റവന്യൂ ദൈവങ്ങള്‍ കണ്ണ്തുറക്കുന്നത് കാത്ത് ഭാര്‍ഗവി രോഗക്കിടക്കയില്‍

തളിപ്പറമ്പ്: ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ കഴിഞ്ഞ ഏഴ് മാസങ്ങളായി രോഗിയായ ഒരു വയോധിക റവന്യൂ ദൈവങ്ങള്‍ കണ്ണ്തുറക്കുന്നത് കാത്ത് കിടക്കുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തളിപ്പറമ്പ് താലൂക്കിലെ കൂവേരി വില്ലേജിലെ ബാലന്‍-ഭാര്‍ഗവി ദമ്പതികള്‍ക്ക് പെരിങ്ങോം വില്ലേജില്‍ മിച്ചഭൂമിയായി 20 സെന്റ് ഭൂമി പതിച്ചുകിട്ടിയിരുന്നു.

ബാലന്‍ മരണപ്പെട്ടശേഷം അസുഖബാധിതയായ ഭാര്യ ഭാര്‍ഗവിയ്ക്ക് അസുഖം പിടിപ്പെട്ടു.

നിരവധി ചികില്‍സകള്‍ നടത്തിയിട്ടും രോഗം ഭേദമായില്ല.

ഒടുവില്‍ ചികിത്സയ്ക്ക് പണം വായ്പയെടുക്കാന്‍ ഭൂമി പണയംവെക്കാനായി ശ്രമിച്ചപ്പോള്‍ മിച്ചഭൂമി പതിച്ചുനല്‍കിയ ഉടമ്പടി പത്രം(ഡീഡ്)കാണാനില്ല.

ഡീഡിന്റെ ഒരു കോപ്പിക്കായി 2025 ജൂലൈ മാസം കണ്ണൂര്‍ കലക്ട്രേറ്റില്‍ ബി-8 വിഭാഗത്തില്‍ അപേക്ഷ നല്‍കി.

.ഫയലില്‍ ഡീഡിന്റെ ഓഫീസ് കോപ്പി ഉണ്ടായിരുന്നു. ഭാര്‍ഗവിയുടെ അപേക്ഷ ബി-8 സീറ്റില്‍ നിന്നും പയ്യന്നൂര്‍ താലൂക്ക് ഓഫീസ്, പെരിങ്ങോം വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലേക്കും തിരിച്ച് പയ്യന്നൂര്‍ താലൂക്ക് ഓഫീസ് അവിടെ നിന്ന് തളിപ്പറമ്പ് താലൂക്ക് ഓഫീസ്, കൂവേരി വില്ലേജ് ഓഫീസ് തിരിച്ച് തളിപ്പറമ്പ് താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലേക്കൈാക്കെ സഞ്ചരിച്ചു.

എന്നാല്‍ ഭാര്‍ഗവിക്ക് 7 മാസങ്ങള്‍ക്ക് ശേഷവും ഡീഡിന്റെ പകര്‍പ്പ് കിട്ടിയിട്ടില്ല.

പകര്‍പ്പ് കൊടുക്കാത്തതിന് വ്യക്തമായ ഒരു കാരണവും ബന്ധപ്പെട്ടവര്‍ക്ക് പറയാനില്ല.

ഇതിനിടയില്‍ രോഗം മൂര്‍ച്ഛിച്ച ഭാര്‍ഗവി തലച്ചോറില്‍ ശസ്ത്രക്രിയ കഴിഞ്ഞ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കഴിയുകയാണ്.

ഒരു ഫയല്‍ ഒരു ലൈഫാണെന്നും ഒരു ഫയല്‍ ഒരു നിശ്ചിത ദിവസത്തില്‍ കൂടുതല്‍ ഒരു സീറ്റില്‍ വച്ച് കൊണ്ടിരിക്കരുത് എന്നും കേരള മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറയുന്നു.

പക്ഷെ, അതൊന്നും റവന്യൂദൈവങ്ങളുടെ കാതുകളിലും മനസുകളിലും പതിയുന്നില്ല.

പാവപ്പെട്ട കര്‍ഷക തൊഴിലാളി സ്ത്രീ ഭാര്‍ഗവി ദുരിതം അനുഭവിച്ച് തീര്‍ക്കുന്നു.