സി.പി.എമ്മും സി.പി.ഐയും ഈ ഉമികുത്തല്‍ പരിപാടി നിര്‍ത്തണം-ലക്ഷ്യം-മൂന്നാംവട്ടം പിണറായി മാത്രമായിരിക്കട്ടെ.

തളിപ്പറമ്പില്‍ 2026 പിറന്നത് തന്നെ പ്രധാന ഭരണകക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള കൊമ്പുകോര്‍ക്കലിലാണ്. മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്‍ എന്ന പ്രദേശത്തെ താമസക്കാരുടെ കക്ഷി-രാഷ്ട്രീയഭേദമില്ലാത്ത കൂട്ടായ്മ സംഘടിപ്പിച്ച പുതുവല്‍സരാഘോഷം തടസപ്പെടുത്തിയ പോലീസ് നടപടിയില്‍ ആരംഭിച്ച പ്രശ്‌നങ്ങള്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിലേക്കും തങ്ങളുടെ ഭാഗങ്ങള്‍ ന്യായീകരിച്ചുകൊണ്ടുള്ള പ്രസ്താവനകളിലേക്കും ഒക്കെ കയറിയിറങ്ങി നീങ്ങി വീങ്ങിക്കൊണ്ടിരിക്കയാണ്. ഇതേക്കുറിച്ച് മുഖംനോക്കാതെ ചിലത് പറയാനുണ്ട്.

ലോകത്തിലെല്ലായിടത്തും പുതുവര്‍ഷപിറവി ജനങ്ങളുടെ വലിയൊരു ഒത്തുചേരലും ആഘോഷങ്ങളുമാണ്. ഒരുവിധത്തിലുള്ള വിഭാഗീയ ചിന്തകളുമില്ലാതെ ജനം ആഹ്‌ളാദിക്കുന്നു.

വര്‍ഷത്തില്‍ ഒരു ദിവസം മാത്രമാണ് ജനം ഇത്തരത്തില്‍ ഒത്തുചേര്‍ന്ന് പരസ്പരം സന്തോഷിക്കുന്നത്.

രാത്രി ജീവിതം അഥവാ നൈറ്റ്‌ലൈഫ് എന്നത് മിക്ക രാജ്യങ്ങളിലും സംസ്‌ക്കാരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.

മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങളും ഒത്തുചേര്‍ന്നത് പുതുവര്‍ഷം ആഘോഷിക്കാനാണ്.

കേരളത്തില്‍ പലഭാഗത്തും ആഘോഷങ്ങള്‍ പുലരുവേളം നീണ്ടുനിന്നിരുന്നു.

അതിനിടയില്‍ മൈക്ക് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയില്ലെന്നതിന്റെ പേരില്‍ പോലീസ് ഇടപെടല്‍ നടത്തിയതാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്.

ആഘോഷങ്ങളില്‍ എന്തെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ പോലീസിന് ഇടപെടാനുള്ള ഉത്തരവാദിത്വമുണ്ട്.

ഉല്‍സവങ്ങളായാലും പുതുവല്‍സര ആഘോഷമായാലും 10 മണിക്ക് നിര്‍ത്തണം, അല്ലെങ്കില്‍ 12 ന് നിര്‍ത്തണം എന്ന് പറയുന്നത് ശരിയല്ല.

കാലം പഴയതല്ല, ഇത് പുതിയകാലമാണ്.

ഗവണ്‍മെന്റായാലും പോലീസായാലും അത് ഉള്‍ക്കൊള്ളണം.

അത് അവിടെ നില്‍ക്കട്ടെ, കേസെടുപ്പിന്റെ കഥകളും രീതികളുമൊക്കെ എത്രമാത്രം മോശമാണെന്നത് പ്രത്യേകിച്ച് പറയേണ്ടതില്ല.

നേരത്തെ മുഖംനോക്കാതെ ഇതേപ്പറ്റി പറഞ്ഞിരുന്നതിനാല്‍ ആവര്‍ത്തിക്കുന്നില്ല.

പോലീസ് സ്‌റ്റേഷനിലേക്ക് മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്‍ നടത്തിയ പ്രതിഷേധമാര്‍ച്ച് അവരുടെ സ്വാഭാവിക പ്രതികരണത്തിന്റെ ഭാഗമാണ് എന്ന് ന്യായീകരിക്കാം.

എന്നാല്‍ തുടര്‍ന്ന് നടന്ന പ്രസ്താവനയും എതിര്‍പ്രസ്താവനയും ഒഴിവാക്കേണ്ടതായിരുന്നു.

ഭരണകക്ഷികളായ സി.പി.എമ്മിനും സി.പി.ഐക്കും മറ്റെന്തെല്ലാം കാര്യങ്ങളില്‍ ഇടപെടാനുണ്ട്.

അതൊന്നും ചെയ്യാതെ നാട്ടിലെ ഏറ്റവും വലിയ പ്രശ്‌നം ഇതാണെന്ന മട്ടില്‍ ഉമികുത്തല്‍ നടത്തുന്നത് അങ്ങേയറ്റം ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്.

മാന്തംകുണ്ട് റസിഡന്‍സ് അസോസിയേഷന്‍ ഒരു പുതുവല്‍സരം ആഘോഷിച്ചാല്‍ തകര്‍ന്നുപോകുന്നതാണോ ഇവിടത്തെ സി.പി.എം എന്ന പാര്‍ട്ടിയും നാട്ടിലെ ക്രമസമാധാനവും?

കഴിഞ്ഞ നാല് വര്‍ഷത്തോളമായി കോമത്ത് മുരളീധരന്‍ സി.പി.എം വിട്ട് സി.പി.ഐയില്‍ പ്രവര്‍ത്തിച്ചുവരികയാണ്.

അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സി.പി.എമ്മിന് എന്ത് കുഴപ്പമാണ് സംഭവിച്ചത്?

തദ്ദേശഭരണ തെരഞ്ഞെടുപ്പിന് ശേഷം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞതുപോലെ അടിത്തറ ഇപ്പോഴും ഭദ്രം തന്നെയല്ലേ?

പിന്നെ എന്താണ് പ്രശ്‌നങ്ങള്‍-മാസങ്ങള്‍ക്കകം സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്.

അതിനിടയില്‍ ഇത്തരം നിസാരമായ പ്രശ്‌നങ്ങള്‍ഊതിവീര്‍പ്പിക്കേണ്ടവരല്ല.

ഇടതുപക്ഷത്തെ രണ്ട് പ്രബലരായ പാര്‍ട്ടികള്‍ ഒരു കാര്യവുമില്ലാത്ത പ്രശ്‌നങ്ങള്‍ക്ക് വേണ്ടി സമയം കളയരുത്.

കോമത്ത് മുരളീധരനെ അദ്ദേഹത്തിന്റെ വഴിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ-

അടിത്തറഭദ്രമല്ലേ-പിന്നെയെന്തിനാണ്
ആശങ്ക.

മൂന്നാംവട്ടവുംം പിണറായി എന്നതില്‍ മാത്രം ശ്രദ്ധകൊടുക്കുക–മറ്റെല്ലാം ചുമ്മ.