ക്രൂരന്‍മാര്‍ക്കുള്ള ദേശീയ അവാര്‍ഡ് ഈ ഷെല്‍ട്ടര്‍ പൊളിച്ചവര്‍ക്ക് നല്‍കണേ!

തളിപ്പറമ്പ്: സ്ത്രീകളേയും കുട്ടികളേയും പൊരിവെയിലത്ത് നിര്‍ത്തി അവര്‍ അനുഭവിക്കുന്ന ദുരിതത്തില്‍ സന്തോഷം കണ്ടെത്തുന്നക്രൂരന്‍മാരായ   സാഡിസ്റ്റുകള്‍ക്കുള്ള ദേശീയ അവാര്‍ഡിന് യോഗ്യരാണ് ചിറവക്കിലെ ഈ ബസ് ഷെല്‍ട്ടര്‍ പൊളിച്ചുനീക്കിയവര്‍.

ഏപ്രില്‍ ഒന്നിനാണ് തളിപ്പറമ്പ് ചിറവക്കില്‍ നിര്‍മ്മിച്ച, ഉദ്ഘാടനം ചെയ്ത് എട്ട് മാസം മാത്രം പഴക്കമുള്ള വെയിറ്റിംഗ് ഷെല്‍ട്ടര്‍ പൊളിച്ചുനീക്കിയത്.

വര്‍ഷങ്ങളോളം തങ്ങളുടെ പരസ്യവുമായി ബസ് ഷെല്‍ട്ടര്‍ നിലനില്‍ക്കുമെന്നുകരുതി രണ്ടരലക്ഷം ചെലവഴിച്ച നേത്രജ്യോതി കണ്ണാശുപത്രിക്ക് കേവലം 8 മാസം മാത്രമേ ഇവിടെ തങ്ങളുടെ പരസ്യം സ്ഥാപിക്കാന്‍ കഴിഞ്ഞുള്ളൂ.

കനത്ത ചൂടില്‍ ഷെല്‍ട്ടറിനകത്ത് പോലും നില്‍ക്കാന്‍ സാധിക്കാത്ത വിധത്തില്‍ ചൂടുകൊണ്ട് ജനം വെന്തുനീറുമ്പോഴാണ് ക്രൂരന്‍മാര്‍ ഇത് പൊളിച്ചത്.

പൊളിച്ചുനീക്കിയിട്ട് ഇന്നേക്ക് രണ്ടാഴ്ച്ച പിന്നിട്ടിരിക്കുന്നു, എന്നാല്‍ ഇവിടെ ഒരു താല്‍ക്കാലിക സംവിധാനം പോലും ഏര്‍പ്പെടുത്താന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഫലമോ, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കടുത്ത ദുരിതം അനുഭവിക്കുന്നു.

നഗരസഭ ചെയര്‍പേഴ്‌സനോട് ഇതേപ്പറ്റി അന്വേഷിച്ചപ്പോള്‍ ഞാന്‍ ഒന്നും അറിഞ്ഞില്ലെന്നാണ് മറുപടി, അന്വേഷിച്ചുനോക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

പക്ഷെ, രണ്ടാഴ്ച്ച കഴിഞ്ഞിട്ടും ജനത്തിന്റെ ദുരിതം തുടരുന്നു.

നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ഇവിടെ എം.എല്‍.എ പുതിയ ഷെല്‍ട്ടര്‍ പണിയുമെന്നാണ് വിവരം.

അത് പണിയുന്നതുവരെ ഇവിടെ താല്‍ക്കാലികമായ ഒരു സംവിധാനം ഏര്‍പ്പെടുത്തേണ്ടതില്ലേ?

അതേക്കുറിച്ചെല്ലാം ബന്ധപ്പെട്ടവര്‍ക്ക് മൗനം മാത്രമാണ് മറുപടി.

വികസനവാദികളുടെ പേനയുന്തി നടക്കുന്നവരാരും ജനങ്ങളുടെ ഈ ദുരിതം കാണുന്നില്ലെന്നതാണ് വാസ്തവം.

ഇതേക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന് ഉള്‍പ്പെടെ പരാതി നല്‍കിയിരിക്കയാണ് നാട്ടുകാര്‍.