരേഷ്, കെ.വല്‍സരാജന്‍ എന്നിവരും ഭരണപക്ഷത്തുനിന്ന് പിസി.നസീര്‍, കെ.അബ്ദുള്‍സലീം, പി.പി.മുഹമ്മദ്‌നിസാര്‍,  എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ദേശീയപാതയിലെ മൂന്നുനിലകെട്ടിടം അപകടാവസ്ഥയിലായതിനാല്‍ ഇത് പൊളിച്ചുനീക്കാന്‍ നഗരസഭ നോട്ടീസ് നല്‍കിയ സാഹചര്യത്തില്‍ കെട്ടിടത്തിന്റെ ഉറപ്പിനെ സംബന്ധിച്ച് വിദഗ്ദ്ധാഭിപ്രായം തേടിയിട്ടുണ്ടെന്നും അതിനുശേഷം മാത്രമേ പൊളിച്ചുമാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും നഗരസഭാ എഞ്ചിനീയര്‍ എസ്.സീന കൗണ്‍സിലിനെ അറിയിച്ചു.

കെട്ടിടമുടമ അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുമാറ്റാന്‍ തയ്യാറാവുന്നപക്ഷം അത് സംബന്ധിച്ച നടപടിക്രമങ്ങള്‍ സങ്കീര്‍ണമാണെന്നും അതൊക്കെ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ നടപടികളിലേക്ക് കടക്കാന്‍ സാധിക്കൂവെന്നും സെക്രട്ടെറി കെ.പി.സുബൈറും കൗണ്‍സിലിനെ അറിയിച്ചു.