വ്യാജകൊതുകുതിരി നിര്‍മ്മാണം-ഒരുലക്ഷം രൂപയുടെ കൊതുകുതിരി പിടികൂടി

പയ്യന്നൂര്‍: വ്യാജ കൊതുകുതിരി നിര്‍മ്മാണവും വില്‍പ്പനയും പയ്യന്നൂരിലെ വ്യാപാരിയുടെ പേരില്‍ പോലീസ് കേസെടുത്തു.

കടയിലും ഗോഡൗണിലും സൂക്ഷിച്ചു വെച്ച നിലയില്‍ ഒരു ലക്ഷം രൂപ വില വരുന്ന വ്യാജ കൊതുകുതിരികളാണ് പോലീസ് നടത്തിയ റെയ്ഡില്‍ പിടികൂടിയത്.

പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറില്‍ പ്രവര്‍ത്തിക്കുന്ന കെ.എ.സ്‌റ്റോറിലാണ് റെയ്ഡ് നടത്തി വ്യാജകൊതുകു തിരികള്‍ കണ്ടെത്തിയത്.

സി ഐ മഹേഷ് കെ.നായര്‍, എസ്.ഐമാരായ കെ.പി.അനില്‍ ബാബു, മുരളി, എ.എസ്.ഐ എം ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ബാംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഷി കാസ് സ്ലീപ്പ് വെല്‍ കമ്പനിയുടെ ഉല്‍പ്പന്നമായ കൊതുകുതിരി വ്യാജമായി നിര്‍മ്മിച്ച് കമ്പനിയുടേത് എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ കവറിന് മുകളില്‍ കമ്പനിയുടെ പേരും ട്രേഡ്മാര്‍ക്കും വെച്ചായിരുന്നു വ്യാജ വില്‍പ്പന.

ഇതു സംബന്ധിച്ച് കമ്പനി നിയോഗിച്ച ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥനായ എം.നാഗേശ്വര്‍ റാവു ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു പോലീസ് പരിശോധന.

കടയിലും തൊട്ടടുത്ത ഗോഡൗണിലുമായി പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി സൂക്ഷിച്ചു വെച്ച നിലയിലാണ് കൊതുകുതിരികള്‍ ഉണ്ടായിരുന്നത്.

ഒരു പാക്കറ്റിന് 180 രൂപ വില വരുന്ന അഞ്ഞൂറോളം പാക്കറ്റ് കൊതുകുതിരികളാണുണ്ടായിരുന്നത് ഇതിന് ഒരു ലക്ഷം രൂപ യോളം വില നില്‍ക്കുമത്രെ.

കവറിനകത്ത് ഒരു ഡസന്‍ വീതമുള്ള പത്ത് പാക്കറ്റുകളായാണ് കൊതുകുതിരികള്‍ കണ്ടെത്തിയത്.

കമ്പനി ഒറിജിനല്‍ കൊതുകു തിരി ഒരുകവറിന് 240 രൂപയാണ് വില്‍പ്പനവില. എന്നാല്‍ വ്യാജന്റെ വില 40 രൂപ കുറവില്‍ 180 രൂപ മാത്രമാണ്.

ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന അഷികാസ് സ്ലീപ്പ് വെല്‍ കമ്പനിയുടെ ഈ കൊതുകുതിരിക്ക് മാര്‍ക്കറ്റില്‍ വന്‍ ഡിമാന്റാണത്രേ.

അടുത്ത കാലത്തായി ഈ കൊതുകുതിരിയുടെ വില്‍പ്പനയില്‍ ഗണ്യമായ കുറവ് വന്നതിനെ തുടര്‍ന്ന് കമ്പനി ഇന്‍വസ്റ്റിഗേഷന്‍ ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തിയപ്പോഴാണ് കമ്പനിയുടെ ഉല്‍പ്പന്നം വ്യാജമായി നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നതായി കണ്ടെത്തിയത്.

തുടര്‍ന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന അന്വേഷണത്തിനിടയിലാണ് പയ്യന്നൂരില്‍ പ്രവര്‍ത്തിക്കുന്ന കടയിലും കമ്പനിയുടെ വ്യാജ ഉല്‍പ്പന്നമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയും പരിശോധന നടത്തുകയും ചെയ്തത്.