തമിഴ്‌നാട്ടില്‍ നിന്നും അനുഗ്രഹം തേടി തളിപ്പറമ്പിലേക്ക് എം.എല്‍.എമാരുടെ ഒഴുക്ക് തുടങ്ങി.

തളിപ്പറമ്പ്: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള എം.എല്‍.എമാര്‍ രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിത്തുടങ്ങി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏഴ് എ.ഐ.എ.ഡി.എം.കെ. എം.എല്‍എമാരാണ് ദര്‍ശനത്തിന് എത്തിയത്.
ഇന്നലെ കോവില്‍പട്ടി എം.എല്‍.എ കടമ്പൂര്‍ രാജുവാണ് ദര്‍ശനത്തിന് എത്തിയത്.
2016 മുതല്‍ കോവില്‍പട്ടിയില്‍ എംഎല്‍.എയും മന്ത്രിയുമായിരുന്ന ഇദ്ദേഹം ഇന്നലെ മാടായിക്കാവിലും ദര്‍ശനം നടത്തിയിരുന്നു.
വീണ്ടും കോവില്‍പട്ടിയില്‍ മല്‍സരിക്കുന്നതിന്റെ മുന്നോടിയായി നോമിനേഷന്‍ സമര്‍പ്പിക്കുന്നതിന് രാജരാജേശ്വരന്റെ അനുഗ്രഹം തേടിയാണ് എത്തിയതെന്ന് കടമ്പൂര്‍രാജു  പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലും എം.എല്‍.എമാര്‍ രാജരാജേശ്വരക്ഷേത്രത്തില്‍ എത്തിയിരുന്നു.
നിരവധിതവണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പൊന്നിന്‍കുടം വഴിപാട് സമര്‍പ്പിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
താന്‍ ആരെന്ന് വ്യക്തമാക്കാതെയാണ് എത്തിയതെങ്കിലും ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന തളിപ്പറമ്പില്‍ താമസിക്കുന്ന ഒരു കോവില്‍പട്ടി സ്വദേശിയാണ് എം.എല്‍.എയെ തിരിച്ചറിഞ്ഞത്.
അടുത്ത ദിവസങ്ങളിലായി രാജരാജേശ്വരന്റെ അനുഗ്രഹം തേടി കൂടുതല്‍ പേര്‍ തളിപ്പറമ്പില്‍ എത്തുമെന്ന് കടമ്പൂര്‍ രാജു പറഞ്ഞു.