തളിപ്പറമ്പ്: കരിമ്പം ജില്ലാ കൃഷിതോട്ടത്തില് മാങ്ങവാങ്ങാന് വന് ജനത്തിരക്ക്.
ഒരു വിധത്തിലുള്ള കീടനാശിനികളും ഉപയോഗിക്കാതെ അന്നന്ന് പറിക്കുന്ന മാങ്ങകള് അന്നുതന്നെ വില്പ്പന നടത്തുന്ന ഇവിടെ രാവിലെ വില്പ്പന കൗണ്ടര് തുറക്കുന്നതിന് മുമ്പായി തന്നെ ആളുകള് ക്യൂവിലാണ്.
ബ്രിട്ടീഷുകാര് നട്ടുവളര്ത്തിയ അറുപത് ഇനം ഒട്ടുമാവുകളില് നിന്നുള്ള മാങ്ങകളാണ് വില്പ്പനക്കുള്ളത്.
വ്യത്യസ്തമായ ഇനങ്ങളില് പെടുന്ന മാങ്ങകളാണ് ഓരോ ദിവസവും പറിച്ചെടുക്കുന്നത്.
പ്രതിദിനം 200 മുതല് 300 കിലോ വരെ മാങ്ങകള് വില്പ്പന നടത്തുന്നുണ്ട്.
ഒരു കിലോവിന് 50 രൂപയാണ് വില.
അപൂര്വ്വ ഇനത്തില് പെടുന്ന ചന്ദ്രക്കാരന് എന്ന മാങ്ങക്കാണ് വന് ഡിമാന്റ്.
കരിമ്പംഫാമില് മാത്രമുള്ള ഈ മാങ്ങ പഴുത്തുവീഴുന്നത് പെറുക്കിയെടുക്കുകയാണ് ചെയ്യുന്നത്.
പ്രതിദിനം അന്പത് കിലോഗ്രാം വരെ ചന്ദ്രക്കാരന് നേരത്തെ ബുക്ക് ചെയ്യപ്പെടുന്നുണ്ട്.
ചെറിയ ഇനത്തില് പെടുന്ന ഈ മാങ്ങയുടെ രൂചിയും മണവും ഏറെ വിശേഷപ്പെട്ടതാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളില് നിന്ന് ഈ മാങ്ങ വാങ്ങാന് മാത്രമായി ആളുകള് എത്തുന്നുണ്ട്.
ഉച്ചക്ക് 12 മണിവരെയാണ് വില്പ്പന നടക്കുന്നതെങ്കിലും മാക്കവാറും ദിവസങ്ങളില് അതിന് മുമ്പായി തന്നെ പറിച്ചെടുക്കുന്ന മാങ്ങകള് വിറ്റുതീരുന്നുണ്ട്.